Sorry, you need to enable JavaScript to visit this website.

സ്ത്രീകള്‍ക്കെതിരായ ആക്രമണം സര്‍ക്കാരിന്റെ അനാസ്ഥമൂലം- കെ.കെ. രമ

തിരുവനന്തപുരം- സര്‍ക്കാറിന്റെ കുറ്റകരമായ അനാസ്ഥ ക്രിമിനലുകള്‍ക്ക് അനുകൂലമാവുന്നു എന്നതിന് തെളിവാണ് ആവര്‍ത്തിക്കപ്പെടുന്ന അതിക്രമങ്ങളെന്ന് എം.എല്‍.എ കെ.കെ രമ. വഞ്ചിയൂരില്‍ കഴിഞ്ഞ ദിവസം രാത്രി അതിക്രമത്തിനിരയായ സ്ത്രീയെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

കേരളത്തിലെ പോലീസ് നിരന്തരം ഇത്തരം മനുഷ്യത്വവിരുദ്ധവും സ്ത്രീവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുന്ന കാഴ്ചയാണ് നാം കാണുന്നതെന്നും രമ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

വഞ്ചിയൂരില്‍ കഴിഞ്ഞ ദിവസം രാത്രി അതിക്രമത്തിനിരയായ സ്ത്രീയെ വീട്ടിലെത്തി സന്ദര്‍ശിച്ചു.
അതിക്രൂരമായ നിലയില്‍ അജ്ഞാതനാല്‍ ആക്രമിക്കപ്പെട്ട ഇവര്‍ക്ക് പോലീസിന്റെയോ മറ്റോ സഹായം സമയത്തിന് ലഭിച്ചില്ല എന്നത് ഏറെ ഗൗരവകരമായ പ്രശ്‌നമാണ്. അമ്മ അക്രമത്തിനിരയായതറിഞ്ഞ ഉടനെത്തന്നെ പേട്ട പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു സഹായം അഭ്യര്‍ഥിച്ചെങ്കിലും വളരെ മോശം പ്രതികരണമാണ് പോലീസിന്റെ ഭാഗത്തുനിന്നു ഉണ്ടായതു എന്നാണ് ആക്രമണത്തിനിരയായ സ്ത്രീയുടെ മകള്‍ പറയുന്നത്. ഒടുവില്‍ അമ്മയെയും കൂട്ടി സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോള്‍ പോലീസ് സ്‌റ്റേഷനില്‍നിന്നു വിളിച്ച് സ്‌റ്റേഷനില്‍ ചെന്ന് പരാതികൊടുക്കാനാണത്രെ പോലീസ് ആവശ്യപ്പെട്ടത്. ഇത് അങ്ങേയറ്റം കുറ്റകരമാണ്.

കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളിലെല്ലാം പോലീസ് കാണിക്കുന്ന കുറ്റകരമായ അനാസ്ഥയുടെ അവസാന ഉദാഹരണമാണിത്. പോലീസ് സ്‌റ്റേഷനിലെ രണ്ടു പോലീസുകാര്‍ക്കെതിരെയുള്ള താത്കാലിക നടപടികൊണ്ടു മാത്രം തീരുന്ന വിഷയമല്ലിത്. കേരളത്തിലെ പോലീസ് നിരന്തരം ഇത്തരം മനുഷ്യത്വവിരുദ്ധവും, സ്ത്രീവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുന്ന കാഴ്ചയാണ് നാം കാണുന്നത്.

സ്ത്രീകള്‍ക്കെതിരെ അടിക്കടിയുണ്ടാവുന്ന ഇത്തരം അതിക്രമങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ മാത്രം അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്ന വിഷയമല്ല എന്നതാണ് സര്‍ക്കാരിന്റെയും സ്പീക്കറുടെയുമെല്ലാം നിലപാട്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ സഭ സ്തംഭിക്കുന്ന സാഹചര്യം ഉണ്ടായത്. സര്‍ക്കാരിന്റെ ഈ ഉദാസീനത ക്രിമിനലുകള്‍ക്ക് അനുകൂലമാവുന്നു എന്നതിന് തെളിവാണ് ആവര്‍ത്തിക്കപ്പെടുന്ന അതിക്രമങ്ങള്‍. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നതോടൊപ്പം പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ഇച്ഛാശക്തിയും ആഭ്യന്തര വകുപ്പ് കാണിക്കണം.

 

Latest News