Sorry, you need to enable JavaScript to visit this website.

കിംഗ് ഫൈസൽ അവാർഡുകൾ വിതരണം ചെയ്തു

കിംഗ് ഫൈസൽ അവാർഡിന്റെ ഇസ്‌ലാമിക സേവന വിഭാഗത്തിൽ ശൈഖ് നാസിർ ബിൻ അബ്ദുല്ല അൽസആബി റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരനിൽ (വലത്ത്) നിന്ന് പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നു. കിംഗ് ഫൈസൽ റിസർച്ച് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസ് ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽഫൈസൽ രാജകുമാരനാണ് സമീപം.

റിയാദ് - ഗവർണർമാരും രാജകുമാരന്മാരും ധിഷണാശാലികളും മാധ്യമ പ്രവർത്തകരും മറ്റും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിൽ നാൽപത്തിയഞ്ചാമത് കിംഗ് ഫൈസൽ അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ  വിതരണം ചെയ്തു. 
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ ജേതാക്കൾക്ക് കാഷ് പ്രൈസും സ്വർണ മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. കിംഗ് ഫൈസൽ റിസർച്ച് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസ് ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽഫൈസൽ രാജകുമാരൻ, റോയൽ കോർട്ട് ഉപദേഷ്ടാവും സൗദി ഇക്വസ്ട്രിയൻ അതോറിറ്റി പ്രസിഡന്റുമായ ബന്ദർ ബിൻ ഖാലിദ് അൽഫൈസൽ രാജകുമാരൻ എന്നിവർ അടക്കമുള്ളവർ ചടങ്ങിൽ സംബന്ധിച്ചു. കൊറോണ പിടിപെട്ടതിനാലാണ് സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ തന്റെ സഹോദരൻ ഖാലിദ് അൽഫൈസൽ രാജകുമാരന് അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തതെന്ന് ചടങ്ങിൽ സംസാരിച്ച തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു.
കിംഗ് ഫൈസൽ അവാർഡിന്റെ ഏറ്റവും വിഖ്യാതമായ ഇസ്‌ലാമിക സേവന വിഭാഗത്തിൽ ദക്ഷിണ കൊറിയയിലെ പ്രൊഫ. ചോയ് യംഗ് കിൽ-ഹാമിദും യു.എ.ഇ പൗരനുമായ ശൈഖ് നാസിർ ബിൻ അബ്ദുല്ല അൽസആബിയുമാണ് പുരസ്‌കാരം കൈപ്പറ്റിയത്. 
കൊറിയയിലെ മിയോങ്ജി യൂനിവേഴ്‌സിറ്റിയിലെയും ഹാങ്കോക്ക് യൂനിവേഴ്‌സിറ്റിയിലെയും ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗം മുൻ പ്രൊഫസറും കൊറിയൻ ഇസ്‌ലാമിക് ഹിബ ഫണ്ട് ചെയർമാനുമായ പ്രൊഫ. ചോയ് യംഗ് കിൽ-ഹാമിദ് നിരവധി ഇസ്‌ലാമിക ഗ്രന്ഥങ്ങൾ ഉയർന്ന ഗുണമേന്മയോടെയും കൃത്യതയോടെയും വ്യക്തതയോടെയും കൊറിയൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. മദീന കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സ് ചുമതലപ്പെടുത്തിയതു പ്രകാരം വിശുദ്ധ ഖുർആന്റെ കൊറിയൻ ഭാഷ വിവർത്തനവും ഇദ്ദേഹമാണ് നിർവഹിച്ചത്. കൊറിയക്കാരെ അറബി ഭാഷ പഠിക്കാൻ സഹായിക്കുന്ന കൃതികൾ രചിച്ച ഇദ്ദേഹം പ്രബോധന മേഖലയിലും സജീവമാണ്. 
നൈജറിലെ പെർമനന്റ് കൗൺസിൽ ഓഫ് ദി ഇസ്‌ലാമിക് സോളിഡാരിറ്റി ഫണ്ട് ചെയർമാൻ പദവി വഹിച്ച് റിലീഫ്, ജീവകാരുണ്യ മേഖലയിൽ നടത്തുന്ന വലിയ ശ്രമങ്ങളും നൈജർ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്ക് നേതൃത്വം നൽകുന്നതുമാണ് ശൈഖ് നാസിർ അൽസആബിയെ ഇസ്‌ലാമിക സേവന വിഭാഗത്തിലെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഇദ്ദേഹത്തിന്റെ ഫണ്ട് ഇതിനകം സാമൂഹിക, വികസന, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിൽ 23.6 കോടിയിലേറെ അമേരിക്കൻ ഡോളർ ചെലവഴിച്ച് 2775 പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. മധ്യാഫ്രിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ നൈജർ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ബോർഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റ് പദവി 2014 മുതൽ ഇദ്ദേഹം വഹിച്ചുവരുന്നു. 
ഇസ്‌ലാമിക പഠന വിഭാഗത്തിൽ സ്‌കോട്ട്‌ലാന്റിലെ എഡിൻബർഗ് യൂനിവേഴ്‌സിറ്റി പ്രൊഫസറും ബ്രിട്ടീഷ് വംശജനുമായ ഡോ. റോബർട്ട് ഹിലൻബ്രാൻഡ് അവാർഡ് സ്വീകരിച്ചു. ഇസ്‌ലാമിക് ആർക്കിടെക്ചർ എന്നതായിരുന്നു ഇത്തവണ ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗത്തിൽ അവാർഡിന് നിർണയിച്ച വിഷയം. 
അറബ് സാഹിത്യ വിഭാഗത്തിൽ റബാത്തിലെ മുഹമ്മദ് അഞ്ചാമൻ യൂനിവേഴിസിറ്റി പ്രൊഫസറും മൊറോക്കൊ വംശജനുമായ ഡോ. അബ്ദുൽ ഫത്താഹ് കിലിത്തോ പുരസ്‌കാരം കൈപ്പറ്റി. 
പുരാതന അറബി ആഖ്യാനവും ആധുനിക സിദ്ധാന്തങ്ങളും എന്നതായിരുന്നു ഇത്തവണത്തെ വിഷയം. 
വൈദ്യശാസ്ത്ര വിഭാഗത്തിൽ പകർച്ചവ്യാധികളും വാക്‌സിൻ വികസനവും എന്ന വിഷയത്തിൽ അമേരിക്കയിലെ ഹാർവാർഡ് യൂനിവേഴ്‌സിറ്റി പ്രൊഫസറും അമേരിക്കൻ വംശജനുമായ ഡോ. ഡാൻ ഹൂൺ ബുറുകും ബ്രിട്ടനിലെ ഓക്‌സ്‌ഫോർഡ് യൂനിവേഴിസിറ്റി പ്രൊഫസറും ബ്രിട്ടീഷ് വംശജയുമായ ഡോ. സാറ കാതറീൻ ഗിൽബെർട്ടും അവാർഡ് സ്വീകരിച്ചു. ശാസ്ത്ര വിഭാഗത്തിൽ ഇത്തവണ രസതന്ത്രമായിരുന്നു അവാർഡ് വിഷയം. ഈ വിഭാഗത്തിൽ അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) പ്രൊഫസറും അമേരിക്കൻ വംശജയുമായ ഡോ. ജാക്കി യി-റു യിംഗ്, അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ യൂനിവേഴ്‌സിറ്റി പ്രൊഫസറും അമേരിക്കൻ വംശജനുമായ ഡോ. ചാഡ് അലക്‌സാണ്ടർ മെർകിൻ എന്നിവർ അവാർഡ് കൈപ്പറ്റി. 
ഇസ്‌ലാമിക സേവനം, ഇസ്‌ലാമിക പഠനങ്ങൾ, അറബ് സാഹിത്യം, വൈദ്യശാസ്ത്രം, ശാസ്ത്രം എന്നീ അഞ്ച് വിഭാഗങ്ങളിലാണ് കിംഗ് ഫൈസൽ അവാർഡുകൾ നൽകിവരുന്നത്. ഓരോ വിഭാഗത്തിനും രണ്ട് ലക്ഷം ഡോളർ വീതമാണ് സമ്മാനത്തുക. 
വിജയികൾക്ക് 200 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണ മെഡലും സർട്ടിഫിക്കറ്റുകളും ലഭിക്കും. പുരസ്‌കാരങ്ങൾ പങ്കിടുന്നവർക്ക് കാഷ് പ്രൈസ് വീതിച്ചു നൽകുകയാണ് പതിവ്. 
1979 മുതലാണ് കിംഗ് ഫൈസൽ അവാർഡുകൾ നൽകിത്തുടങ്ങിയത്. തുടക്കത്തിൽ ഇസ്‌ലാമിക സേവനം, ഇസ്‌ലാമിക പഠനങ്ങൾ, അറബ് സാഹിത്യം എന്നീ മൂന്നു വിഭാഗങ്ങളിലാണ് അവാർഡ് നൽകിയിരുന്നത്. ഏതാനും വർഷങ്ങൾക്കു ശേഷം വൈദ്യശാസ്ത്ര മേഖലയിലും ശാസ്ത്ര മേഖലയിലും പുരസ്‌കാരങ്ങൾ നൽകാൻ തുടങ്ങി. 

Latest News