Sorry, you need to enable JavaScript to visit this website.

ഇ.എം.എസ് പരിചയപ്പെടുത്തിയ നടുത്തള സമരം, സങ്കടകാലം തീരാത്ത ദേവികുളത്തെ എ. രാജ

ആരും പ്രതീക്ഷിക്കാതെയാണ് കഴിഞ്ഞ ദിവസം ദേവികുളം എം.എൽ.എ എ. രാജ അങ്ങനെയല്ലാതായത്. വിധി വന്ന ദിവസവും രാജ സഭയിൽ ഉണ്ടായിരുന്നു. അറിഞ്ഞയുടൻ സഭയിൽ നിന്ന് ഇറങ്ങി. ഇനി കയറാൻ പറ്റുമോ എന്ന് കോടതി തീരുമാനിക്കും. രാജയുടെ സത്യപ്രതിജ്ഞ തന്നെ കുഴപ്പത്തിലായിരുന്നു. 2500 രൂപ പിഴയടച്ചാണ് ആ ഭാഗം ശരിയാക്കിയത്. അഭിഭാഷകനായ ഒരാൾക്ക് പറ്റാൻ പാടില്ലാത്ത അബദ്ധമായിരുന്നു അന്ന് സംഭവിച്ചത്. തമിഴിലായിരുന്നു രാജയുടെ സത്യപ്രതിജഞ. കൈയിൽ കൊടുത്ത ഫോമിൽ ദൈവനാമത്തിൽ അല്ലെങ്കിൽ സഗൗരവം എന്നീ വാക്കുകളിൽ ഏതെങ്കിലുമൊന്ന് ചേർക്കണമായിരുന്നു. ഇതൊന്നും ചേർക്കാതെ കിട്ടിയ പേപ്പർ നോക്കി അതങ്ങ് വായിച്ചു. അപ്പോഴേക്കുമിതാ എം.എൽ.എ സ്ഥാനം തന്നെ ഇല്ലാതായ അവസ്ഥയും വന്നിരിക്കുന്നു. കേരളത്തിൽ നടക്കുന്ന സർവ കാര്യങ്ങളും മറ്റാരും അറിയുന്നതിന് മുമ്പ് അറിയുന്ന പാർട്ടി എന്ന ഖ്യാതിയുള്ള സി.പി.എം രാജയുടെ എം.എൽ.എ സ്ഥാനം നഷ്ടമാകുന്ന കേസ് കോടതിയിൽ വരുന്ന വിവരം പോലും അറിഞ്ഞിരുന്നില്ലെന്ന് അറിയുന്നത് ഇപ്പോൾ മാത്രം! രാജയുടെ എതിർ സ്ഥാനാർഥി ഡി. കുമാറിന്റെ നിയമ പോരാട്ടത്തിന്റെ വഴി അറിയാനും രാജയുടെ പാർട്ടിക്ക് സാധിച്ചില്ല. സി.പി.എമ്മും ഇപ്പോൾ പഴയ കൊച്ചി പോലെ മറ്റു പലതും പോലെ പഴയതല്ല. നിയമസഭ സമ്മേളന കാലത്ത് ഭരണ കക്ഷിക്ക് വന്നുപെട്ട ആഘാതം വേണ്ടത്ര ആഘോഷിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചുവെന്ന് തോന്നുന്നില്ല. നിയമസഭക്കകം മറ്റ് പല പ്രശ്‌നങ്ങളാൽ മുഖരിതമായിരുന്നു. 
നിയമസഭക്കുള്ളിലെ സത്യഗ്രഹമായിരുന്നു ഇന്നലത്തെ പ്രതിപക്ഷ സമര രീതി. നടുത്തളത്തിൽ സത്യഗ്രഹമെന്ന സമരത്തിന് തുടക്കം കുറിച്ചയാൾ ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു. ഏറ്റവും കൂടുതൽ തവണ സഭക്കുള്ളിൽ സത്യഗ്രഹമിരുന്ന ചരിത്രവും ഇടതുപക്ഷത്തിന് തന്നെ. 


നിയമസഭ വളപ്പും പരിസരവും സത്യഗ്രഹങ്ങൾക്ക് വേദിയാകാറുണ്ടെങ്കിലും സഭ നടന്നുകൊണ്ടിരിക്കേ നടുത്തളത്തിൽ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം നടന്നത് മുൻപ് അഞ്ച് തവണയെന്ന് ചരിത്രം . ഇ. എം .എസ് നമ്പൂതിരിപ്പാട് 1974 ലാണ് സമരത്തിന് തുടക്കം കുറിച്ചത്. അച്യുതമേനോൻ മന്ത്രിസഭയിലെ ആരോപണവിധേയരായ മന്ത്രിമാർ രാജിവെക്കണമെന്ന ആവശ്യത്തിലായിരുന്നു ഇ. എം .എസിന്റെ സമരം. 1974 ഒക്ടോബർ 21 ന് ഇ.എം.എസിന്റെ നേതൃത്വത്തിൽ 5 എം.എൽ.എമാരാണ് സഭാതലത്തിൽ സത്യഗ്രഹം തുടങ്ങിയത്. ഇതോടെ അന്ന് സഭ നിർത്തി. അടുത്ത ദിവസം പത്രം വായിച്ചാണ് അന്ന് ജനങ്ങൾ പുത്തൻ സമര രീതിയെക്കുറിച്ച് അറിഞ്ഞത്. ഇ.എം.എസിന്റെ പാർട്ടിക്കാർക്ക് അന്ന് വർദ്ധിത ആവേശം. മറ്റെന്തെല്ലാം കാരണമുണ്ടാകാമെങ്കിലും സി.പി.എമ്മിന് ഈ സമരത്തിന്റെയെല്ലാം ശക്തി സ്രോതസ്സ് ചേലാട്ട് അച്യുതമേനോനോടും സി.പി.ഐയോടുമുള്ള തീർത്താൽ തീരാത്ത പകയായിരുന്നു. കാരണം സി.പി.ഐ ആയിരുന്നു അന്ന് ജയിച്ച പാർട്ടി. നാല് മാസം കഴിഞ്ഞ് 1975 ഫെബ്രുവരി 25നും ഇതേ ആവശ്യവുമായി സഭയുടെ നടുത്തളത്തിൽ ഇ.എം.എസിന്റെ നേതൃത്വത്തിൽ നടത്തിയ സമരം 30 മണിക്കൂർ നീണ്ടു. പ്രതിപക്ഷം രാത്രി മുഴുവൻ നിയമസഭയിൽ തുടർന്നതോടെ അടുത്ത ദിവസം സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. സമരവും അവസാനിച്ചു. പിന്നീട് 25 കൊല്ലത്തോളം ഈ സമരം ഉണ്ടായില്ല. 2000 ജൂലൈ 17ന് പ്ലസ് ടു അഴിമതി പ്രശ്‌നമുയർത്തി യു.ഡി.എഫ്, ഇ.എം.എസിന്റെ സമരരീതി ഏറ്റെടുത്തു. കെ.ബാബു, ബാബു ദിവാകരൻ, സി.ജെ.ജോയ്, മാമൻ മത്തായി, ശോഭന ജോർജ് എന്നിവർ സഭയ്ക്കുള്ളിൽ കുത്തിയിരുന്നു. സ്പീക്കർ എം. .വിജയകുമാർ സഭയ്ക്കുള്ളിൽ ലൈറ്റും എസിയും ഓഫാക്കിയതോടെ സമരം അവസാനിപ്പിക്കുകയല്ലാതെ യു.ഡി.എഫിന് വഴിയില്ലായിരുന്നു. സഭാ പിറ്റേന്ന് പിരിഞ്ഞു. 


2011 ൽ വീണ്ടും ഇടതുപക്ഷത്തിന്റെ നടുത്തള സമരം.  പ്രതിപക്ഷ എം.എൽ.എമാരും വാച്ച് ആൻഡ് വാർഡുമായി സംഘർഷമുണ്ടായതിനെ തുടർന്ന് ഒക്ടോബർ 17ന് ജെയിംസ് മാത്യുവിനെയും ടി.വി.രാജേഷിനെയും സസ്‌പെൻഡ് ചെയ്തു. അന്നത്തെ പ്രതിപക്ഷ നേതാവ് വി .എസ് അച്യുതാനന്ദൻ നടുത്തളത്തിൽ സത്യഗ്രഹം പ്രഖ്യാപിച്ചു. സഭയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട ശേഷം രാജേഷും ജെയിംസ് മാത്യുവും സത്യഗ്രഹത്തിൽ പങ്കാളികളായി. രാത്രി മുഴുവൻ പ്രതിപക്ഷം സഭയ്ക്കുള്ളിൽ തുടർന്നതോടെ അടുത്ത ദിവസം സഭ അനിശ്ചിത കാലത്തേക്ക് പിരിയുകയായിരുന്നു. വനിതാ വാച്ച് ആൻഡ് വാർഡിനോട് അപമര്യദയായി പെരുമാറിയെന്ന ഭരണപക്ഷ ആരോപണത്തിന് മുന്നിൽ ടി .വി രാജേഷ് പൊട്ടിക്കരഞ്ഞത് അന്നാണ്. ഇക്കാലമായതിനാൽ ആ കരച്ചിൽ എയറിലുണ്ട്. 2015 ലെ ബാർ കോഴ ആരോപണവും നിയമ സഭയിലെ സംഭവങ്ങളും പ്രസിദ്ധം. കെ.എം.മാണി ബജറ്റ് അവതരിപ്പിക്കാതിരിക്കാൻ 2015 മാർച്ച് 12 ന് ഇടതുപക്ഷ എം.എൽ.എമാർ ഒന്നാകെ സഭയുടെ നടുത്തളത്തിൽ തുടർന്നു. കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അക്രമമാണ് പിറ്റേന്ന് സഭയിൽ കണ്ടത്.


പ്രതിപക്ഷത്തോട് നിയമസഭ മര്യാദയുടെ കാര്യം ഓർമിപ്പിച്ച മന്ത്രി വി.ശിവൻ കുട്ടിക്ക് സഭക്ക് പുറത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ വയറ് നിറച്ച് കൊടുത്തിട്ടുണ്ട്. 
പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം സാക്ഷിയായത് അസാധാരണമായ പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കുമായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ പലവട്ടമാണ് നേർക്കുനേർ പോർവിളിയുമായി ഏറ്റുമുട്ടിയത്. 2023 ലെ ആദ്യ സമ്മേളനത്തിൽ ഉടനീളം കണ്ടത് സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള വൻ പോര്. 
സമരങ്ങളുടെ പാരമ്പര്യം പേറുന്ന കമ്യൂണിസ്റ്റു പാർട്ടികളെയും വെല്ലുന്ന സമര വഴികളിലുള്ള പ്രതിപക്ഷ മാണ് കേരളത്തിലേതെന്ന് തെളിയിച്ച സമ്മേളനം കാലമാണ് കഴിഞ്ഞത്. ഏത് സമരമായാലും ഉരുക്കു മുഷ്ടി കൊണ്ട് നേരിടാൻ കഴിയുന്ന ഭരണ കക്ഷിയും നേതാവുമാണ് മറുപക്ഷത്ത്. 
 

Latest News