Sorry, you need to enable JavaScript to visit this website.

ത്രിതല പഞ്ചായത്തുകളുടെ അധികാരങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കവരുന്നു -രാഹുൽഗാന്ധി

കൽപറ്റ- ത്രിതല പഞ്ചായത്തുകളുടെ വികേന്ദ്രീകൃതാധികാരങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കവരുകയാണെന്ന് രാഹുൽഗാന്ധി എം.പി. വയനാട്ടിലെ തദ്ദേശ സ്ഥാപന ഭരണസമിതികളിലെ യു.ഡി.എഫ് അംഗങ്ങളുമായി ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. 
കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആരോഗ്യ രംഗത്ത് വയനാടിന്റെ വികസനത്തിന് സമഗ്ര പദ്ധതികൾ നടപ്പാക്കും. 
ഗവ.മെഡിക്കൽ കോളേജ് വിഷയത്തിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകിയെങ്കിലും പ്രത്യേക ഫലം ഉണ്ടായില്ല. പരിസ്ഥിതി കരുതൽ മേഖല വിജ്ഞാപനം ജനസൗഹൃദമാക്കാൻ പാർലമെന്റിന് അകത്തും പുറത്തും സമ്മർദം ചെലുത്തും. ഭവന പദ്ധതി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടും അനേകം ആളുകൾക്കു വീട് ലഭിക്കാത്തത് വീണ്ടും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുമായുള്ള സംവാദം തുടരുമെന്നും രാഹുൽഗാന്ധി പറഞ്ഞു.
വന്യമൃഗശല്യം, പരിസ്ഥിതി കരുതൽ മേഖല, ദേശീയപാതയിലെ രാത്രിയാത്ര നിയന്ത്രണം, ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങൾ, മാലിന്യ സംസ്‌കരണം തുടങ്ങിയവ സംവാദവിഷയങ്ങളായി. 
ത്രിതല പഞ്ചായത്തുകൾക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കാത്തതും ദൈനംദിന പ്രവർത്തനങ്ങളിൽ സർക്കാരുകൾ പ്രതിസന്ധി സൃഷ്ടിക്കുന്നതും ജനപ്രതിനിധികൾ എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തി. ജില്ലയിൽ കാൻസർ ഉൾപ്പടെ വ്യാധികൾ വർധിക്കുന്നതിനു അശാസ്ത്രീയ കൃഷിരീതികളും വളപ്രയോഗവും കാരണമാണോ എന്നതിൽ ശാസ്ത്രീയ പഠനം ആവശ്യമാണെന്ന് ജനപ്രതികൾ അഭിപ്രായപ്പെട്ടു. 
യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.കെ.അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി, ടി.സിദ്ദീഖ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ.
അബ്രഹാം, കെ.എൽ.പൗലോസ്, സംഷാദ് മരക്കാർ, പി.ടി.മാത്യു, എം.എ.ജോസഫ്, ടി.ജെ.ഐസക്, എച്ച്.ബി.പ്രദീപ്, എം.ജി.ബിജു, പി.വി.ജോർജ്, ജേക്കബ് സെബാസ്റ്റ്യൻ, ടി.കെ.നസീമ, ശകുന്തള, അബ്ദുൾഗഫൂർ കാട്ടി, റംല മേപ്പാടി തുടങ്ങിയവർ പങ്കെടുത്തു. 

Latest News