Sorry, you need to enable JavaScript to visit this website.

സാമ്പത്തിക സുനാമിയുടെ ഇടിമുഴക്കം

യു.എസിൽ ഇത് ബാങ്ക് തകർച്ചയുടെ സീസൺ. മൂന്ന് ബാങ്കുകളാണ് ഒരാഴ്ചക്കിടെ പ്രതിസന്ധിയിലായത്. സിലിക്കൺ വാലി ബാങ്കാണ് തുടക്കം കുറിച്ചത്. ഇതിന് പിന്നാലെ ന്യൂയോർക്ക് ആസ്ഥാനമായുള്ള വായ്പ ദാതാവായ സിഗ്നേച്ചർ ബാങ്ക്  തകർന്നു. അതിനിടെ കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലെ രണ്ട് സെഷനുകളിലായി  30 ശതമാനം ഓഹരി നിരക്ക് ഇടിഞ്ഞ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. 
സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്വിസും കഴിഞ്ഞ ദിവസം പ്രതിസന്ധിയിലായി. 325 കോടി ഡോളറിനാണ് ക്രെഡിറ്റ് സ്വിസിനെ സ്വിറ്റ്‌സർലൻഡിലെ ഏറ്റവും വലിയ ബാങ്കായ യുബിഎസ് (യൂനിയൻ ബാങ്ക് ഓഫ് സ്വിറ്റ്‌സർലാൻഡ്) ഏറ്റെടുത്തത്.  സിലിക്കൺവാലി ബാങ്കിന്റെ ബ്രിട്ടീഷ് ശാഖ എച്ച് എസ് ബി സി ഏറ്റെടുത്തിരിക്കുകയാണ്. 
എച്ച് എസ് ബി സി യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കാണ്. അതേസമയം മറ്റു ബാങ്കുകളിലേക്ക് പ്രശ്നം വ്യാപിക്കാതിരിക്കാൻ സജീവ പ്രയത്നം നടത്തുകയാണ് യുഎസ് അധികൃതർ. സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകുന്നതിൽ വിദഗ്ധരായ എസ്‌വിബി ആസ്തിയിൽ 16 ാമത്തെ ഏറ്റവും വലിയ യുഎസ് ബാങ്കാണ്. 
നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് ഇൻഷുറൻസ് അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം എസ്‌വിബിയുടെ നിയന്ത്രണം വെള്ളിയാഴ്ച റെഗുലേറ്റർമാർ ഏറ്റെടുത്തിരുന്നു. 1980 കൾ മുതൽ അമേരിക്കയിലുടനീളമുള്ള സ്റ്റാർട്ടപ്പുകൾക്കുള്ള പ്രധാന വായ്പ വിതരണക്കാരാണ് സിലിക്കൺവാലി ബാങ്ക്. യു.എസിലും യൂറോപ്പിലും ദൃശ്യമായ ഈ പ്രതിഭാസം വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണ് ഇത് എന്നാണ് വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നത്. 
സിലിക്കൺവാലി ബാങ്കിന്റെ (എസ്‌വിബി) തകർച്ചയുടെ വാർത്ത പുറത്തു വന്നതിന്റെ ഞെട്ടലിൽ നിന്ന് മുക്തമാകും മുമ്പാണ് ന്യൂയോർക്കിലെ സിഗ്നേച്ചർ ബാങ്ക് അടച്ചുപൂട്ടിയത്. 11,000 കോടി രൂപയുടെ ആസ്തിയുള്ള സിഗ്നേച്ചർ ബാങ്കിന്റെ തകർച്ച നിക്ഷേപകരെ കടുത്ത ആശങ്കയിലാക്കി.  രണ്ടാമത്തെ ബാങ്കും കൂടി തകർന്നതോടെ കൂടുതൽ ബാങ്കുകൾ തകരുന്നത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
സിലിക്കൺവാലി ബാങ്കിൽ നിന്ന് നിക്ഷേപകരുടെ പണം പൂർണമായും വീണ്ടെടുക്കുന്നതിനുള്ള വിപുലമായ നടപടികൾ യുഎസ് അധികൃതർ പ്രഖ്യാപിച്ചിരുന്നു. 
ഇതിനിടെ ആണ് രണ്ടാമത്തെ ബാങ്കും തകർന്നിരിക്കുന്നത്. നിക്ഷേപകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബാങ്കുകൾക്ക് അധിക ഫണ്ടിംഗ് ലഭ്യമാക്കുമെന്ന് യുഎസ് ഫെഡറൽ പ്രഖ്യാപിച്ചിട്ടുണ്ട്.
2008 ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ആദ്യമായാണ് അമേരിക്കയിൽ ബാങ്കുകൾ അടച്ചുപൂട്ടേണ്ടി വരുന്നത്. തുടർച്ചയായി ബാങ്കുകളുടെ തകർച്ച ലോകമെങ്ങും ബാങ്കിങ് ഓഹരികൾ ഇടിയാൻ കാരണമായി. 
ബാങ്കിങ് മേഖലയിലെ പ്രതിസന്ധി ആഗോള വിപണിയെ ബാധിച്ചു. ലോകമൊട്ടാകെയുള്ള എല്ലാ ഓഹരി വിപണികളിലും നഷ്ടത്തിലാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. 
പ്രതിസന്ധിയിലായ സ്വിറ്റ്സർലാൻഡിലെ ക്രെഡിറ്റ് സ്വിസിനെ യുബിഎസ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് ആഗോള തലത്തിലെ ബാങ്കിങ് ഓഹരികൾ കനത്ത നഷ്ടം നേരിട്ടത്. 
ഗ്രേറ്റ് ഡിപ്രഷന്റെ മുപ്പതുകളിലെ സ്ഥിതിക്ക് സമാനമാണ് അമേരിക്കയുടെ ഗതിയെന്ന് തീർത്തും നെഗറ്റീവായി വിലയിരുത്താറായോ എന്ന് പറയാറായിട്ടില്ല. അതേസമയം, വരും ദിവസങ്ങളിൽ ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന് മൂഡീസ് അനലറ്റിക്‌സിലെ മുഖ്യ സാമ്പത്തിക വിദഗ്ധൻ മാർക്ക് സാൻഡ് അഭിപ്രായപ്പെട്ടു.  ബിസിനസ് രംഗം താഴേക്ക് പോകുമെന്നും നിക്ഷേപവും കുറയുമെന്നും വരുന്ന ആഴ്ചകളിൽ ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ഏകധ്രുവ ലോകത്ത് അമേരിക്കയെ കേന്ദ്രീകരിച്ച് ആഗോളവൽക്കരണമെന്ന ചരടിൽ ലോക രാജ്യങ്ങളെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. സമ്പദ്ഘടനകളൊന്നും സ്വതന്ത്രമല്ല. ഏതെങ്കിലും രാജ്യത്ത് അനുഭവപ്പെടുന്ന സങ്കോചം അതേ നിമിഷം മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുന്ന അവസ്ഥയാണിത്. 
ഒന്നാം ലോക മഹായുദ്ധ ശേഷം പല കാരണങ്ങളാൽ  അമേരിക്കയിലെ ബാങ്കുകളിൽ നിക്ഷേപം കൂടി. വരുമാനം വർധിച്ചപ്പോൾ ബാങ്കുകൾ നിക്ഷേപത്തിനുള്ള പുതിയ അവസരം കണ്ടെത്തിയത് സ്റ്റോക്ക് മാർക്കറ്റിലായിരുന്നു. ജോയന്റ് സ്റ്റോക്ക് കമ്പനികളുടെ എണ്ണം കൂടിയപ്പോൾ ഓഹരികൾ യാതൊരു നിയന്ത്രണവുമില്ലാതെ വിപണിയെ തേടിയെത്തി. ഉപഭോഗം കുറയുകയും ഉൽപാദനം കൂടുകയും ചെയ്തു. തിരിച്ചടയ്ക്കാത്ത വായ്പകൾ ഏറിയപ്പോൾ അമേരിക്കൻ കമ്പനികൾ  നഷ്ടത്തിലേക്ക് കൂപ്പുകുത്തി. 
എന്നാൽ ഇക്കാര്യം പരസ്യമാക്കിയില്ല. ഓഹരി വിപണിയിൽ ലാഭം മാത്രം കാണിച്ച് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനായിരുന്നു കമ്പനികൾക്ക് താൽപര്യം. പ്രചാരണ കോലാഹലങ്ങളിൽപെട്ട മധ്യവർഗത്തിനാണ്  കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടിവന്നത്. 1929 ആകുമ്പോഴേക്ക് മധ്യവർഗം സാമ്പത്തിക തകർച്ചയുടെ സ്വാദ് ശരിക്കുമനുഭവിച്ചു.  
1930 ൽ ബാങ്കുകളുടെ വായ്പ നയം പാവപ്പെട്ടവർക്ക് ആകർഷകമായിരുന്നെങ്കിലും വായ്പക്ക് വാങ്ങിയ വസ്തുക്കളുടെ വില തിരിച്ചടയ്ക്കാനായില്ല. അമേരിക്കൻ കമ്പനികൾക്ക് ആഭ്യന്തര വിപണിയിലും തിരിച്ചടി നേരിട്ടു. മറുവശത്ത് ക്രമാതീതമായ ഉൽപാദനം വിപണിയിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. 
1927 മുതൽ 1929 വരെയുള്ള രണ്ട് വർഷം ഓഹരി സൂചിക റെക്കോർഡ് വേഗത്തിൽ കുതിച്ചു. കൂടുതൽ പണം വാരിക്കൂട്ടാമെന്ന മോഹത്തിൽ സമ്പാദ്യം മുഴുവൻ ഓഹരി വിപണിയിലേക്കൊഴുക്കിയവരുണ്ട്. 
1929 സെപ്റ്റംബർ, ഒക്‌ടോബർ കാലമായപ്പോൾ സമ്പദ്ഘടനയുടെ  തകർച്ച പൂർണതയിലെത്തിയിരുന്നു.  ഒക്‌ടോബർ 29 നാണ് ചരിത്ര പ്രസിദ്ധമായ ഓഹരി വിപണിയുടെ പതനം സംഭവിച്ചത്. കറുത്ത ചൊവ്വാഴ്ചയെന്നാണ് ഈ ദിനമറിയപ്പെടുന്നത്. പത്ത് മുതൽ പതിനഞ്ച് മില്യൺ ഡോളർ വരെയാണ് നിക്ഷേപകർക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടം നേരിട്ടത്. 
അമേരിക്കയിലെ ബാങ്കുകൾ തകർന്നതിൽ ഇന്ത്യയിലെ നിക്ഷേപകർ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. ആഗോള മാന്ദ്യം ഇപ്പോൾ ഇന്ത്യയെ ബാധിക്കാൻ സാധ്യതയില്ലെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ ദുവ്വുരി സുബ്ബറാവു. 
ഇന്ത്യയിലെ ബാങ്കിംഗ് സംവിധാനം ശക്തമായതിനാൽ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ബാങ്കിംഗ് പ്രതിസന്ധി ഇവിടെ പരിമിതമായിരിക്കും. ഇന്ത്യൻ ബാങ്കുകളുടെ റീട്ടെയിൽ ഡെപ്പോസിറ്റ് വ്യത്യസ്തമാണ്. ലിക്വിഡിറ്റി ആവശ്യത്തിനുണ്ട്. ക്രെഡിറ്റ് നിലവാരം മികച്ചതുമാണ്. മാത്രമല്ല സുരക്ഷ മാനദണ്ഡമായ എസ്എൽആറും (സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ) തൃപ്തികരമാണെന്നും മുൻ ഗവർണർ ചൂണ്ടിക്കാട്ടി.
ഇപ്പോഴത്തെ സാഹചര്യത്തിൽ പല രാജ്യങ്ങളിലും ഏറ്റവും മോശമായ സാമ്പത്തിക മാന്ദ്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ്  ഹാവാർഡ് സർവകലാശാലയിലെ  നോറിയൽ റൂബിനി മുന്നറിയിപ്പ് നൽകിയത്.  സാമ്പത്തിക വിദഗ്ധനായ ഇദ്ദേഹം 2008 ൽ ലോകത്തെ പല രാജ്യങ്ങളെയും തകിടം മറിച്ച മാന്ദ്യം കൃത്യമായി പ്രവചിച്ചിരുന്നു.   
2007 - 2008 കാലഘട്ടത്തിൽ അമേരിക്കയിലെയും  മറ്റു പല രാജ്യങ്ങളിലെയും റിയൽ എസ്റ്റേറ്റ് വ്യവസായത്തെ മാന്ദ്യം സാരമായി ബാധിക്കുമെന്ന നോറിയൽ റൂബിനിയുടെ പ്രവചനത്തിന്റെ ഫലം എല്ലാവരും അനുഭവിച്ചതാണ്. 

Latest News