Sorry, you need to enable JavaScript to visit this website.
Saturday , June   03, 2023
Saturday , June   03, 2023

ഇത്ര ദൂരെയാണ് മണവാളന്റെ വീടെങ്കില്‍ തനിക്ക്  ഈ കല്യാണം വേണ്ടെന്ന് പറഞ്ഞ് വധു പിന്മാറി 

കാണ്‍പൂര്‍, യു.പി- ഭര്‍ത്താവിന്റെ വീട്ടിലെത്താന്‍ ദൂരം കൂടുതലാണെന്ന് മനസിലാക്കിയ വധു വിവാഹം ഉപേക്ഷിച്ച് തിരികെ സ്വന്തം വീട്ടിലേയ്ക്ക് പോയി. കാണ്‍പൂരിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജാണ് സ്വന്തം സ്ഥലമെന്നായിരുന്നു യുവാവ് വധുവിന്റെ വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് പ്രയാഗ്രാജല്ല, മറിച്ച് രാജസ്ഥാനാണ് യുവാവിന്റെ നാടെന്ന് വധു മനസിലാക്കുന്നത്. പിന്നീട് നാടകീയ സംഭവങ്ങള്‍ അരങ്ങേറുകയായിരുന്നു.
രാജസ്ഥാനിലെ ബിക്കാനീര്‍ സ്വദേശിയായ രവി എന്ന യുവാവുമായിട്ടായിരുന്നു യുവതിയുടെ വിവാഹം. വാരണാസിയില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. വിവാഹം കഴിഞ്ഞ് നവദമ്പതികളും ബന്ധുക്കളും ഭര്‍തൃഗൃഹത്തിലേയ്ക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ കാണ്‍പൂരിലെ പെട്രോള്‍ പമ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ച് യുവതി ഇത്രയും ദൂരം യാത്ര ചെയ്യാനാകില്ലെന്ന് പറഞ്ഞ് കരഞ്ഞു. ചകേരി എ സി പി അമര്‍നാഥാണ് സംഭവം പുറത്തറിയിച്ചത്. കഴിഞ്ഞ ഏഴുമണിക്കൂറായി വാരണാസില്‍ നിന്ന് യാത്ര ചെയ്യുകയാണ്. എന്നിട്ടും ഭര്‍തൃവീട്ടില്‍ എത്തിയില്ല. ഞാന്‍ പൂര്‍ണമായും തളര്‍ന്നു. എനിക്കിപ്പോള്‍ രാജസ്ഥാനിലേയ്ക്ക് പോകാന്‍ താത്പര്യമില്ല. എനിക്കത്രയും ദൂരം പോകാനാകില്ല'- അവിടെയെത്തിയ എ സി പിയോട് യുവതി കരഞ്ഞുപറഞ്ഞു. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇന്‍സ്പെക്ടറോട് എ സി പി നിര്‍ദേശിച്ചു.
യുവതിയുടെ വീട്ടുകാര്‍ക്ക് തന്റെ സ്വദേശം രാജസ്ഥാനാണെന്ന് അറിയാമായിരുന്നെന്നാണ് വരന്‍ പോലീസിനോട് പറഞ്ഞത്. ശേഷം യുവതിയുടെ മാതാവിനെ ബന്ധപ്പെട്ടപ്പോള്‍ ഇക്കാര്യം അറിയില്ലായിരുന്നെന്നാണ് അവര്‍ പറഞ്ഞത്. മകളെ വാരണാസിയിലേയ്ക്ക് തിരിച്ചയയ്ക്കാനും മാതാവ് ആവശ്യപ്പെട്ടു. തുടര്‍ന്ന് പോലീസ് വധുവിനെ തിരിച്ചയക്കുകയും വരന്‍ മടങ്ങിപ്പോവുകയും ചെയ്തു.
ഏതായാലും ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കും മുമ്പ് തിരശീല വീണത് കണ്ടു നിന്നവരെ അതിശയിപ്പിച്ചു. 
 

Latest News