റിയാദ് - പാരീസിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇസ്രായിൽ ധനമന്ത്രി ബെട്‌സലിൽ സ്‌മോട്രിച്ച് ജോർദാൻ ഭൂപ്രദേശങ്ങൾ അടങ്ങിയ മാപ്പ് ഉപയോഗിച്ചതിൽ ശക്തമായി പ്രതിഷേധിച്ചും അപലപിച്ചും ജോർദാൻ വിദേശ മന്ത്രാലയം. ഇസ്രായിൽ ധനമന്ത്രി ഉപയോഗിച്ച പ്രസംഗപീഠത്തിലാണ് ജോർദാൻ ഭൂപ്രദേശങ്ങൾ അടങ്ങിയ മാപ്പ് ആലേഖനം ചെയ്തത്. സംഭവത്തിൽ കടുത്ത പ്രതിഷേധം നേരിട്ടറിയിക്കാൻ അമ്മാനിലെ ഇസ്രായിൽ അംബാസഡറെ ജോർദാൻ വിദേശ മന്ത്രാലയത്തിലേക്ക് വിളിപ്പിച്ചതായി മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
ഇസ്രായിൽ ധനമന്ത്രിയുടെ ചെയ്തി അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും ജോർദാൻ-ഇസ്രായിൽ സമാധാന ഉടമ്പടിയുടെയും ലംഘനമാണെന്ന് ജോർദാൻ വിദേശ മന്ത്രാലയം പറഞ്ഞു. ഫലസ്തീൻ ജനതക്കെതിരായ ഇസ്രായിൽ മന്ത്രിയുടെ തീവ്രവാദ പ്രസ്താവനകളെയും ചെയ്തികളെയും അന്താരാഷ്ട്ര സമൂഹം അപലപിക്കണം. ഫലസ്തീൻ ജനതയുടെ നിലനിൽപിനുള്ള അവകാശത്തിനും പരമാധികാര സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ചരിത്രപരമായ അവകാശത്തിനും എതിരായ തീവ്രവാദ പ്രസ്താവനകളും ഫലസ്തീനികൾക്കെതിരെ അക്രമം പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനകളുമാണ് ബെട്‌സലിൽ സ്‌മോട്രിച്ച് നടത്തിയതെന്നും ജോർദാൻ വിദേശ മന്ത്രാലയം പറഞ്ഞു.
പാരീസിൽ ഇസ്രായിൽ ധനമന്ത്രി ചെയ്ത കാര്യങ്ങളിൽ പ്രതിഷേധത്തിന്റെ സന്ദേശം ഇസ്രായിൽ ഗവൺമെന്റിൽ എത്തിയിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്ന് ജോർദാൻ വിദേശ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഇസ്രായിൽ വലതുപക്ഷവുമായി അടുപ്പമുണ്ടായിരുന്ന ഫ്രഞ്ച്, ഇസ്രായിൽ ആക്ടിവിസ്റ്റ് ജാക്‌സ് കുപ്‌ഫെറിന്റെ അനുസ്മരണ ചടങ്ങിലാണ് ജോർദാൻ ഭൂപ്രദേശങ്ങൾ അടങ്ങിയ ഇസ്രായിൽ ഭൂപടം ആലേഖനം ചെയ്ത പ്രസംഗ പീഠം ഇസ്രായിൽ ധനമന്ത്രി ബെട്‌സലിൽ സ്‌മോട്രിച്ച് ഉപയോഗിച്ചത്. പ്രസംഗത്തിൽ കടുത്ത ഫലസ്തീൻ വിരുദ്ധ പരാമർശങ്ങളും ധനമന്ത്രി നടത്തിയിരുന്നു. ഭൂലോകത്ത് ഫലസ്തീൻ ജനത എന്ന ഒരു വിഭാഗമില്ല. നൂറു വർഷത്തിൽ കുറവ് പഴക്കമുള്ള, അറബികളുടെ കണ്ടുപിടുത്തമാണ് ഫലസ്തീൻ ജനത - ബെട്‌സലിൽ സ്‌മോട്രിച്ച് പറഞ്ഞു.
ഭൂലോകത്ത് ഫലസ്തീനികൾ എന്ന ഒരു വിഭാഗവും ഫലസ്തീൻ ജനതയുമില്ലെന്ന് ധനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ഗ്രാമമായ ഹുവാറ പാടെ തുടച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാഴ്ച മുമ്പ് ബെട്‌സലിൽ സ്‌മോട്രിച്ച് നടത്തിയ പ്രസ്താവന ലോകത്ത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. രണ്ടായിരം വർഷം നീണ്ട വിപ്രവാസത്തിനു ശേഷം ഇസ്രായിൽ ജനത സ്വന്തം വീടുകളിലേക്ക് മടങ്ങും. ഇത് ഇഷ്ടപ്പെടാത്ത അറബികൾ ചുറ്റും ഉണ്ട്. സയണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ പോരാടാൻ വേണ്ടിയും ഇസ്രായിൽ ഭൂമിയിൽ സാങ്കൽപിക അവകാശം ഉന്നയിക്കാനും വേണ്ടി മാത്രം അറബികൾ ഒരു സാങ്കൽപിക ജനതയെ (ഫലസ്തീനികളെ) ഉണ്ടാക്കി. ഇതാണ് ചരിത്ര സത്യം, ഇതാണ് ബൈബിൾ സത്യം. ഇസ്രായിലിലെ അറബികളും അതുപോലെ ഇസ്രായിലിനെ സംശയിക്കുന്ന ചില ജൂതന്മാരും ഇത് കേൾക്കണം. ഈ സത്യം ഇവിടെ എലിസി കൊട്ടാരത്തിലും വാഷിംഗ്ടണിലെ വൈറ്റ്ഹൗസിലും കേൾക്കണം. എല്ലാവരും ഈ സത്യം കേൾക്കേണ്ടതുണ്ട്. കാരണം ഇത് സത്യമാണ് - ബെട്‌സലിൽ സ്‌മോട്രിച്ച് പറഞ്ഞു. വെസ്റ്റ് ബാങ്കിലെ സ്ഥിതിഗതികൾ ശാന്തമാക്കാൻ ഈജിപ്തിലെ ശറമുശ്ശൈഖിൽ ഇസ്രായിലികളും ഫലസ്തീനികളും ചർച്ചകൾ നടത്തുന്നതിനിടെയാണ് ഇസ്രായിൽ ധനമന്ത്രി വിവാദ പ്രസ്താവനകൾ നടത്തിയത്.
ഇസ്രായിൽ ധനമന്ത്രിയുടെ പ്രസ്താവന ഫലസ്തീനികൾക്കെതിരെ അക്രമം പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇത് തീവ്രവംശീയ സയണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ നിർണായക തെളിവാണെന്നും ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് അശ്തയ്യ പറഞ്ഞു. ജനമില്ലാത്ത ഒരു ദേശം ഭൂമിയില്ലാത്ത ഒരു ജനതക്ക്, ഫലസ്തീൻ ഭൂമിയുടെ അവകാശത്തിൽ തർക്കമുണ്ട്, ഫലസ്തീൻ ജൂതന്മാരുടെ വാഗ്ദത്ത ഭൂമിയാണ് എന്നീ ആദ്യകാല സയണിസ്റ്റ് വാക്യങ്ങളുമായി ഈ പ്രകോപനപരമായ പ്രസ്താവനകൾ പൊരുത്തപ്പെടുന്നു. തെറ്റായതും സാങ്കൽപികവുമായ അവകാശവാദങ്ങളാണിത്.
ഇസ്രായിലി ധനമന്ത്രിയുടെ പ്രസ്താവനകൾ അഹങ്കാരത്തെ പ്രതിഫലിപ്പിക്കുന്നു. ഇത് ഫലസ്തീനുമായുള്ള ഫലസ്തീനികളുടെ ബന്ധത്തെയോ ചരിത്രത്തെയോ പിടിച്ചുലക്കില്ല. കൊളോണിയലിസ്റ്റുകളും കുടിയേറ്റക്കാരും സ്ഥാപിച്ച ഒരു കൊളോണിയൽ രാഷ്ട്രമാണ് ഇസ്രായിൽ. ചരിത്രത്തിലുടനീളം ഏതൊരു കുടിയേറ്റ കോളനിയെയും പോലെ ഇസ്രായിലും വികസിക്കുകയായിരുന്നെന്നും ഫലസ്തീൻ പ്രധാനമന്ത്രി പറഞ്ഞു.
ക്യാപ്.
പാരീസിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ ഇസ്രായിൽ ധനമന്ത്രി ബെട്‌സലിൽ സ്‌മോട്രിച്ച് ജോർദാൻ ഭൂപ്രദേശങ്ങൾ അടങ്ങിയ മാപ്പ് ആലേഖനം ചെയ്ത പ്രസംഗപീഠം ഉപയോഗിക്കുന്നു.