കൊപ്ര സംഭരണ ഏജൻസികളുടെ കാര്യത്തിൽ കൃഷി വകുപ്പ് ഇരുട്ടിൽ തപ്പുകയാണെങ്കിലും കാർഷിക കേരളം സംഭരണത്തിന് കാതോർക്കുകയാണ്. കേരളം അടുത്ത മാസം താങ്ങുവിലക്ക് കൊപ്ര സംഭരണം ആരംഭിക്കുമെന്ന് വ്യക്തമാക്കിയതോടെ കൊപ്ര ഉൽപാദകർ സംഭരണ കേന്ദ്രങ്ങൾക്ക് ചരക്ക് കൈമാറാനുള്ള ഒരുക്കത്തിലാണ്.
കഴിഞ്ഞ സീസണിലെ വൻപാളിച്ചകൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം പരിഷ്‌കാരങ്ങൾ സംഭരണത്തിൽ വരുത്തുമെന്നും ഏതെല്ലാം ഏജൻസികളെ ചുമതലപ്പെടുത്തുമെന്ന കാര്യത്തിലും ഇനിയും വ്യക്തത വന്നിട്ടില്ല. കൃഷി വകുപ്പ് ഇതിനായി ഇറക്കാൻ ഉദ്ദേശിക്കുന്ന ഏജൻസികൾ, സഹകരണ സംഘങ്ങൾ, സംഭരണ വേളയിൽ അവർ സ്വീകരിക്കേണ്ട നിലപാടുകൾ ഇത്തരം അടിസ്ഥാന കാര്യങ്ങളിൽ പോലും ധാരണയായിട്ടില്ല.
ഏപ്രിലിൽ കൊട്ടും കുരവയുമായി സംഭരണം ഉദ്ഘാടനം ചെയ്തതുകൊണ്ടു മാത്രം കർഷകർക്ക് പ്രയോജനം ലഭിക്കില്ല. കഴിഞ്ഞ സീസണിൽ ശേഖരിച്ചത് വെറും 255 ടൺ കൊപ്ര മാത്രമാണ്. തമിഴ്‌നാടിന് ഇതേ കാലയളവിൽ 40,000 ടൺ കൊപ്ര കർഷകരിൽ നിന്ന് സംഭരിക്കാനായി. കർഷകരുടെ കാര്യത്തിൽ സംസ്ഥാന കൃഷി വകുപ്പിനുള്ള താൽപര്യം ഇതിൽ നിന്ന് വ്യക്തമാണ്.
വിഷു, ഈസ്റ്റർ ഡിമാന്റ് എണ്ണ വിപണി ചൂടുപിടിക്കാൻ അവസരം ഒരുക്കാം. ഉത്സവ ഡിമാന്റ് മുന്നിൽ കണ്ട് കർഷകർ വിളവെടുപ്പിന് ഒരുങ്ങി. കൊപ്ര 8400 ലും വെളിച്ചെണ്ണ 13,050 രൂപയിലുമാണ്. പുതിയ വിളവ് വിപണിയിലേക്ക് നീങ്ങിയാൽ നിരക്ക് വീണ്ടും ഇടിയാൻ സാധ്യതയുണ്ട്.
വയനാട്, പാലക്കാട് മേഖലയിലെ കാപ്പിത്തോട്ടങ്ങളിൽ വിളവെടുപ്പ് പൂർത്തിയായതോടെ പച്ച കാപ്പിക്കുരു ഉണക്കി പത്തായങ്ങളിലേക്ക് നീക്കാൻ വിലയാരു വിഭാഗം കർഷകർ ഉത്സാഹിച്ചു.
കർണാടയിലെ കൂർഗ്, ചിക്കമംഗലൂർ മേഖലകളിലെ ഏതാണ്ട് 98 ശതമാനം കാപ്പിത്തോട്ടങ്ങളിൽ വിളവെടുപ്പ് പൂർത്തിയായി. അന്താരാഷ്ട്ര വിപണിയിൽ കാപ്പി വില ഉയരുന്നതിനാൽ പുതിയ ചരക്ക് തിരക്കിട്ട് വിറ്റഴിക്കാൻ കർഷകർ തയാറാവുന്നില്ല.
വിളവെടുപ്പ് വേളയിൽ കിലോ 160 രൂപയിൽ നീങ്ങിയ കാപ്പി ഇതിനകം 220 രൂപയിലേക്ക് പ്രവേശിച്ചു. ആഗോള വിപണിയിലെ ചലനങ്ങൾ കണക്കിലെടുത്താൽ കാപ്പിക്ക് കടുപ്പം കൂടുമെന്നു തന്നെയാണ് ഉൽപാദകരുടെ പക്ഷം.
ഇതിനിടയിൽ ഇന്ത്യയിൽ നിന്നുള്ള കാപ്പി കയറ്റുമതി കുറഞ്ഞു. പുതുവർഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിൽ കയറ്റുമതി 64,180 ടണ്ണിൽ ഒതുങ്ങി. തൊട്ട് മുൻവർഷം ഇത് 66,018 ടണ്ണായിരുന്നു. മികച്ച വില പ്രതീക്ഷിച്ച് കർഷകർ ചരക്കിൽ പിടിമുറുക്കിയത് കയറ്റുമതി മേഖലയുടെ ഉറക്കം നഷ്ടപ്പെടുത്തി. വിദേശ ഓർഡറുകൾ വാരിക്കൂട്ടിയ പലരും ആഭ്യന്തര കാപ്പി വിപണിയുടെ കടുപ്പം കണ്ട് അന്ധാളിച്ചു നിൽക്കുകയാണ്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വേനൽ മഴ ലഭിച്ചത് റബർ കർഷകരിൽ പ്രതീക്ഷ നൽകി. തുടർമഴ ലഭ്യമായാൽ മാസാവസാനത്തോടെ ടാപ്പിങ് പുനരാരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ചെറുകിട റബർ കർഷകർ. വേനൽ കനത്തതിനെ തുടർന്ന് രണ്ട് മാസമായി റബർ വെട്ട് നിലച്ചിരിക്കുകയാണ്. ഇത് മൂലം കാർഷിക മേഖലകളിൽ ഷീറ്റ് ക്ഷാമം രൂക്ഷമാണ്. ചില ടയർ കമ്പനികളുടെയും ഗോഡൗണുകളിൽ റബർ ഷീറ്റ് കാര്യമായി സ്‌റ്റോക്കില്ലാത്തതിനാൽ വില ഉയർത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. അതേ സമയം നിരക്ക് അമിതമായി ഉയർത്താനും അവർ തയാറല്ല. ബാങ്കോക്കിൽ നാലാം ഗ്രേഡ് കിലോ 141 ലും കൊച്ചിയിൽ 144 രൂപയിലും വ്യാപാരം നടന്നു. വിദേശ വില കുറവാണെങ്കിലും ഇറക്കുമതിക്ക് നീക്കം നടത്തിയാൽ അത് നഷ്ടക്കച്ചവടമായി മാറും.
അന്താരാഷ്ട്ര കുരുമുളക് വിപണി പുതിയ ദിശ തേടുന്നു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഈസ്റ്റർ വേളയിലെ ആവശ്യങ്ങൾക്കുള്ള ചരക്ക് സംഭരണം പൂർത്തിയാക്കി രംഗം വിട്ടതോടെ ഉൽപന്നത്തിന് ആഗോള തലത്തിൽ ഡിമാന്റ് കുറഞ്ഞു. വിയറ്റ്‌നാം പുതിയ മുളക് പരമാവധി വേഗത്തിൽ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6550 ഡോളറാണ്.
സാമ്പത്തിക വർഷാന്ത്യമായതിനാൽ വായ്പകൾ തിരിച്ചടയ്ക്കാനുള്ള തിടുക്കത്തിലാണ് കാർഷിക മേഖല. കർഷകർ കുരുമുളകുമായി വിപണിയെ സമീപിച്ചതിനിടയിൽ വാങ്ങലുകാർ നിരക്ക് താഴ്ത്തി ചരക്ക് എടുത്തു. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് വാരാന്ത്യം 48,800 ലാണ്.
ആഭരണ കേന്ദ്രങ്ങളിൽ സ്വർണ വില കത്തിക്കയറിതോടെ വലിയൊരു പങ്ക് ഉപഭോക്താക്കൾ താൽക്കാലികമായി രംഗത്ത് നിന്നും അകന്നു. വാരത്തിന്റെ തുടക്കത്തിൽ 41,720 രൂപയിൽ നിന്നും 42,840 ലേക്ക് കയറിയ പവൻ പിന്നീട് 43,040 ലേക്കും വാരാന്ത്യം 44,240 രൂപയിലേക്കും ചുവടുവെച്ചു. ഗ്രാമിന് സർവകാല റെക്കോർഡ് വിലയായ 5530 രൂപയിലെത്തി.