ന്യൂദല്‍ഹി- ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തി. രണ്ടുദിന സന്ദര്‍ശനത്തിനെത്തിയ കിഷിദയും മോഡിയും ദല്‍ഹിയിലെ ബുദ്ധജയന്തി പാര്‍ക്കില്‍ അനൗപചാരികമായ കൂടിക്കാഴ്ച നടത്തി. ഇവിടെ വിവിധ ഇന്ത്യന്‍ രുചിഭേദങ്ങള്‍ കിഷിദ ആസ്വദിച്ചു. ലസ്സിയും പാനിപൂരിയുമൊക്കെ കിഷിദക്ക് മോഡി വിളമ്പി. ഇരുവരും ഒന്നിച്ച് ലസ്സിയും മറ്റും കഴിക്കുന്നതും കുശലം പറയുന്നതും വീഡിയോയില്‍ കാണാം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കിഷിദയെ പലതവണ കണ്ടെന്നും ഓരോ തവണയും ഇന്ത്യ-ജപ്പാന്‍ ബന്ധങ്ങളോടുള്ള അദ്ദേഹത്തിന്റെ ക്രിയാത്മകതയും പ്രതിബദ്ധതയും അനുഭവപ്പെട്ടെന്നും മോഡി പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഈ വര്‍ഷം ജി20യില്‍ ഇന്ത്യയും ജി7ല്‍ ജപ്പാനുമാണ് അധ്യക്ഷ പദത്തില്‍. അതിനാല്‍, മുന്‍ഗണനകളിലും താല്‍പര്യങ്ങളിലും ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള മികച്ച അവസരമാണിത്. ഇന്ത്യ-ജപ്പാന്‍ തന്ത്രപ്രധാന കൂട്ടുകെട്ട് ശക്തിപ്പെടുത്തുന്നത് ഇരു രാജ്യങ്ങള്‍ക്കും മാത്രമല്ല, ഇന്തോപസഫിക് മേഖലയിലാകെ സമാധാനം, സമൃദ്ധി, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കും.
പ്രതിരോധ ഉപകരണങ്ങള്‍, സാങ്കേതിക സഹകരണം, വ്യാപാരം, ആരോഗ്യം, ഡിജിറ്റല്‍ പങ്കാളിത്തം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇരുരാജ്യങ്ങളും കൈമാറി. സെമികണ്ടക്ടറുകളിലും മറ്റ് നിര്‍ണായക സാങ്കേതികവിദ്യകളിലും വിശ്വസനീയമായ വിതരണ ശൃംഖലകളുടെ പ്രാധാന്യത്തെക്കുറിച്ചു ഫലപ്രദമായ ചര്‍ച്ച നടന്നു. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 5 ട്രില്യന്‍ യെന്‍ ജാപ്പനീസ് നിക്ഷേപമെന്ന പ്രഖ്യാപനത്തില്‍ നല്ല പുരോഗതിയുണ്ട്-മോഡി വ്യക്തമാക്കി.
#WATCH | Prime Minister Narendra Modi and Japanese PM Fumio Kishida visit Buddha Jayanti Park in Delhi. The Japanese PM also tried Gol Gappe, Lassi and Aam Panna here.
— ANI (@ANI) March 20, 2023
(Source: DD News) pic.twitter.com/sC3khaR31v






