Sorry, you need to enable JavaScript to visit this website.

ടൂറിസ്റ്റ് വിസയിൽ സൗദിയിലേക്ക് വരുന്നവർ ഇക്കാര്യങ്ങൾ മറക്കാതിരിക്കുക

ജിദ്ദ- ഒരു സംശയം ചോദിക്കാനാണ്. എന്റെ ഒരു കൂട്ടുകാരൻ സൗദിയിലേക്ക് ടൂറിസ്റ്റ് വിസയിൽ വന്നു. ആദ്യം വന്ന ശേഷം രണ്ടു മാസം സൗദിയിൽ ചെലവഴിച്ചു. പിന്നീട് നാട്ടിലേക്ക് പോയി തിരിച്ചെത്തി വീണ്ടും സൗദിയിൽ മൂന്നു മാസം നിന്നു. എന്നാൽ കഴിഞ്ഞ ദിവസം തിരിച്ചുപോകാൻ വിമാനതാവളത്തിൽ എത്തിയ ഇയാളോട് അനുവദിച്ചതിലും കൂടുതൽ കാലം സൗദിയിൽ ചെലവിട്ടുവെന്നും ഫൈൻ അടക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്. ഒരു കൊല്ലത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസ ഉണ്ടായിട്ടും എന്തുകൊണ്ടാണ് പിഴ ഈടാക്കുന്നത്.
ഇന്ന് മലയാളം ന്യൂസ് ദിനപത്രത്തിലേക്ക് ഒരാൾ ചോദിച്ച സംശയമാണിത്. ഇത് ഏതെങ്കിലും ഒരു മലയാളിയുടെ മാത്രം വിഷയമല്ല. സമാനമായ സംഭവം നേരിടുന്ന നിരവധി പേർ കഴിഞ്ഞ ദിവസങ്ങളിലെല്ലാം മലയാളം ന്യൂസുമായി ബന്ധപ്പെട്ടിരുന്നു. 
സൗദിയിലേക്ക് ടൂറിസ്റ്റ് വിസയിൽ വരുന്നവർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വിസയുടെ കാലാവധിയാണ്. ഒരു കൊല്ലത്തേക്കുള്ള ടൂറിസ്റ്റ് വിസയാണെങ്കിലും അവർക്ക് സൗദിയിൽ ആകെ ചെലവിടാൻ പറ്റുന്നത് 90 ദിവസമാണ്. ഇത് എത്ര തവണ സൗദിയിൽ നിന്ന് തിരിച്ചുപോയാലും ആകെ ചെലവിടാൻ പറ്റുന്ന ദിവസം 90 ആണ്. ടൂറിസ്റ്റ് വിസയിൽ ഒരു വർഷത്തിൽ എത്ര തവണ വേണമെങ്കിലും സൗദിയിലേക്ക് വരാം. എന്നാൽ ആകെ 90 ദിവസം മാത്രമേ ചെലവിടാനാകൂ. എന്നാൽ ഇത് പലരും ശ്രദ്ധിക്കുന്നില്ല. ഏത് വിസയിൽ വന്നാലും ഒരു കൊല്ലം സൗദിയിൽ കഴിയാം എന്നാണ് പലരുടെയും ധാരണ. എന്നാൽ ടൂറിസ്റ്റ് വിസയിൽ സൗദിയിൽ എത്തിയാൽ 90 ദിവസമേ ഇവിടെ നിൽക്കാനാകൂ. അധികം ചെലവിടുന്ന ഓരോ ദിവസത്തിനും ദിവസം ഒന്നിന് നൂറു റിയാൽ വെച്ച് ഫൈൻ ഈടാക്കും. അതിനാൽ സൗദിയിലേക്ക് ടൂറിസ്റ്റ് വിസയിൽ വരുന്നവർ 90 ദിവസം എന്ന സമയപരിധി കൃത്യമായും പാലിക്കണം. 

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

സൗദി അറേബ്യയിൽ നിന്ന് പുറത്തുപോയി വീണ്ടും തിരിച്ചെത്തേണ്ട ആവശ്യമില്ലാതെ ടൂറിസ്റ്റ് വിസ ദീർഘിപ്പിക്കാൻ സാധിക്കില്ലെന്ന് ടൂറിസം മന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച് മലയാളം ന്യൂസ് ഉന്നയിച്ച സംശയത്തിനാണ് മന്ത്രാലയം മറുപടി നൽകിയത്. ടൂറിസ്റ്റ് വിസ ദീർഘിപ്പിക്കാൻ കഴിയില്ല. ടൂറിസ്റ്റ് വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് സൗദിയിലെ മുഴുവൻ പ്രവിശ്യകളും സന്ദർശിക്കാനും ഉംറ കർമം നിർവഹിക്കാനും സാധിക്കും. ഇവർക്ക് ഹജ് നിർവഹിക്കാൻ അനുമതിയില്ലെന്നും ടൂറിസം മന്ത്രാലയം പറഞ്ഞു.2019 അവസാന പാദം മുതലാണ് സൗദി അറേബ്യ വിദേശികൾക്ക് ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ തുടങ്ങിയത്. ഒരു വർഷ കാലാവധിയുള്ള വിസയാണ് അനുവദിക്കുന്നത്. ഈ വിസയിൽ പരമാവധി തുടർച്ചയായി 90 ദിവസം വരെ സൗദിയിൽ തങ്ങാൻ സാധിക്കും. വിസ ഫീസ് 300 റിയാലാണ്. ഇതിനു പുറമെ മെഡിക്കൽ ഇൻഷുറൻസായി 140 റിയാലും നൽകണം. മൊത്തം 440 റിയാൽ. ഇത് മദ കാർഡ് വഴിയോ ക്രെഡിറ്റ് കാർഡ് വഴിയോ അടയ്ക്കാം.

Latest News