Sorry, you need to enable JavaScript to visit this website.

മരം ഒരു വരം: ഇന്ന് അന്താരാഷ്ട്ര വനസംരക്ഷണ ദിനം

ഇന്ന് മാർച്ച് 21 ലോക വനദിനം. വനനശീകരണത്തിൽ നിന്നും വനങ്ങളെ എല്ലാവിധത്തിലും നിർബന്ധമായി രക്ഷപ്പെടുത്തി പരിപാലിക്കുകയെന്നതാണ് ഈ ദിനാചരണത്തിന്റെ മഹത്തായ ലക്ഷ്യം. അതിനായി വനങ്ങളുടെ പ്രാധാന്യം ആഘോഷിക്കുകയും ജനങ്ങളിൽ അവബോധം വളർത്തുകയും ചെയ്യുക എന്ന വലിയ ലക്ഷ്യമാണ് വനദിനത്തിനു പിന്നിൽ. വൃക്ഷത്തൈ നടീൽ കാമ്പയിനുകൾ പോലുള്ള വനങ്ങളും മരങ്ങളും ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ പ്രാദേശികവും ദേശീയവും അന്തർദേശീയവുമായി നടക്കണമെങ്കിൽ സഹകരണ പങ്കാളിത്തം ആവശ്യമാണ്. 
വന നശീകരണങ്ങൾ എങ്ങനെ നോക്കിയാലും പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും നാശത്തിലേക്കും അത് വഴി ഭൂമിയിലെ ജീവന്റെയും ജൈവ സമ്പത്തിന്റെയും നിലനിൽപിന് ആഗോള തലത്തിൽ തന്നെ ശക്തമായ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കാഴ്ചകൾ നാം ഒരുപാട് കണ്ടുകൊണ്ടിരിക്കുകയാണ്. 
ആ തിരിച്ചറിവിൽ നിന്നാണ് 2012 നവംബർ 28 ന് ഐക്യരാഷ്ട്ര സഭയുടെ പൊതുയോഗത്തിൽ മാർച്ച് 21 ലോക വനദിനമായി ആചരിക്കാൻ തീരുമാനിച്ചത്. വന സംരക്ഷണത്തിനുള്ള നിരവധി ദേശീയ അന്തർദേശീയ നിയമങ്ങൾ ഇന്ന് പ്രാബല്യത്തിലുണ്ട്. 
ശാന്തഗംഭീരമായ കാടുകൾ, ഒന്നാലോചിച്ചാൽ ഒരു അത്ഭുതം തന്നെയാണെന്ന് മനസ്സിലാക്കാൻ കഴിയും. ആകാശം മുട്ടേ വളർന്ന് നിൽക്കുന്ന കൂറ്റൻ മരങ്ങൾ അതിന് ചെറുതും വലുതുമായി ഒട്ടേറെ ചെറുമരങ്ങൾ സസ്യങ്ങളും പന്നലുകളും വള്ളിച്ചെടികളും ഇവയെ ചുറ്റിപ്പറ്റി ജീവിക്കുന്ന ലക്ഷക്കണക്കിന് പക്ഷിമൃഗാദികളും ചെറുജീവികളും പ്രാണികളും ഇഴജന്തുക്കളും ശാന്തമായി ഒഴുകുന്ന തടാകങ്ങളും ചതുപ്പുകളും സുന്ദരമായ പുൽമേടുകളും തല ഉയർത്തിനിൽക്കുന്ന പലവിധ മലകളും കുന്നുകളും കരിമ്പാറക്കൂട്ടങ്ങളും ഒക്കെ ചേർന്ന അത്യത്ഭുത ലോകമാണ് വനങ്ങൾ. ശബ്ദ സൗകുമാര്യം കൊണ്ട് കാടിനെ പോസിറ്റിവാക്കുന്ന ആനയും കടുവയും സിംഹവും  പുലിയും കരടിയും മുതലായ വന്യജീവികൾ ചേർന്ന രസ കാഴ്ചകൾ. 
വിവിധ തരം പക്ഷികളുടെ പലവിധ ശബ്ദ മേളകൾ കാടിന്റെ കാഴ്ചകൾക്ക് കൊഴുപ്പ് കൂട്ടുന്നതാണ്. കുരങ്ങും ചാടി മറയുന്ന അണ്ണാറക്കണ്ണന്മാരും പാറിപ്പറക്കുന്ന പൂമ്പാറ്റകളും തേൻ നുകരുന്ന തേനീച്ചകളും അനേകായിരം ചെറുപ്രാണികളും ഒപ്പം മാനും മയിലും മുയലും അതിനപ്പുറം മറ്റാരൊക്കെയൊ ചേരുന്ന വന കാഴ്ചകളെ എടുത്ത് പറയാതെ വയ്യ. വന നശീകരണത്തിന്റെ മറ്റൊരു വിപത്ത് ആഗോള താപനത്തിലൂടെ ഉണ്ടാകുന്ന ജീവഹാനിയാണ്. അങ്ങനെ ഒരുപാട് മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും നിലനിൽപിനായുള്ള മറ്റ് പലതും നമുക്ക് നഷ്ടപ്പെട്ടു.മരങ്ങളിൽ പെയ്യുന്ന മഴ വെള്ളം മരങ്ങളുടെ തലപ്പിലൂടെ കിനിഞ്ഞിറങ്ങി അവയുടെ തടിയിലൂടെ വേരിലിറങ്ങി
ആഴത്തിൽ സംഭരിക്കപ്പെടുന്നു. ഇതാണ് മരങ്ങളെ നിലനിർത്തുന്നത്, മണ്ണിന്റെ വളക്കൂറ് കാത്ത് സൂക്ഷിക്കുന്നത്, മണ്ണിൽ പടരുന്ന സസ്യവേരുകളാണ്. ഭൂമിക്ക് ചോല പോലെ തളിർശയ്യ വിരിക്കുന്ന ഓരോ മരവും വെട്ടിമുറിക്കപ്പെടുമ്പോൾ വനങ്ങൾ കൈയേറുമ്പോൾ നാം ഓർക്കണം നമ്മുടെ തന്നെ ജീവന്റെ നിലനിൽപിനെയാണ് ഇല്ലാതാക്കുന്നതെന്ന്. തരിശുഭൂമി നിർമിക്കപ്പെടുകയാണ് ചെയ്യുന്നത.് വാസ്തവത്തിൽ ഇതിലൂടെ നമ്മളടക്കമുള്ള ജീവജാലങ്ങൾ ഇന്ന് പൊള്ളിപ്പിടയുകയല്ലേ.
ഇന്ന് നാം നേരിടുന്ന പ്രളയവും വരൾച്ചയും ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഒക്കെ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം വനനശീകരണമാണ്.
ഭൂമിയുടെ മൂന്നിൽ ഒരു ഭാഗം വനമാണ്. ജൈവ വൈവിധ്യ ത്തിന്റെ കലവറയായ ഈ ഭൂഭാഗമാണ് ഭൂമിയെ മനുഷ്യവാസമാക്കുന്നതിലെ മുഖ്യ ഘടകം. മണ്ണിനെ ജൈവസമ്പുഷ്ടവും ഭൂമിയെ ജലസമ്പന്നവുമാക്കുന്നതിൽ വനത്തിന്റെ പങ്ക് വളരെ വലുതാണ്. കൂടാതെ ഭക്ഷണം, പാർപ്പിടം തുടങ്ങി മനുഷ്യർക്കും മൃഗങ്ങൾക്കും സർവ ജീവജാലങ്ങൾക്കും കണക്കാക്കാനാവാത്ത പല കാര്യങ്ങളും നൽകുന്നത് വനങ്ങളാണ്.
വനവൽക്കരണം പ്രകൃതിയുടെയും ജീവജാലങ്ങളുടെയും നിലനിൽപിന് അനിവാര്യമാണ് എന്ന് മനസ്സിലാക്കി ഒരു സാമൂഹ്യ ജീവി എന്ന നിലയിൽ ഇനിയെങ്കിലുമുള്ള പച്ചപ്പിനെ പിടിച്ചു നിർത്താൻ നമുക്ക് കഴിയണം. വനനശീകരണം ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിനും അതു മൂലം കാലാവസ്ഥ വ്യതിയാനം ഉണ്ടാവാനും കാരണമാവുന്നു. മണ്ണൊലിപ്പുണ്ടാകാതെ മണ്ണിന് ഉറപ്പ് നൽകുന്നത് മരങ്ങളുടെ വേരുകളാണ്. എന്നാൽ മരങ്ങൾ നശിപ്പിക്കുന്നതുകൊണ്ട് മലയിടിച്ചിലും മണ്ണൊലിപ്പും ഉണ്ടാകുന്നു.
 ജൈവ സമ്പത്തിന്റെ കലവറയാണ് വനങ്ങൾ എന്നതുകൊണ്ട് വനങ്ങളുടെ പുനഃസ്ഥാപനത്തിലേക്കും വീണ്ടെടുക്കലിലേക്കും ക്ഷമതയിലേ ക്കും ഒരു വഴി വെട്ടിയേ തീരൂ. വനനശീകരണം പരിസ്ഥിതി യുടെയും ആവാസ വ്യവസ്ഥയുടെയും നാശത്തിലേക്കും അത് വഴി ഭൂമിയിലെ ജീവന്റേയും ജൈവ സമ്പത്തിന്റേയും നിലനിൽപിന് തന്നെ ആഗോള തലത്തിൽ ശക്തമായ ഭീഷണിയായി മാറിക്കഴിഞ്ഞു. 
ഈ തിരിച്ചറിവിൽ നിന്നാണ് 2012 ൽ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ മാർച്ച് 21 ലോക വനദിനം അഥവാ ഇന്റർനാഷണൽ ഡേ രൂപീകരിച്ചത്. 
വനവത്കരണത്തിനും വനസംരക്ഷണത്തിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിത്യജീവിതത്തിൽ വനങ്ങളുടെ സ്വാധീനം ജനങ്ങളെ ബോധ്യപ്പെടുത്തുകയും അതിനായുള്ള പരിപാടികൾ ആസൂത്രണം ചെയ്യുകയുമാണ് ലോക വനദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഭൂമിയിൽ ജീവന്റെ നിലനിൽപിന് വനങ്ങൾ അത്യന്താപേക്ഷിതമാണ്. അവ ഭൂമിയിലെ ഒട്ടനേകം മൃഗങ്ങളുടേയും സസ്യജാലങ്ങളുടേയും പലതരം സൂക്ഷ്മജീവികളുടേയും സ്വാഭാവിക ആവാസ വ്യവസ്ഥയാണ്. 
ആഹാര ശൃംഖലയിലെ ഏറ്റവും സങ്കീർണമായ കണ്ണികളായ വിവിധ തരം സസ്യങ്ങൾ മൃഗങ്ങൾ ഫംഗസ് ബാക്ടീരിയ എന്നിവ ഉൾപ്പെടുന്ന ബൃഹത്തായ പരിസ്ഥിതി ആവാസ വ്യവസ്ഥയാണ് വനങ്ങളെന്ന് മനസ്സിലാക്കണം.
വന നഷ്ടം കൊണ്ട് പലജീവികളും വംശനാശത്തിന്റെ വക്കിലാണ്. സോഡോ പക്ഷി സഞ്ചാരി പ്രാവ് ഗ്രേറ്റ് ഓക്ക് എന്ന പെൻഗ്വിൻ. ഔ റോക്‌സ് ടാസ്മാനിയൻ കടുവ, പൈറിൻ ഐബക്‌സ് തുടങ്ങി അനേകം ജീവിവർഗങ്ങൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി. ഭൂമി നമ്മുടേത് മാത്രമല്ല,  മറ്റു ജീവജാലങ്ങൾക്കും ഇവിടെ ജീവിക്കാൻ അവകാശമുണ്ട്. ഒരു സൂക്ഷ്മാണു പോലും ജീവ ശൃംഖലയിലെ അവിഭാജ്യ ഘടകമാണ്. 
ഒരു ജീവിയുടെ നാശം ജൈവ വ്യവസ്ഥയെ സാരമായി ബാധിക്കും. ചുരുക്കിപ്പറഞ്ഞാൽ കാടാണ് നാടിനെ കാക്കുന്നത്. അത്രത്തോളം കാട്ടിൽ എല്ലാമുണ്ട്. ദിനംപ്രതി ആയിരക്കണക്കിന് ഹെക്ടർ മരങ്ങളാണ് ഇല്ലാതായിക്കൊണ്ടിരി ക്കുന്നത്. 
അതിന്റെ ഫലമായി 1952 ൽ സ്വതന്ത്ര ഭാരതത്തിന്റെ വനനയം പുറത്തു വന്നു. 1972 ൽ ആണ് വന്യമൃഗ സംരക്ഷണ നിയമം നിലവിൽ വന്നത്. സസ്യ ജന്തുജാലങ്ങളെ അതിന്റെ സ്വാഭാവികമായ ആവാസ വ്യവസ്ഥയിൽ സംരക്ഷിക്കുന്നതിനായി ദേശീയോദ്യാനങ്ങൾ, വന്യമൃഗ സങ്കേതങ്ങൾ, ആന സംരക്ഷണ പദ്ധതികൾ, ഇമ്യൂണിറ്റി റിസർവുകൾ, കാവുകൾ തുടങ്ങി അനേകം വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. വനനശീകരണം കൊണ്ടുള്ള ആപൽക്കരമായ വിപത്തുകൾ ഇത്രയേറെയും തിരിച്ചറിയുമ്പോൾ ഉറപ്പായും ഇന്നത്തെ ദിവസം നമുക്ക് മനസാ പ്രതിജ്ഞയെടുക്കാം, വന സംരക്ഷണത്തിനായി. 

Latest News