Sorry, you need to enable JavaScript to visit this website.

ചരിത്രം മങ്ങുന്ന മലബാർ റെയിൽ

കേരളത്തിന്റെ റെയിൽവേ ചരിത്രത്തിൽ മലബാറിന്റെ സ്ഥാനം പ്രധാനപ്പെട്ടതാണ്. സംസ്ഥാനത്തെ ആദ്യ തീവണ്ടി ചൂളംവിളിച്ചു നീങ്ങിയത് മലബാറിലെ ബേപ്പൂരിൽ നിന്ന് തിരൂരിലേക്കാണ്. 1861 മാർച്ച് 12 ന് മുപ്പത് കിലോമീറ്റർ ദൂരം ആ ചരിത്ര വണ്ടി ഒാടുത്തുടങ്ങിയിട്ട് ഒന്നര നൂറ്റാണ്ടിലേറെ പിന്നിടുമ്പോഴും മലബാറിന്റെ റെയിൽവേ വികസനം ഏറെയൊന്നും അഭിമാനിക്കാവുന്നതല്ല. ഈ കാലഘട്ടത്തിനിടയിൽ മലബാറിനുണ്ടായ മാറ്റം ചെറുതൊന്നുമല്ല. ഗൾഫ് കുടിയേറ്റമുൾെപ്പടെയുള്ള സാമൂഹികമായ വൻമാറ്റങ്ങൾ മലബാറിന്റെ ചിത്രവും ചരിത്രവുമാകെ മാറ്റിവരച്ചു. 
സാമ്പത്തികമായി ഈ പ്രദേശം ഏറെ വളരുകയും നാടിന്റെ മുഖഛായ മാറുകയും ചെയ്‌തെങ്കിലും റെയിൽ ഗതാഗതത്തിന്റെ കാര്യത്തിൽ വലിയൊരു കുതിച്ചു ചാട്ടം ഇപ്പോഴും ഉണ്ടായിട്ടില്ല. റെയിൽവേ പാളങ്ങളുടെ നീളം കൂടുകയും കൂടുതൽ വണ്ടികൾ ഓടിത്തുടങ്ങുകയും ചെയ്‌തെങ്കിലും ഇന്നും മലബാറുകാരുടെ നിത്യജീവിതത്തിൽ വലിയ സ്വാധീനമൊന്നും ചെലുത്താൻ റെയിൽവേക്കായിട്ടില്ല.ദീർഘദൂര യാത്രകൾക്കോ അത്യാവശ്യമല്ലാത്ത യാത്രകൾക്കോ മാത്രം ഉപയോഗിക്കുന്ന ഒരു ഉപാധിയായി മാത്രമാണ് റെയിൽവേ അവർക്ക് മുന്നിലുള്ളത്. ദേശീയപാത വികസനത്തിലും വ്യോമഗതാഗത്തിലും മലബാറിൽ വലിയ മാറ്റങ്ങൾ കഴിഞ്ഞ കാലങ്ങളിലുണ്ടായി. എന്നാൽ ഏറെ സാധ്യതകളുണ്ടായിട്ടും റെയിൽ ഗതാഗതം ഇന്നും മാറ്റങ്ങളില്ലാതെ തുടരുകയാണ്.
ഷൊർണൂരിൽ നിന്ന് വടക്കോട്ട് റെയിൽ ഗതാഗത രംഗം നേരിടുന്നത് വലിയ അവഗണനയാണ്. പുതിയ പാതകളൊന്നും ഈ പ്രദേശങ്ങളിൽ ഉണ്ടായിട്ടില്ല. പാത ഇരട്ടിപ്പിക്കുന്നതിനോ മറ്റു വികസനങ്ങൾക്കോ ഇന്ത്യൻ റെയിൽവേ താൽപര്യം കാണിക്കുന്നുമില്ല. റെയിൽ യാത്രയെ ഒരു പൊതുഗതാഗത മാർഗമായി തെരഞ്ഞെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന ഒരു വികസനവും നടപ്പാക്കുന്നുമില്ല. സ്ഥിരമായി ഓടുന്ന ചില ട്രെയിനുകളല്ലാതെ വലിയ മാറ്റങ്ങളില്ലാതെ മുന്നോട്ടു പോകുകയാണ് റെയിൽ മേഖല. മലബാറിൽ പുതിയ പാതകളെ കുറിച്ചുള്ള ചർച്ചകൾ ഏറെ കാലമായി നടക്കുന്നുണ്ടെങ്കിലും അതെല്ലാം ഇപ്പോഴും വാഗ്്ദാനങ്ങൾ മാത്രമാണ്.
കോഴിക്കോട്ട് നിന്ന് കാസർകോട്ടേക്ക് ഇന്നും ഏറ്റവും വേഗത്തിൽ എത്താവുന്നതും സുഖപ്രദവുമായ ഗതാഗത മാർഗമാണ് റെയിൽ. എന്നാൽ ഈ റൂട്ടിൽ പാതകളുടെ എണ്ണം വർധിപ്പിക്കുന്നതിനോ അതിവേഗ ട്രെയിനുകൾ ഏർപ്പെടുത്തുന്നതിനോ സംവിധാനങ്ങളില്ല. കൊച്ചി മെട്രോ മാതൃകയിൽ കോഴിക്കോട് കേന്ദ്രീകരിച്ച് അതിവേഗ, ഹ്രസ്വദൂര ട്രെയിൻ പദ്ധതിക്ക് സാധ്യതകൾ ഏറെയുണ്ടെങ്കിലും അത്തരത്തിലുള്ള വലിയ മാറ്റങ്ങളെ കുറിച്ചൊന്നും റെയിൽവേ ചിന്തിക്കുന്നില്ല.
കോഴിക്കോട്ട് നിന്ന് തെക്കോട്ട് തൃശൂരിലെത്താൻ ഇപ്പോഴും തീവണ്ടിയിൽ ഏറെ ചുറ്റി സഞ്ചരിക്കണം. ഷൊർണൂർ വഴിയുള്ള ചുറ്റൽ ഒഴിവാക്കാൻ കോഴിക്കോട്-തൃശൂർ യാത്രക്കാർ ഏറെയും ബസുകളെയാണ് ആശ്രയിക്കുന്നത്. 
താനൂരിൽ നിന്ന് ഗുരുവായൂരിലേക്ക് മുമ്പ് നിർദേശിക്കപ്പെട്ടിരുന്ന പാത യാഥാർഥ്യമായിരുന്നെങ്കിൽ ഇന്ന് മലബാറിന്റെ റെയിൽവേ ചിത്രം ഏറെ മാറിയേനേ. യാത്രാദൂരം ഏറെ കുറക്കുന്നതും ഗുരുവായൂർ ഉൾെപ്പടെയുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് യാത്ര എളുപ്പമാക്കുന്നതുമായി ഈ പാത നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാരോ, സംസ്ഥാന സർക്കാരോ വേണ്ടത്ര താൽപര്യം കാണിച്ചില്ല. റെയിൽ പാതക്കായി സ്ഥലമേറ്റെടുക്കുന്നതിനെതിരെ താനൂർ മേഖലയിൽ ജനങ്ങളുടെ പ്രതിഷേധങ്ങളുണ്ടായിരുന്നു. 
എന്നാൽ ഇന്ന് ദേശീയ പാതക്ക് വേണ്ടി സ്ഥലമേറ്റെടുക്കുന്ന രീതി അവലംബിച്ചിരുന്നെങ്കിൽ ആ പാത യാഥാർഥ്യമായേനേ. ദേശീയ പാതയുടെ കാര്യത്തിലും ശക്തമായ പ്രതിഷേധങ്ങളുയർന്നിരുന്നതാണ്. എന്നാൽ ഏറ്റെടുക്കുന്ന സ്ഥലത്തിന് മികച്ച വില നൽകിയതോടെ പുറം തിരിഞ്ഞു നിന്നിരുന്നവരെല്ലാം സ്ഥലം കൊടുക്കാൻ തയാറായിരുന്നു. ഇത്തരത്തിലുള്ള മികച്ച നഷ്ടപരിഹാര പാക്കേജുമായി അന്ന് റെയിൽവേ ജനങ്ങളെ സമീപിച്ചിരുന്നില്ല. 
അത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ ഇന്ന് താനൂർ-ഗുരുവായൂർ പാത യാഥാർഥ്യമായേനേ. ജനങ്ങളുടെ യാത്രാദുരിതത്തിന് വലിയൊരളവു വരെ ആശ്വാസവുമുണ്ടായേനേ.
മലപ്പുറം ജില്ലയിൽ രണ്ട് റെയിൽ പാതകളെ കുറിച്ച് ഏറെക്കാലം ചർച്ചകൾ നടന്നിരുന്നു. നിലമ്പൂർ-നഞ്ചൻകോഡ് പാതയും അങ്ങാടിപ്പുറം-ഫറോക്ക് പാതയും. ഈ പദ്ധതികളും ഇന്ന് എവിടെയുമെത്തിയിട്ടില്ല. അങ്ങാടിപ്പുറം-ഫറോക്ക് പാതയെ കുറിച്ചുള്ള ചർച്ചകൾ പോലും ഇപ്പോൾ ഉയരുന്നില്ല. നിലമ്പൂർ-നഞ്ചൻകോട് പാതയാകട്ടെ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വടംവലിയിൽ മരിച്ചു കിടക്കുന്നു. 
നഞ്ചൻകോട് പാത മലബാറിന് മാത്രമല്ല, കേരളത്തിനാകെ പ്രയോജനപ്പെടുന്ന ഒന്നായിരുന്നു. കൊച്ചിയുൾെപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങളെ മൈസൂർ, ബംഗളൂരു നഗരങ്ങളുമായി വേഗത്തിൽ ബന്ധിപ്പിക്കാൻ ഉതകുമായിരുന്ന ഈ പാത കേരളത്തിന്റെ വാണിജ്യ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് സഹായകമാകുന്നതായിരുന്നു. എന്നാൽ ഇപ്പോഴും പാതയെ കുറിച്ച് അന്തിമ തീരുമാനം വന്നിട്ടില്ല. കേന്ദ്രം ഫണ്ട് അനുവദിക്കാത്തതാണ് പദ്ധതി യാഥാർഥ്യമാകാൻ കാരണമെന്ന് സംസ്ഥാന സർക്കാർ പറയുമ്പോൾ ചില സ്വാർഥ താൽപര്യങ്ങൾക്കായി ഭരണപക്ഷം പദ്ധതി അട്ടിമറിക്കുകയായിരുന്നെന്ന് ആരോപണവും ശക്തമാണ്.
റെയിൽവേ രംഗത്ത് മലബാർ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ അർഹിക്കുന്നുണ്ട്. സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുകയും ജോലിക്കാരായ ആളുകളുടെ യാത്രകൾ വർധിക്കുകയും ചെയ്യുമ്പോൾ അതിനനുസരിച്ചുള്ള യാത്രാസൗകര്യങ്ങൾ ഒരുക്കാൻ റെയിൽവേ തയാറാകേണ്ടതുണ്ട്. 
ആഭ്യന്തര ടൂറിസം വളരുന്ന ഇക്കാലത്ത് അന്യസംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് കൂടുതൽ തീവണ്ടികൾ ആവശ്യമാണ്. അന്യസംസ്ഥാന തൊഴിലാളികളെക്കൊണ്ട് നിറയുന്ന ഇപ്പോഴുള്ള പരിമിതമായ തീവണ്ടികളിൽ യാത്ര ചെയ്യാൻ മലബാളികൾ വിമുഖത കാട്ടുന്നുണ്ടെങ്കിൽ അവരെ കുറ്റം പറയാനാകില്ല. കൂടുതൽ തീവണ്ടികൾ അനുവദിച്ചും മെച്ചപ്പെട്ട സൗകര്യങ്ങൾ യാത്രയിൽ ഒരുക്കിയും യാത്രക്കാരെ ആകർഷിക്കാൻ റെയിൽെേവക്ക് കഴിയണം. കോഴിക്കോട്ടും കണ്ണൂരിലും വിമാനത്താവളങ്ങൾ വന്ന് വിമാനയാത്ര കൂടുതൽ ജനകീയമായ ഇക്കാലത്ത് റെയിൽവേ യാത്രക്ക് ജനങ്ങളെ പ്രേരിപ്പിക്കുന്ന നൂതന സൗകര്യങ്ങൾ വരേണ്ടതുണ്ട്. 
റെയിൽവേ സ്റ്റേഷനുകളും ട്രെയിൻ ബോഗികളും കൂടുതൽ വൃത്തിയുള്ളതും സൗകര്യങ്ങൾ ഉള്ളതുമായി മാറണം. മലബാറിലെ തെരഞ്ഞെടുത്ത റെയിൽവേ സ്‌റ്റേഷനുകളെ വിമാനത്താവളങ്ങളുടെ നിലവാരത്തിലേക്കുയർത്തുന്ന പദ്ധതിക്ക് റെയിൽവേ രൂപം നൽകിയിട്ടുണ്ട്. ഈ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനും ജനസൗഹൃദമാക്കാനും കഴിയണം. 
മുൻകാലങ്ങളിലെ വാഗ്ദാനങ്ങൾ പോലെ ജലരേഖയായി ഈ പ്രഖ്യാപനങ്ങളും മാറിയാൽ റെയിൽവേ ഗതാഗതത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരും. വികസനത്തിന് ഏറെ സാധ്യതകളുള്ള മേഖലയാണ് റെയിൽ മേഖല. മലബാറിലെ സാധ്യതകളെ തിരിച്ചറിഞ്ഞ് നൂതനമായ പദ്ധതികൾ റെയിൽവേ നടപ്പാക്കേണ്ടതുണ്ട്. 

Latest News