ചെന്നൈ-തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സർക്കാർ എയ്ഡഡ് സ്‌കൂളിൽ അധ്യാപകനെ മർദിച്ച സംഭവത്തിൽ രണ്ടാം ക്ലാസ് വിദ്യാർഥിയുടെ മാതാപിതാക്കൾ അറസ്റ്റിൽ. കുട്ടിയെ മർദിച്ചുവെന്നാരോപിച്ചാണ് രക്ഷിതാക്കൾ അധ്യാപകനായ ഭരതനെ മർദിച്ചത്. ആരോപണങ്ങൾ അധ്യാപകൻ നിഷേധിച്ചു. കുട്ടിയെ മർദിച്ചെന്ന് ആരോപിച്ച് ദമ്പതികൾ ക്ലാസ് മുറിയിൽ കയറി അധ്യാപകനോട് വഴക്കിടുന്നത് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലുണ്ട്. കുട്ടിയെ അധ്യാപിക മർദ്ദിച്ചുവെന്ന് ആരോപിച്ചാണ് അധ്യാപകനെ കൈകാര്യം ചെയ്തത്. 'കുട്ടിയെ അടിക്കുന്നത് നിയമവിരുദ്ധമാണ്. ആരാണ് നിങ്ങൾക്ക് അവകാശം നൽകിയത്? ഞാൻ നിങ്ങളെ എന്റെ ചെരിപ്പുകൊണ്ട് അടിക്കുമെന്ന് വിദ്യാർഥിയുടെ മാതാവ് സെൽവി പറയുന്നതും വീഡിയോയിൽ കേൾക്കാം.
മറ്റ് കുട്ടികളുടെ കൺമുന്നിൽ വെച്ച് വിദ്യാർഥിയുടെ അച്ഛൻ ശിവലിംഗം അധ്യാപകനെ ക്ലാസ് മുറിക്ക് ചുറ്റും ഓടിക്കുകയും തുടർന്ന് മർദിക്കുകയും ചെയ്തു. ഇഷ്ടികയോ കല്ലോ പോലെ തോന്നിക്കുന്ന ഒരു ചെറിയ വസ്തു അധ്യാപകന്റെ നേരെ എറിയാനും നോക്കുന്നുണ്ട്. ദമ്പതികൾ ഭരതിനെ മർദ്ദിക്കുമ്പോൾ മറ്റൊരു അധ്യാപകൻ സഹായത്തിനായി നിലവിളിക്കുന്നത് കേൾക്കുന്നു. ദമ്പതികളെയും കുട്ടിയുടെ മുത്തച്ഛൻ മുനുസാമിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
'അക്രമം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, ഗൂഢാലോചന, സർക്കാർ ജീവനക്കാരനെ ചുമതലകളിൽ നിന്ന് തടഞ്ഞുനിർത്തൽ എന്നീ കുറ്റങ്ങൾക്ക് ഞങ്ങൾ അവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് ഡോ. എൽ ബാലാജി ശരവണൻ പറഞ്ഞു.