തിരുവനന്തപുരം- തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടം. കനത്ത മഴയിലും ശക്തമായ കാറ്റിലും മരം കടപുഴകിയും മറ്റ് അപകടങ്ങളിലും അഞ്ച് മരണം. ഇടുക്കി ആനച്ചാൽ ഈട്ടിസിറ്റിയിൽ ഉരുൾ പൊട്ടലിൽ ഏക്കർ കണക്കിന് കൃഷിയിടം ഒലിച്ചുപോയി. മൂന്ന് വീടുകളിൽ മണ്ണും കല്ലും ഒഴുകിയെത്തി. പ്രദേശത്തുനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കും.
തിരുവനന്തപുരം, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് കൂടുതൽ നാശം. നെയ്യാറ്റിൻകര സ്വദേശി ദീപ (44), കോഴിക്കോട് ചാലിയം സ്വദേശി ഖദീജ (66) എന്നിവർ തെങ്ങ് കടപുഴകി വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചു. കണ്ണൂർ ജില്ലയിൽ ഒടിഞ്ഞു വീഴുന്ന മരം വെട്ടിമാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ രവീന്ദ്രൻ (65) എന്നയാളും എടത്വായിൽ പമ്പാനദിയിൽ കുളിക്കാനിറങ്ങിയ വിജയകുമാറും മരിച്ചു. കാഞ്ഞങ്ങാട്ട് നാലു വയസ്സുകാരി ഫാത്തിമ വെള്ളക്കെട്ടിൽ വീണു മരിച്ചു.
മരങ്ങൾ കടപുഴകി വീണതിനെ തുടർന്നുണ്ടായ അപകടങ്ങളിൽ ഇടുക്കി ജില്ലയിൽ നാലു പേർക്കു പരിക്കേറ്റു. കഴിഞ്ഞ ദിവസം മുതൽ സംസ്ഥാനത്തെ മിക്ക ജില്ലകളിലും അതിശക്തമായ മഴക്കൊപ്പം കനത്ത കാറ്റും തുടരുകയാണ്. സംസ്ഥാനത്ത് പലയിടത്തും വ്യാപകമായ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് വെള്ളിയാഴ്ച രാത്രി മുതൽ പെയ്ത മഴയിലും കാറ്റിലും കനത്ത കൃഷിനാശം റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നത്. ഇടുക്കി ജില്ലയിൽ മരങ്ങൾ കടപുഴകി വീണതിനെ തുടർന്നും വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണതിനെ തുടർന്നുമാണ് നാശനഷ്ടങ്ങളുണ്ടായത്. നിരവധി ഇടങ്ങളിൽ വൈദ്യുതി ബന്ധവും തകരാറിലായി. റെയിൽവേ ട്രാക്കിലേക്ക് മരം കടപുഴകി വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടു. കോഴിക്കോട് വള്ളിക്കുന്നിനും കടലുണ്ടിക്കും ഇടയിലാണ് ട്രാക്കിൽ മരം വീണത്.
അതേസമയം ബുധനാഴ്ച രാവിലെ വരെ സംസ്ഥാനത്ത് കനത്ത മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഏഴു മുതൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴക്കു സാധ്യതയുണ്ട്. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ ചില സ്ഥലങ്ങളിൽ 12 മുതൽ 20 സെന്റിമീറ്റർ വരെയുള്ള അത്യന്തം കനത്ത മഴക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കി.മീ വരെയാകാൻ സാധ്യതയുള്ളതിനാലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാലും മീൻ പിടിത്തക്കാർ കടലിൽ പോകരുത്. കടലിൽ 4.5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഇന്നലെ ഏറ്റവും കൂടുതൽ മഴ പെയ്തത് വയനാട് ജില്ലയിലെ വൈത്തിരിയിലാണ്, പത്ത് സെന്റിമീറ്റർ. വെള്ളാനിക്കര, കൊല്ലങ്കോട്, ആലത്തൂർ, ഇരിക്കൂർ എന്നിവിടങ്ങളിൽ ഒൻപത് സെന്റിമീറ്റർ മഴ പെയ്തു. കോഴിക്കോട്, കൊയിലാണ്ടി, വടകര, ഒറ്റപ്പാലം ഏഴ്. ഇനമയ്ക്കൽ, പിറവം, പെരുമ്പാവൂർ, ഇടുക്കി, മൂന്നാർ ആറ്. കൊച്ചി, പാലക്കാട്, ചിറ്റൂർ, തളിപ്പറമ്പ്, പൊന്നാനി, പീരുമേട് അഞ്ച്. കണ്ണൂർ, കരിപ്പൂർ വിമാനത്താവളം, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ, കുടുലു, മാനന്തവാടി, തൃത്താല, പട്ടാമ്പി, കുന്നംകുളം, തൊടുപുഴ, മയിലാടുംപാറ, ആര്യങ്കാവ്, കൊല്ലം നാല്. കുപ്പാടി, അമ്പലവയൽ, ഇരിങ്ങാലക്കുട, ചാലക്കുടി, കുമരകം, കോഴ, കൊച്ചി വിമാനത്താവളം, ആലുവ, പുനലൂർ എന്നിവിടങ്ങളിൽ മൂന്നും മറ്റു 18 കേന്ദ്രങ്ങളിൽ ഒരു സെന്റിമീറ്റർ വരെയും മഴ പെയ്തു.