റഹ്മത്തുല്ല സഖാഫി എളമരം യു.എ.ഇ പ്രസിഡന്‍റിന്‍റെ റമദാന്‍ അതിഥി

കോഴിക്കോട് - യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്റെ ഈ വര്‍ഷത്തെ റമദാന്‍ അതിഥിയായി എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റും മര്‍കസ് അസോസിയേറ്റ് പ്രൊഫസറുമായ റഹ്മത്തുല്ല സഖാഫി എളമരം നാളെ(ചൊവ്വ) അബൂദാബിയിലെത്തും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളായ പണ്ഡിതര്‍ക്കിടയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് റഹ്മത്തുല്ല സഖാഫി യു.എ.ഇയി ലെത്തുന്നത്.
 
ഏപ്രില്‍ 15 വരെയുള്ള ദിവസങ്ങളിലായി വിവിധ എമിറേറ്റുകളിലെ പള്ളികളിലും കണ്‍വെന്‍ഷന്‍ സെന്ററുകളിലുമായി 31 കേന്ദ്രങ്ങളില്‍ അദ്ദേഹം പ്രഭാഷണം നടത്തും.
 എടവണ്ണപ്പാറ ദാറുല്‍ അമാന്‍ അകാദമിയുടെ ജനറല്‍ സെക്രട്ടറിയും ജലാലിയ്യ സ്ഥാപനങ്ങളുടെ പ്രസിഡന്റ്, ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.

വികസന കാര്യങ്ങളില്‍ പുതിയ നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും വിദേശീയരുടെ മത, സാംസ്‌കാരിക, ആത്മീയ കാര്യങ്ങളില്‍ വലിയ ശ്രദ്ധ പുലര്‍ത്തുകയും മറ്റു രാജ്യങ്ങളുമായുള്ള സാംസ്‌കാരിക കൈമാറ്റങ്ങള്‍ക്ക് വേദിയൊരുക്കുകയും ചെയ്യുന്ന യു എ ഇ യുടെ നിലപാട് വളരെ ശ്ളാഘനീയവും പ്രശംസനീയവുമാണെന്നും  അത്തരമൊരു രാജ്യത്ത് വിശുദ്ധ റമളാനില്‍ പ്രസിഡന്റിന്റെ അതിഥിയായെത്തുന്നതില്‍ ഏറെ സന്തോഷവുമുണ്ടെന്നും റഹ്മത്തുല്ല സഖാഫി പറഞ്ഞു.

Latest News