Sorry, you need to enable JavaScript to visit this website.

അരിയെത്ര, പയറഞ്ഞാഴി

'ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം' എന്നാണ് പഴമൊഴി. നമ്മുടെ നിയമസഭയിലെ കോലാഹലങ്ങൾ കണ്ടാൽ ഒന്ന് വ്യക്തമാകും. ഇരുകൂട്ടരും പരസ്പരം 'അച്ചി'വേഷം കെട്ടി ആടുക തന്നെയാണ്. ഇതിനിടയിലാണ് മാനേജ്‌മെന്റ് ക്വാട്ട' എന്ന നിത്യഹരിതവും സുന്ദരവുമായ പദം വന്നു വീണത്. അത് ആർക്കു സ്വന്തം എന്ന മട്ടിൽ ഉശിരോടെ തർക്കം മൂക്കുന്നുണ്ട്. 
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇന്നു വിടാതെ കൂടിയിരിക്കുന്ന ടി ക്വാട്ട എത്ര ജീവൻ രക്ഷിച്ചു, എത്ര പേരെ വഴിയാധാരമാക്കി എന്നൊന്നും അന്വേഷിച്ചിട്ടു കാര്യമില്ല. 'പണത്തിനു മീതെ പരുന്തും പറക്കില്ല' എന്ന ചൊല്ല് മേൽപടി സംഗതി മുൻകൂട്ടി കണ്ട വിദ്വാന്മാർ ആരോ കണ്ടുപിടിച്ചതാകണം. ഇവിടെ നിയമസഭയിലെ പോരിൽ 'ക്വാട്ടയുടെ പിന്നാമ്പുറ കഥകളാണ് വസ്ത്രാക്ഷേപം ചെയ്യപ്പെടുന്നതെന്നു മാത്രം. സതീശനാശാൻ എത്ര സമരം ചെയ്തു, എന്തു ത്യാഗമനുഷ്ഠിച്ചു സ്വാതന്ത്ര്യ സമരക്കാലത്ത് ജയിലിൽ കിടന്നിട്ടുണ്ടോ, വിമോചന സമരക്കാലത്ത് തല്ലുകൊണ്ടിട്ടുണ്ടോ എന്നു തുടങ്ങി ഒന്നര ഡസൻ ചോദ്യങ്ങൾ കാപ്‌സ്യൂൾ പരുവത്തിൽ ഇറക്കിവിട്ട് ഒന്നു തല ചായ്ച്ചതാണ് മരുമകൻ മന്ത്രി. ആൾക്കൂട്ടത്തിൽ നിന്നു ചാനലിലേക്ക് കയറിവന്ന് മാങ്കൂട്ടത്തിൽ രാഹുലായിത്തീർന്ന ഒരു വക്താവ് ഒറ്റയടിക്കു മറുപടി നൽകി- അക്കാലത്ത് സതീശനാശാൻ ജനിച്ചിട്ടില്ലായിരുന്നു! പ്രേക്ഷകരെ അമ്പരപ്പിക്കുന്ന വസ്തുത മറ്റൊന്നത്രേ- പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാൻ വേണ്ടി ദില്ലിയിൽ നിന്നു മല്ലികാ ബാണൻ ഇന്ദിരാഭവനിലെത്തി 21 എമ്മെല്ലേമാരെ കണ്ടു. അതിൽനിന്നും നുള്ളിപ്പെറുക്കി നാലു വോട്ടു മാത്രമാണ് സതീശനു ലഭിച്ചത്രേ. ബാക്കി പതിനേഴും ചെന്നിത്തലക്ക്- ഇക്കാര്യം വെളിപ്പെടുത്തിയത് വേണുഗോപാലോ സുധാകര ഗുരുവോ അല്ല; സാക്ഷാൽ റിയാസ് മന്ത്രി. കോൺഗ്രസുമായി ലോക്‌സഭ തെരഞ്ഞെടുപ്പു വരുമ്പോൾ ഒരു ബാന്ധവം പ്രതീക്ഷിക്കാം, തെറ്റില്ല. പക്ഷേ 2021 ൽ തന്നെ ഇന്ദിരാഭവനകത്ത് കയറി ഗസ്റ്റപ്പോ ആകണമെങ്കിൽ മരുമോൻ ചില്ലറക്കാരനല്ല. എം.ബി. രാജേഷ് എക്‌സൈസിലേക്കും പിന്നീട് പിൻ സീറ്റിലേക്കും തള്ളപ്പെട്ടത് വെറുതേയല്ല. കോൺഗ്രസുകാർ പോലും അറിയാത്ത അരമന രഹസ്യം എന്ന കാര്യം ഉറപ്പ്. പിന്നെ മന്ത്രിയാകാതിരിക്കുമോ?
നിയമസഭയിൽ നടന്ന കൈയാങ്കളിയിൽ കെ.കെ. രമയുടെ വലത്തേ കൈ തല്ലിയൊടിച്ചതിൽ അദ്ഭുതമില്ല. ഒറ്റയ്ക്കു കിട്ടിയാൽ കാലും തല്ലിയൊടിക്കും. പ്രസ്ഥാനത്തിന്റെ 'കുലംകുത്തി'കളിൽ ഒന്നാണ്. കുട്ടികളുടെ ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടെന്നു കരുതുക. തല്ലിനും കോലാഹലത്തിനുമടയിൽ ചുളുവിൽ 'ഗ്രേസ് മാർക്ക്' നേടിയത് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അദ്ദേഹത്തിനു ദേഹത്തു കിട്ടിയതൊക്കെ പെരുന്നയിൽ ചെന്നു കാട്ടിക്കൊടുത്താൽ ചേട്ടന്റെ അനുഭാവത്തിന്റെ 'റേറ്റിംഗ്' വർധിക്കും. പല മോഹങ്ങളും പൂവണിയുവാൻ ഭാവിയിൽ ഉപകരിക്കും. മോക്ഷ യുദ്ധത്തിലെ കുറുക്കനാകാതെ സൂക്ഷിക്കുകയും വേണം; ചതഞ്ഞുപോകും.
****                 ****                      ****

മൊറാഴയിൽ ജനിച്ച എം.വി. ഗോവിന്ദൻ സഖാവിനെ നടാൽ സ്വദേശി സുധാകര ഗുരുവിനു നന്നായറിയാം. സഖാവ്  വള്ളിനിക്കറിട്ടു നടക്കുന്ന കാലത്തേ അറിയാമെന്നു കൂട്ടുക, അതാണ് അഴിമതിക്കാരനല്ലാത്ത സഖാവ് എന്ന വിശേഷണം നൽകിയത്. കായികാധ്യപകനായിരുന്ന സഖാവ് അഴിമതിക്കെതിരെ വടിയെക്കുമെന്ന പ്രതീക്ഷയുമുണ്ട്. തന്റെ ജന്മശത്രുവായ പിണറായിക്കെതിരെയുള്ള ഏക പ്രതീക്ഷയും സഖാവു തന്നെ. അതിനാൽ പുതിയ സംഭവ വികാസങ്ങൾക്ക് മംഗളം നേരുന്നതാണ് ബുദ്ധി.
****                            ****                       ****

പത്തനാപുരം എമ്മെല്ലേ ഗണേശ് കുമാറിനെ ഇന്നു ജീവിച്ചിരിക്കുന്ന മലയാളികൾക്കെല്ലാം അറിയാം. വിദേശ മലയാളികൾക്കും ഇനി ജനിക്കാനിരിക്കുന്ന തലമുറയ്ക്കു പോലും അറിയാമെന്നു പറഞ്ഞാൽ പരിഹാസമായിപ്പോകും. അതുകൊണ്ട് അത്രയ്ക്കു നീട്ടുന്നില്ല. പത്തനാപുര മണ്ഡലം വലിയൊരു ഭൂസ്വത്തായി കരുതി കഴിഞ്ഞുപോരുന്ന ഗണേശൻ ഇടഞ്ഞാൽ കൊലകൊമ്പനാണ്. വോട്ട് ചെയ്ത നാട്ടുകാർക്കുവേണ്ടി ഇടഞ്ഞില്ലെങ്കിൽ പിന്നെ എമ്മെല്ലേ സ്ഥാനം എന്തിനാണ്? വയറ്റിൽ ഏഴു തവണ ഓപറേഷൻ നടത്തിയതിന്റെ ദുരിതം അനുഭവിക്കുന്ന ഒരു വനിതക്കു വേണ്ടി കക്ഷി നിമയസഭയിലും ഒന്ന് ഇടഞ്ഞു. ആന ഇടഞ്ഞാലുള്ള അവസ്ഥ തന്നെ 'ചില ഡോക്ടറന്മാർക്കു തല്ലു കിട്ടേണ്ടതു തന്നെയാണ് എന്ന തന്റെ മഹത്തായ കണ്ടുപിടിത്തം അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു. 'അള മുട്ടിയാൽ ചേരയും കടിക്കും' എന്ന പഴമൊഴി അപ്പോഴാണ് മെഡിക്കൽ ഓഫീസറന്മാർ ഓർത്തത്. പിന്നെ അവരുടെ വക ഒ.പി ബഹിഷ്‌കരണ സമരമായി. മുമ്പ് എൺപതു തവണയാണ് ഡോക്ടന്മാർ ആക്രമിക്കപ്പെട്ടത്. ഈ സർക്കാർ എന്തു ചെയ്തു? പ്രതികളുടെ പാർട്ടി നോക്കി നടപടി എന്നാവും ഉത്തരം. ഡോക്ടർമാർക്കു തലങ്ങളും വിലങ്ങളും സ്ഥലം മാറ്റവും.
പല ഡോക്ടർമാരുടെയും കുടുംബ വീടും പറമ്പും മാതാവിന്റെ താലിമാലയും പണയപ്പെടുത്തിയാണ് വിദ്യാഭ്യാസമെന്നത് ഗണേശ് കുമാറിന് അറിയേണ്ടതില്ല. മൂന്നു ജില്ലകൾ നിരയെ ഗുസ്തി, ആന, അടിതട എന്നിവയൊക്കെ തികട്ടി വരും. എത്ര ജനാധിപത്യം നടിച്ചാലും ഇടതുമുന്നണിയിൽ നിന്നാലും ചിലപ്പോൾ മാടമ്പത്തിരം നാവിനെ പിടികൂടും. 'നീലച്ചായത്തിൽ വീണ കുറുക്കന്റെ' കഥ അറിയാവുന്നവർക്ക് അതുകണ്ട് മന്ദഹാസം തോന്നും. എമ്മെല്ലേയുടെ വചനങ്ങൾ കലാപാഹ്വാന മെന്നു ഡോക്ടറന്മാർ വിധിയെഴുതി. ഇനി അതിനുള്ള മരുന്നു കുറിക്കുകയേ വേണ്ടൂ. പിണറായി സർക്കാർ തൽക്ഷണം നടപ്പാക്കിക്കളയും. വായിക്കാവുന്ന കൈപ്പടിയിൽ എഴുതണമെന്നു മാത്രം.
****           ****                         ****

ഏതു സ്റ്റഡി സെന്ററിൽ നിന്നായാലും പഠനവും പരിശീലനവും ഉഗ്രൻ എന്ന് ഒറ്റ വാചകത്തിൽ പറയാം. കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യപ്പുകയ്ക്ക് എന്തു മറുപടിയാണ് നൽകേണ്ടതെന്ന് ലോക്കൽ സെല്ലും സൈബർ സെല്ലും ഒന്നിച്ചിരുന്നാണ് ആലോചിച്ചത്. അതിന്റെ രാസപ്രക്രിയ അദ്ഭുതാവഹമായിരുന്നു. അങ്ങ് യു.എസിലെ അലബാമയിൽ ആറു വർഷമായി ഒരു മാലിന്യക്കൂമ്പാരം നിന്നുകത്തുന്നു മറ്റേ ഉസ്‌ബെക്കിസ്ഥാനിൽ മൂന്നു കൊല്ല കഴിഞ്ഞിട്ടും തീ അണഞ്ഞില്ല. ഇതൊക്കെ എടുത്തുകാട്ടി നിയമസഭയെ ചിരിപ്പിച്ചത് എം.ബി. രാജേഷ് ആയിരുന്നു. നവമുതലാളിത്തത്തിന്റെ വഞ്ചനാപരമായ വിക്രിയ എന്നു പറഞ്ഞ് സംശയാലുക്കളെ വിരട്ടുന്നതിന് രണ്ടാം താത്വികൻ എം.എ. ബേബി സഖാവിനെ ചാനലുകളിൽ കണ്ടില്ല. പുകമാലിന്യം  പേടിച്ച് വിദേശ സന്ദർശനത്തിനു പോയോ എന്ന കാര്യം തീർച്ചയില്ല. ഇവിടെ മഴയില്ല, ശുദ്ധജല മില്ല എന്നു നാട്ടുകാർ പറയുമ്പോൾ അങ്ങ് കിർഗിസ്ഥാനിൽ പത്തു കൊല്ലമായി വെള്ളമില്ലെന്നും പുതിയ തലമുറ 'ജല'ത്തെക്കുറിച്ച് ടി.വി ചാനലുകളിലാണ് കാണുന്നതെന്നും മറുപടി പറയാം. അതാണ് 'അരിയെത്ര പയറഞ്ഞാഴി' എന്ന മാതൃക. ഏഴു കൊല്ലത്തിനകം നാന്നൂറിൽ നിന്ന് ആയിരത്തി ഒരുനൂറിലേക്കു പാചക വാതക വില ഉയർത്തിയതിനുള്ള മറുപടിക്കും അതു തന്നെയാണ് മാതൃക; കേന്ദ്ര സർക്കാരിന്.
അന്തരീക്ഷ താപം കൂടി വല്ലാതെ വർധിക്കുന്നതിനാൽ ഗവർണറും സർക്കാരും ഒട്ടും പിന്നോട്ടു പോകില്ല എന്നു കരുതാം. മിനി ലോറിയിൽ കയറ്റാനുള്ള അംഗ സംഖ്യയേയുള്ളൂവെങ്കിലും കൊച്ചേട്ടൻ പാർട്ടിയിലെ എറണാകുളം വിഭാഗീയതയും വല്യേട്ടന്റെ ആലപ്പുഴ വിഭാഗീയതയും നിന്നു കത്തുമെന്നു തന്നെ കരുതണം. കേന്ദ്ര പാർട്ടിയുടെ കേരള ഘടകത്തിൽ സുരേഷ് ഗോപി ഒരു സ്വയം വിഭാഗീയതയായി മറുകയാണ്. കോൺഗ്രസിലെ കെ. മുരളീധരനെയും എം.കെ. രാഘവനെയും പിടിച്ചുകെട്ടാനുള്ള 'വടം' ദില്ലിയിൽ നിർമിച്ചുകൊണ്ടിരിക്കുന്നു; തരൂർജിയെ കാണാനില്ല. എന്തൊക്കെ നേരമ്പോക്കുകൾ! എന്തൊക്കെ നേരമ്പോക്കുകൾ ! പക്ഷേ ഒരിക്കൽ നേരം വെളുക്കും!

Latest News