ന്യുദല്‍ഹി- ദല്‍ഹിയിലെ പിടികിട്ടാപുള്ളിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ ഗുണ്ടാ തലവന്‍ രാജേഷ് ഭാരതിയേയും മൂന്ന് അനുയായികളേയും ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഏറ്റുമുട്ടലില്‍ വധിച്ചു. ദക്ഷിണ ദല്‍ഹിയിലെ ഫത്തേപൂര്‍ ബെരിയിലാണ് പോലീസും ഗുണ്ടാ സംഘവും ഏറ്റുമുട്ടിയത്. സംഭവത്തില്‍ ആറു പോലീസുകാര്‍ക്ക് പരിക്കേറ്റു. ദല്‍ഹി പോലീസ് തലയ്ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാ പുള്ളിയാണ് ഭാരതി. ഫെബ്രുവരിയില്‍ ഹരിയാന പോലീസിന്റെ പിടിയിലായിരുന്നെങ്കിലും കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് മുങ്ങിനടക്കുകയായിരുന്നു ഇയാള്‍. ദല്‍ഹിയിലെ മോസ്റ്റ് വാണ്ടഡ് പട്ടികയിലെ ആദ്യ 10-ല്‍ ഒരാളാണ് രാജേഷ് ഭാരതി.
ദക്ഷിണ ദല്‍ഹിയിലെ ഛത്തര്‍പൂര്‍ പ്രദേശത്തെ ഒരു കുറ്റകൃത്യം നടത്താന്‍ ഇയാള്‍ ഒരുങ്ങുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച വലിയ സന്നാഹത്തോടെയാണ് ഭാരതിയെ നേരിടാന്‍ പുറപ്പെട്ടത്. ഫത്തേപൂര്‍ ബെരിയിലെ ചനാന്‍ ഹോളയിലെ ഒരു ഫാംഹൗസിനു സമീപത്തു വച്ചാണ് ഗുണ്ടാ സംഘത്തെ പേലീസ് തടഞ്ഞത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടതോടെ ഗുണ്ടാ സംഘത്തിലെ ഒരാള്‍ പോലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് പോലീസ് ഇവര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. 35 റൗണ്ട് വെടിവച്ചു.
ഇവര്‍ സഞ്ചരിച്ചിരുന്ന ആഢംബര കാറും ലൈസന്‍സില്ലാത്ത പിസറ്റളുകളും പോലീസ് പിടിച്ചെടുത്തു. കൊലപാതകം, കുറ്റപ്പിരിവ്, കൊള്ള, കാര്‍ മോഷണം അടക്കം വിവിധ സംസ്ഥാനങ്ങളിലായി 25ഓളം കേസുകള്‍ ഭാരതിക്കെതിരെ ഉണ്ടെന്ന് പോലീസ് പറഞ്ഞു.