കൊച്ചി - മയക്കു മരുന്ന് ഉപയോഗിക്കുന്ന മകന് എല്ലാ പിന്തുണയും നല്‍കിയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി എളങ്കുന്നപ്പുഴ സ്വദേശിനി ഖലീലയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഖലീലയുടെ മകന്‍ രാഹുല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതുമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോസ്റ്റല്‍ പോലീസും എക്‌സൈസും വീട്ടില്‍ പരിശോധനക്കെത്തിയത്. ഇതേക്കുറിച്ച് ഖലീലയോട് പറഞ്ഞപ്പോള്‍ കുട്ടികള്‍ ഈ പ്രായത്തില്‍ ഇതൊക്കെ ഉപയോഗിക്കുന്നത് പതിവല്ലേയെന്നായിരുന്നു ഖലീലയുെട മറുപടി. ഖലീലയുടെ വീട്ടില്‍ പരിശോധന നടത്തിയ സംഘം വീട്ടില്‍ നിന്നും 70 മില്ലിഗ്രാം എം ഡി എം എയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മകന് മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് എല്ലാ പിന്തുണയും നല്‍കുന്നത് ഖലീലയാണെന്നും മകന്‍ കൊണ്ടു വരുന്ന മയക്കു മരുന്ന് സൂക്ഷിക്കുന്നതും ഇവരാണെന്നും ബോധ്യമായതോടെ ഖലീലയെ അന്വേഷണ സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയുമാക്കി. സംഭവം നടക്കുമ്പോള്‍ രാഹുല്‍ വീട്ടിലുണ്ടായിരുന്നില്ല. അമ്മയെ പിടികൂടിയ വിവരം അറിഞ്ഞ് ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്.