Sorry, you need to enable JavaScript to visit this website.

വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷം: ഉദ്ഘാടനച്ചടങ്ങളിൽ ഒരു ലക്ഷം പേർ

വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കോട്ടയം ജില്ല കലക്ടറേറ്റിൽ ചേർന്ന യോഗം

കോട്ടയം- വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങളിൽ ഒരു ലക്ഷം പേർ അണിനിരക്കും. 
അരലക്ഷം കുടുംബശ്രീ പ്രവർത്തകരെ പങ്കെടുപ്പിക്കാനാണ് പരിപാടി. വൈക്കം നഗരം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ജനകീയ സമ്മേളനത്തിനായി സുരക്ഷ ക്രമീകരണങ്ങൾ അടക്കമുള്ളവ വിലയിരുത്തുന്നതിനായി സ്വാഗത സംഘം ചേർന്നു. 
ഒരു ലക്ഷത്തിലേറെ പേർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണു കണക്കാക്കുന്നത്.
സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ  ഭരണ സ്ഥാപനങ്ങളടക്കം വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ചടങ്ങിനായി പതിനായിരം പേർക്കിരിക്കാവുന്ന കൂറ്റൻ പന്തലാണ് വൈക്കത്തു സജ്ജീകരിക്കുന്നത്. 


പന്തലിലെ സുരക്ഷ ക്രമീകരണങ്ങളും ശബ്ദ, വെളിച്ച വിന്യാസങ്ങളും സംബന്ധിച്ച കാര്യങ്ങളും യോഗം വിലയിരുത്തി. ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചു വൈക്കം നഗരസഭയിൽ ഹരിത കർമ സേനയുടെ സഹകരണത്തോടെ ശുചിത്വമുറപ്പാക്കൽ നടപ്പാക്കണമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ആറ്റുകാൽ പൊങ്കാലയ്ക്കു മണിക്കൂറുകൾക്കുള്ളിൽ തിരുവനന്തപുരം കോർപറേഷൻ നഗരം ശുചിയാക്കിയതു മാതൃകയാക്കാവുന്നതാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ബീച്ച് പരിസരത്തെ പോള നീക്കൽ, വേദിക്കു സമീപത്തെ കാടു വൃത്തിയാക്കൽ എന്നിവ വേഗത്തിൽ പൂർത്തീകരിക്കും.
ഉദ്ഘാടന സമ്മേളനത്തിലെ ജനത്തിരക്ക് കണക്കിലെടുത്തു രണ്ട് ആംബുലൻസുകളും മെഡിക്കൽ സംഘവും പൊതുജനങ്ങൾക്കായി സജ്ജമാക്കും. 


ജനങ്ങൾക്കു കുടിവെള്ളം ലഭ്യമാക്കുന്നതിനായി നൂറ് സ്റ്റുഡന്റ് പോലീസ് കാഡറ്റിന്റെ സേവനവും ലഭ്യമാക്കും. പാർക്കിംഗ് സൗകര്യങ്ങളൊരുക്കുന്ന നടപടിയും പുരോഗമിക്കുകയാണ്.  
ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം  ഏപ്രിൽ ഒന്നിന് വൈകുന്നേരം 4.30 ന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്ന് നിർവഹിക്കും. വൈക്കം സത്യഗ്രഹം നടന്ന 603 ദിവസത്തെ അനുസ്മരിച്ച് സംസ്ഥാനത്തുടനീളം സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് 603 ദിവസം നീളുന്ന ശതാബ്ദി ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. 


ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും സാംസ്‌കാരിക വകുപ്പ് മന്ത്രി വർക്കിംഗ് ചെയർമാനുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.
യോഗത്തിൽ ജില്ല കലക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ല പോലീസ് മേധാവി കെ. കാർത്തിക്,  വൈക്കം എ.സി.പി നകുൽ ദേശ്മുഖ്, ആർ.ഡി.ഒ പി.ജി. രാജേന്ദ്രകുമാർ, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ,  ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ  ജോയി ജനാർദനൻ, സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർ എൻ.വി. ജോഷി, വൈക്കം നഗരസഭ സെക്രട്ടറി രമ്യ കൃഷ്ണൻ, കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജർ അഭിലാഷ് കെ. ദിവാകർ, തഹസിൽദാർ ടി.എൻ. വിജയൻ, വൈക്കം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. കെ.ജി. കൃഷ്ണൻ പോറ്റി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Latest News