33 ക്രൂര കൊലപാതകങ്ങള്‍ നടത്തിയ  കൊടും കുറ്റവാളിക്ക് 1310 വര്‍ഷം തടവ് 

എല്‍സാല്‍വഡോര്‍-കുപ്രസിദ്ധ ക്രിമിനല്‍ സംഘ നേതാവിന് 1310 വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് മധ്യ അമേരിക്കന്‍ രാജ്യമായ എല്‍സാല്‍വഡോറിലെ കോടതി. 33 കൊലപാതകങ്ങളില്‍ പ്രതിയായ വില്‍മര്‍ സെഗോവിയ എന്ന ക്രിമിനലിനാണ് ഇത്രയും വര്‍ഷം ശിക്ഷ വിധിച്ചത്. ഒമ്പത് കൊലപാതക ഗൂഢാലോചനകള്‍ അടക്കം നിരവധി കുറ്റങ്ങള്‍ ഇയാളുടെ പേരിലുണ്ട്. മാരാ സാല്‍വട്രച ഗാങ്ങിലെ അംഗമായിരുന്നു ഇയാള്‍. മിഗ്വല്‍ ഏഞ്ചല്‍ പോര്‍ട്ടില്ലോ എന്ന മറ്റൊരു ക്രിമിനല്‍ സംഘാംഗത്തിന് കോടതി 945 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു. ഇയാള്‍ 22 കൊലപാതകങ്ങളില്‍ പങ്കാളിയാണ്.
കുറ്റകൃത്യങ്ങള്‍ക്ക് പ്രസിദ്ധമായ രാജ്യത്തെ ക്രിമിനല്‍ ഗ്യാങ്ങുകളെ അടിച്ചമര്‍ത്താന്‍ പ്രസിഡന്റ് നഈബ് ബുക്കേലെയുടെ നേതൃത്വത്തില്‍ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമാണ് ശിക്ഷ. ആയിരക്കണക്കിന് ക്രിമിനലുകളെ അടുത്തിടെ എല്‍ സാല്‍വഡോര്‍ ജയിലുകളിലേക്ക് എത്തിച്ചിരുന്നു. ഗ്യാങ്ങ് മെമ്പര്‍മാരെ പാര്‍പ്പിക്കാനുള്ള ഒരു മെഗാ ജയില്‍ അടുത്തിടെ രാജ്യത്ത് തുറക്കുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 24ന് 2,000 ക്രിമിനലുകളെ ഇവിടേക്ക് മാറ്റിയിരുന്നു. 40,000 തടവുപുള്ളികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഈ ജയില്‍ അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ ഏറ്റവും വലുതാണ്. നഈബ് ബുക്കേലെ അധികാരത്തിലെത്തിയതിന് പിന്നാലെ 60,000ത്തിലേറെ ക്രിമിനലുകളെ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. 
 

Latest News