Sorry, you need to enable JavaScript to visit this website.

റാണിപുരം കേരളത്തിന്റെ ഊട്ടി

കാഞ്ഞങ്ങാട്ടു നിന്നും 43 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ സ്ഥലമാണ് റാണിപുരം. കടൽനിരപ്പിൽ നിന്നും 750 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാസർകോട് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം കേരളത്തിന്റെ ഊട്ടി എന്നാണ് അറിയപ്പെടുന്നത്. മുമ്പ് മാടത്തുമല എന്നറിയപ്പെട്ടിരുന്ന ഇവിടം നിത്യഹരിത ചോലവനങ്ങളും വിശാലമായ പുൽമേടുകളും നിറഞ്ഞതാണ്. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന സസ്യ ജന്തുജാലങ്ങളിൽ മിക്കവയും നിറഞ്ഞ ഈ പ്രദേശത്ത്  ആന, പുലി, കാട്ടുപന്നി, കുരങ്ങ്, മലയണ്ണാൻ തുടങ്ങിയ മൃഗങ്ങളും അസംഖ്യം കിളികളും ചിത്രശലഭങ്ങളും അപൂർവ ഔഷധ സസ്യങ്ങളുമെല്ലാം അധിവസിക്കുന്നുണ്ട്. റാണീപുരത്തിനോടു ചേർന്നാണ് കർണാടകയിലെ കൂർഗ് മലനിരകളും തലക്കാവേരി വന്യജീവി സങ്കേതവും ഉളളത്. പ്രകൃതി സ്നേഹികൾക്കും സാഹസിക പ്രേമികൾക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണിത്.


കഴിഞ്ഞ ഏതാനും നാളുകളായി ഈ ടൂറിസ്റ്റ് സ്‌പോട്ടിൽ ഒരു പ്രശ്‌നമുണ്ടായിരുന്നു. അതിനാണ് പരിഹാരമുണ്ടായിരിക്കുന്നത്. റാണിപുരത്തെ സ്വകാര്യ, സർക്കാർ റിസോർട്ടുകളും കച്ചവടക്കാരും കനിഞ്ഞതോടെ വിനോദ സഞ്ചാര കേന്ദ്രത്തിലെ  വെള്ളത്തിന്റെ ദൗർലഭ്യം തീർന്നു. ഇതേത്തുടർന്ന് ഞായറാഴ്ച മുതൽ റാണിപുരം ഇക്കോ ടൂറിസം പാർക്ക് വിനോദ സഞ്ചാരികൾക്കായി തുറന്നു നൽകി. റാണിപുരം കുന്നിൻമുകളിൽ  വനംവകുപ്പിന്റെ അധീനതയിലുള്ള  ഇക്കോ സിസ്റ്റത്തിലെ ജലക്ഷാമം കാരണം മാർച്ച് എട്ടിനാണ് വിനോദ സഞ്ചാര കേന്ദ്രം  താൽക്കാലികമായി പൂട്ടിയത്. വനം വകുപ്പിന്റെ പദ്ധതിയിലേക്ക് സ്ഥിരമായി വെള്ളം ലഭ്യമാക്കുന്നതിന്  കുന്നിൻമുകളിലെ കാട്ടിനുള്ളിൽ വലിയ കിണർ ഉണ്ട്. കുറെ ദിവസം സ്ഥിരമായി പമ്പിങ് നടന്നതിനാൽ കിണറിലെ വെള്ളം വറ്റിയിരുന്നു. ഇതിനെത്തുടർന്നാണ്  ജലക്ഷാമം ഉണ്ടായത്. പാർക്ക് അടച്ചിട്ടതിനെ തുടർന്ന്  വെള്ളം കിട്ടുന്നതിന് കിണറിന്റെ ആഴം കൂട്ടുകയും കൂടുതൽ വെള്ളം കിട്ടുന്നതിന് നടപടി എടുക്കുകയും ചെയ്തു. ഇതുകൊണ്ട് മാത്രം പരിഹാരം ആകാത്തതിനെ തുടർന്ന് റാണീപുരത്തെ സ്വകാര്യ സ്ഥാപനങ്ങളെ വെള്ളത്തിനായി ആശ്രയിക്കുകയായിരുന്നു. റാണിപുരം ഡിടിപിസി  റിസോർട്ടിന്റെ ചുമതല വഹിക്കുന്ന സൊസൈറ്റി ഭാരവാഹി ഗണേശന്റെ നേതൃത്വത്തിൽ ജില്ല കലക്ടർ  ബണ്ടാരി സ്വാഗതം രൺവീർ ചന്ദിനെ സന്ദർശിച്ച് അവധിക്കാലം വരുന്നതിന് മുമ്പ് ടൂറിസം കേന്ദ്രം തുറക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. 


ജില്ല കലക്ടർ, ഡി.എഫ്.ഒ  പി. ബിജു, കാസർകോട് ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ് എന്നിവർ കൂടിയാലോചന നടത്തുകയും വെള്ളത്തിനായി ബദൽ സംവിധാനം ഏർപ്പടുത്തുകയും ചെയ്തു. അതനുസരിച്ച് ബോർവെല്ലുകളും കിണറുകളുമുള്ള റിസോർട്ട് ഉടമകളും ഹോട്ടലുടമകളും വെള്ളം ടാങ്കറുകളിൽ നിറച്ച്  റാണിപുരം കുന്നിന്റെ മുകളിൽ എത്തിക്കുന്നതിന് സഹായിക്കാമെന്ന് ഉറപ്പു നൽകി. ഇതോടെയാണ് ജലക്ഷാമം പരിഹരിക്കുന്നതിനുള്ള വഴി തുറന്നത്. ടൂറിസം കേന്ദ്രം അടച്ചിട്ടതോടെ  രണ്ടാഴ്ചയായി  വിനോദ സഞ്ചാരികൾ ആരും  ഇവിടെ എത്തിയിരുന്നില്ല. 

Latest News