തൃശൂര്‍ - തൃശൂരില്‍ വീണ്ടും കഞ്ചാവ് വേട്ട. അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശിനി കോമള ബീവി (36)ആണ് പിടിയിലായത്. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. തൃശൂര്‍ ജില്ലാ ലഹരി വിരുദ്ധ സ്‌കോഡും, ഈസ്റ്റ് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പിടിയിലായ യുവതി ചാവക്കാട് അകലാട് താമസിച്ചുവരികയാണ്. വെസ്റ്റ് ബംഗാളില്‍ നിന്നും ചാവക്കാട്ടേക്ക് വില്പനക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം ഗോവയില്‍ നിന്നു കടത്തിയ മദ്യവുമായി ആന്ധ്ര സ്വദേശിനി പിടിയിലായിരുന്നു.
കോമള ബീവി വടക്കേക്കാട് അകലാട് എന്ന സ്ഥലത്ത് റൂമെടുത്തു താമസിച്ചിട്ടാണ് ആവശ്യക്കാര്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിവന്നത്. ആവശ്യക്കാര്‍ക്ക് ഓരോ കിലോ വീതമുള്ള പാക്കറ്റുകള്‍ ആയിട്ടാണ് കഞ്ചാവ് വില്‍പ്പന നടത്തിയത്. കഞ്ചാവിന്റെ ഓര്‍ഡര്‍ എടുത്ത് മാസത്തില്‍ ഒരു തവണ നാട്ടിലെത്തി കഞ്ചാവ് പാക്കറ്റുകളാക്കി ട്രെയിന്‍ മാര്‍ഗം ഒറ്റക്ക് യാത്ര ചെയ്തു കൊണ്ടുവന്ന വില്‍പ്പന നടത്തുകയാണ് കോമള ബീവിയുടെ രീതി.