ഷി ജിന്‍പിങ് പുടിനുമായി കൂടിക്കാഴ്ച നടത്തി

മോസ്‌കോ- ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് മോസ്‌കോയിലെത്തി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നത്. 

പുടിനുമായി ചര്‍ച്ച നടത്തിയതിന് ശേഷം യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്താനാണ് ഷി പദ്ധതിയിടുന്നത്. ഇക്കാര്യം സെലെന്‍സ്‌കി സ്വാഗതം ചെയ്തു. എന്നാല്‍ അധിനിവേശ യുക്രെയ്നിയന്‍ പ്രദേശങ്ങളില്‍ നിന്നും റഷ്യ പിന്മാറുന്നതിനെ ആശ്രയിച്ചായിരിക്കും സമാധാനമെന്ന് അദ്ദേഹം വിശദീകരിച്ചു. 

2030-ഓടെ സാമ്പത്തിക സഹകരണം ഉള്‍പ്പെടെയുള്ള ഒരു ഡസനോളം കരാറുകളില്‍ ഷി ജിന്‍പിങും പുടിനും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഘര്‍ഷം പരിഹരിക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ പുടിന്‍ സ്വാഗതം ചെയ്തു. ചര്‍ച്ചകള്‍ക്കായി എല്ലാ സമയത്തും തയ്യാറാണെന്നും അറിയിച്ചു.  

പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയോട് 'രാഷ്ട്രീയവത്ക്കരണവും ഇരട്ടത്താപ്പും ഒഴിവാക്കണം' എന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞത്.

Latest News