ദേവികുളം തെരഞ്ഞെടുപ്പ് കേസ് : ഒരു മുഴം മുന്നിലെറിഞ്ഞ് യു ഡി എഫ് സ്ഥാനാര്‍ത്ഥി തടസ്സഹര്‍ജി ഫയല്‍ ചെയ്തു

ഡി.കുമാര്‍, എ.രാജ

ന്യൂദല്‍ഹി - ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കപ്പെട്ട എ.രാജ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് എതിര്‍ സ്ഥാനാര്‍ത്ഥി ഡി.കുമാര്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തു.  എ.രാജയുടെ നിയമസഭാംഗത്വം അസാധുവാക്കിയ ഹൈക്കോടതി വിധിയില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് ഡി.കുമാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എ,രാജയ്ക്ക്  സുപ്രീം കോടതിയെ സമീപിക്കാനുള്ള സാവകാശത്തിനായി ഹൈക്കോടതി ഉത്തരവിന് പത്ത് ദിവസത്തെ ഇടക്കാല സ്റ്റേ നല്‍കിയിരുന്നു. 
ഇന്നലെയാണ് രാജയെ ഹൈക്കോടതി അയോഗ്യനാക്കിയത്. സുപ്രീം കോടതിയെ സമീപിക്കുമെന്ന് എ.രാജ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന യു ഡി എഫിലെ ഡി. കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് എ.രാജയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. സംവരണ സീറ്റില്‍ മത്സരിക്കാന്‍ എ രാജയ്ക്ക് യോഗ്യതയില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കണ്ടെത്തുകയായിരുന്നു. പട്ടിക ജാതി, പട്ടിക വര്‍ഗ സംവരണ സീറ്റാണ് ദേവികുളം നിയമസഭാ മണ്ഡലം. ഈ വിഭാഗത്തില്‍ പെട്ടയാളല്ലാത്ത എ.രാജ മത്സരിച്ചതിനെതിരെയാണ് എതിര്‍ സ്ഥാനാര്‍ത്ഥി ഹര്‍ജി നല്‍കിയിരുന്നത്. എ. രാജ മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ആളാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ഹൈക്കോടതിയോട് ഡി കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കുക മാത്രമാണ് കോടതി ചെയ്തിട്ടുള്ളത്.

 

 

 

 

Latest News