Sorry, you need to enable JavaScript to visit this website.

വാട്ടര്‍ ടാപ്പ് മോഷണം തടയാന്‍ കോളേജ് ശുചിമുറിയിലേക്ക് ക്യാമറ, സമരത്തെ തുടര്‍ന്ന് മാപ്പ് പറഞ്ഞു

അസംഗഢ്- ഉത്തര്‍പ്രദേശില്‍ വാട്ടര്‍ ടാപ്പ് മോഷണം പോകുന്നതു തടയാന്‍ കോളേജ് അധികൃതര്‍ ടോയ്‌ലറ്റ് കാണുന്ന വിധം സിസിടവി ക്യാമറ സ്ഥാപിച്ചതില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍.
അസംഗഢിലെ ഡിഎവി പിജി കോളേജിലാണ് വാട്ടര്‍ ടാപ്പ് മോഷ്ടാവിനെ പിടികൂടുന്നതിനായി സുരക്ഷയുടെ പേരില്‍ കോളേജ് അധികൃതര്‍ ടോയ്‌ലറ്റുകള്‍ക്ക് പുറത്ത് ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷനുകള്‍ സിസിടിവി  സ്ഥാപിച്ചത്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസിന് പുറത്ത്  പ്രതിഷേധ പ്രകടനം നടത്തിയത്.
ടോയ്‌ലറ്റിന് പുറത്തുള്ള ക്യാമറകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ രോഷാകുലരായത്. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും മാനേജ്മന്റ് കാണിച്ചിരിക്കുന്ന  ബുദ്ധി സംശയാസ്പദമാണെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കോളേജ് മാനേജ്‌മെന്റ് ക്ഷമാപണം നടത്തി.
കാമ്പസില്‍ നിന്ന് വാട്ടര്‍ ടാപ്പുകള്‍ പതിവായി മോഷണം പോകുകയാണെന്നും  സുരക്ഷയ്ക്കായാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതെന്നും കോളേജ് അധികൃതര്‍ പറഞ്ഞു.  എന്നാല്‍, അബദ്ധത്തില്‍ ക്യാമറകളിലൊന്ന് ടോയ്‌ലറ്റിനുള്ളില്‍ കാണുന്നതു പോലെ ആയിപ്പോയി. അത് നീക്കംചെയ്ത് മറ്റൊരിടത്ത് പുനഃസ്ഥാപിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
ടാപ്പുകള്‍ മോഷണം പോകുന്നത് നിരീക്ഷിക്കാന്‍ ബദല്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. സാഹചര്യം മനസ്സിലാക്കിയ ഉടന്‍ താന്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചതായും പ്രിന്‍സിപ്പല്‍ അവകാശപ്പെട്ടു.
കോളേജ് അധികൃതരുടെ ഉറപ്പിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News