കോണ്‍ഗ്രസില്‍ കലാപം രൂക്ഷം; രാഹുല്‍ ഇടപെട്ടു

തിരുവനന്തപുരം- കോണ്‍ഗ്രസിന്‍റെ കയ്യിലുണ്ടായിരുന്ന  ഏക രാജ്യസഭാ സീറ്റ് കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസിനു വിട്ടു കൊടുത്തതിനു പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ പുകഞ്ഞ കലാപം പുതിയ തലത്തിലേക്ക്. ഈ സീറ്റിലേക്കുളള സ്ഥാനാര്‍ത്ഥിയായി നിലവില്‍ ലോക്‌സഭാ എംപിയായ ജോസ് കെ മാണിയെ പ്രഖ്യാപിച്ചതോടെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വത്തിന്‍റെ തീരുമാനത്തിനെതിരെ രംഗത്തു വരികയും വിഷയം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അരികിലെത്തുകയും ചെയ്തു. 
 
കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ പരാതി ലഭിച്ചതോടെ രാഹുല്‍ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുള്‍ വാസനിക്കിനോട് വിശദീകരണം തേടിയിരിക്കുകയാണ്. യുവ നേതാക്കളും യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു അടക്കമുള്ള പോഷക സംഘടനകളും വിഎം സുധീരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും കടുത്ത വിയോജിപ്പും പ്രതിഷേധവും അറിയിച്ചു രംഗത്തു വന്ന സാഹചര്യത്തില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കുന്നത് ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ്.
 
മാണിയുടെ മകന്‍ ജോസ് കെ മാണിയുടെ ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടിയാണ് രാജ്യസഭാ സീറ്റ് ബലിനല്‍കിയതെന്ന ആക്ഷേപമാണ് എതിര്‍പ്പുള്ള നേതാക്കള്‍ ഉന്നയിച്ച പ്രധാന വിഷയം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചേരുന്ന നേതൃയോഗങ്ങളില്‍ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.
 
അതിനിടെ ,കേരളത്തിലെ സാഹചര്യങ്ങള്‍ വസ്തുതാപരമായി അവതരിപ്പിക്കുന്നതില്‍ മുകുള്‍ വാസ്‌നിക് പരാജയപ്പെട്ടെന്ന് മുതിര്‍ന്ന നേതാക്കള്‍ രാഹുലിനോട് പരാതിപ്പെട്ടു. കേരളത്തിലെ സാഹചര്യം കൃത്യമായി അറിഞ്ഞിട്ടും യഥാര്‍ത്ഥ വസ്തുത വാസ്‌നിക് രാഹുലിനെ അറിയിച്ചില്ലെന്നാണ് നേതാക്കളുടെ പരാതി. ഗ്രൂപ്പ് നേതാക്കള്‍ ഒരു തീരുമാനത്തിലെത്തിയാല്‍ അത് സംസ്ഥാനത്ത് അംഗീകരിക്കപ്പെടുമെന്നാണ് മുകുള്‍ വാസ്‌നിക് കണക്കുകൂട്ടിയതെന്നും ഇവര്‍ പറയുന്നു.
 
ജോസ് കെ മാണിയെ  സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ  ഷാനിമോള്‍ ഉസ്മാന്‍ രാഹുല്‍ ഗാന്ധിയെ പ്രതിഷേധം അറിയിച്ചു. ജനവികാരം മനസ്സിലാക്കാതെ സീറ്റ് വിട്ടു കൊടുത്തത് ദുരന്തമായെന്നും അവര്‍ പറഞ്ഞു. രൂക്ഷവിമര്‍ശനവുമായി കെ എസ് ശബരിനാഥന്‍ എംഎല്‍എയും രംഗത്തെത്തി. പച്ചപരവതാനി യുള്ള ലോക്‌സഭയില്‍ നിന്നും ചുവപ്പ് പരവതാനിയുള്ള രാജ്യസഭയിലെത്തുമ്പോള്‍ മുന്നണി ബന്ധം ശക്തിപ്പെടുമെന്ന് പരിഹാസ രൂപേണ ശബരിനാഥന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.
 

Latest News