Sorry, you need to enable JavaScript to visit this website.

മുദ്രാവാക്യ താളത്തിൽ ഗുരുക്കന്മാർ ദ്രോഹിക്കപ്പെടുന്ന കാലം

വെളളവും ഭക്ഷണവുമില്ലാതെ ഇത്രയും നേരം സ്വന്തം ഗുരുനാഥന്മാരെ പൂട്ടിയിട്ട് കൂടി നിന്ന്  താളത്തിൽ മേളത്തിൽ വിപ്ലവ മുദ്രാവാക്യം വിളിച്ചത് നാളെ   നീതി പീഠങ്ങളെ നിയന്ത്രിക്കുകയെന്ന  വലിയ ഉത്തരവാദിത്തം വഹിക്കേണ്ട തലമുറയാണെന്നോർക്കണം.  നല്ല മാർക്ക് വാങ്ങി സർക്കാർ ലോകേളേജിലെത്തിയ ഇവരാണ് നാളത്തെ ന്യായാധിപന്മാരും നിയമ വ്യാഖ്യാതാക്കളുമാകേണ്ടത്.

 

ഗുരുവന്ദ്യരെ ആദരിക്കണമെന്നതടക്കമുള്ള നന്മകളെക്കുറിച്ച് സംസാരിക്കാൻ പറ്റിയ വിദ്യാർഥി സംഘത്തിനല്ല ഇന്ന് കാമ്പസുകളുടെ ആധിപത്യം. സമൂഹത്തിലെ ഏറ്റവും വൃത്തികെട്ട സ്വഭാവമുള്ളവർ പോലും ചെയ്യാനറയ്ക്കുന്ന കാര്യങ്ങൾ എല്ലാവരും കണ്ടുനിൽക്കേ ചെയ്യുന്നതിന് വിദ്യാർഥി സംഘശക്തി ഇന്നവർക്ക് ധൈര്യം നൽകുന്നു.  ഈ പറഞ്ഞ അവസ്ഥ കേരള കലാലയ അന്തരീക്ഷത്തെ ഏതോ ഭീകര രൂപിയെ പോലെ പിടിമുറുക്കുന്നത് സമൂഹം നിസ്സംഗതയോടെ നോക്കിനിൽക്കുകയായിരുന്നു. ഇനിയൊരു തിരിച്ചുവരവില്ലാത്ത വിധം വിദ്യാർഥി സമൂഹം ആ വഴിക്ക് സഞ്ചരിക്കുകയാണ്.   ഏറ്റവും ഒടുവിൽ തിരുവനന്തപുരം സർക്കാർ  ലോകോളേജിലെ  പ്രിൻസിപ്പൽ അടക്കം ഇരുപത് അധ്യാപകരെ പത്ത്  മണിക്കൂറാണ് സ്വന്തം ശിഷ്യക്കൂട്ടം  പൂട്ടിയിട്ടത്. വെളളവും ഭക്ഷണവുമില്ലാതെ ഇത്രയും നേരം സ്വന്തം ഗുരുനാഥന്മാരെ പൂട്ടിയിട്ട് കൂടിനിന്ന്  താളത്തിൽ മേളത്തിൽ വിപ്ലവ മുദ്രാവാക്യം വിളിച്ചത് നാളെ   നീതിപീഠങ്ങളെ നിയന്ത്രിക്കുകയെന്ന  വലിയ ഉത്തര വാദിത്തം വഹിക്കേണ്ട തലമുറയാണെന്നോർക്കണം.  നല്ല മാർക്ക് വാങ്ങി സർക്കാർ ലോകോളേജിലെത്തിയ ഇവരാണ് നാളത്തെ ന്യായാധിപന്മാരും നിയമ വ്യാഖ്യാതാക്കളുമാകേണ്ടത്. ഇങ്ങനെയൊരു തലമുറയുടെ കൈയിൽ  എത്തിപ്പെടുന്ന ഭാവി സമൂഹത്തിന്റെ അവസ്ഥ വിവരിക്കാൻ  ഭീകരം  എന്ന വാക്കൊന്നും മതിയാകില്ല.  സർക്കാർ ലോകോളേജിൽ  എസ്.എഫ്.ഐ നടത്തിയത് ക്രൂരമായ ആക്രമണമാണെന്ന്   കോളേജ് പ്രിൻസിപ്പലും  അധ്യാപകരും ആരോപിച്ചിരുന്നു. 10 മണിക്കൂർ അധ്യാപകരെ മുറിയിൽ ബന്ദികളാക്കി നടത്തിയ അതിക്രമത്തിൽ അസിസ്റ്റന്റ് പ്രൊഫസർ വി.കെ. സഞ്ജുവിന് കൈക്കും കഴുത്തിനും പരിക്കേറ്റിരുന്നു.  അധ്യാപകരെ ഭക്ഷണം കഴിപ്പിക്കാതെയും കോളേജിലെ വൈദ്യുതി ബന്ധം വിഛേദിച്ചുമായിരുന്നു എസ്.എഫ്.ഐ ഉപരോധം.
ചൊവ്വാഴ്ച രാത്രി കെ.എസ.്‌യുവിന്റെ  കൊടി കൂട്ടിയിട്ട് കത്തിച്ച 24 എസ്.എഫ്.ഐ പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ഉച്ച മുതൽ അർധരാത്രി വരെ നീണ്ട എസ്.എഫ്.ഐ ഉപരോധ സമരം. 21 അധ്യാപകരെ മോചിപ്പിച്ചത് പോലീസ് എത്തിയാണ്. പ്രതിഷേധം ഉടൻ തീരുമെന്ന് കരുതി കാത്തിരുന്ന ശേഷമാണ് പ്രിൻസിപ്പൽ  ഡോ. ബിജു കുമാറിന്  പോലീസിനെ വിളിക്കാൻ തോന്നിയത്. ഇത്രയും നേരം വൈകിയതിന് കാരണം പേടിയായിരിക്കുമോ? പോലീസിനെ കാമ്പസിൽ കയറ്റിയ സ്ഥാപന മേലധികാരികളോട്  പാർട്ടിയുടെ മുതിർന്ന നേതാക്കൾ ഏത് വിധത്തിലാണ് പണ്ട് പെരുമാറിയതെന്നതിന്റെ ഓർമ വാർത്തകൾ ശ്രദ്ധിക്കുന്നയാളാണെങ്കിൽ ഈ പറഞ്ഞ പ്രിൻസിപ്പലിനുമുണ്ടാകാം.  
ഓൺലൈൻ വഴി അധ്യാപകർ ഓർഡർ ചെയ്ത ഭക്ഷണം പോലീസ് എത്തിക്കാൻ ശ്രമിച്ചപ്പോഴും എസ്.എഫ്.ഐ പ്രതിഷേധം നടന്നിരുന്നു. കോളേജിന് പുറത്ത് നിന്നെത്തിയ എസ്.എഫ്.ഐ പ്രവർത്തകരും കാമ്പസിനകത്തെ പ്രതിഷേധത്തിനെത്തിയെന്നാണ് അധ്യാപകർ പറയുന്നത്. അതിക്രമത്തിനെതിരെ അധ്യാപകരും കൊടിമരം നശിപ്പിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യുവും കോളേജിനകത്ത് പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി. 

 സംഘർഷത്തിൽ  അറസ്റ്റ് ഉടൻ ഉണ്ടായേക്കും എന്നാണ് മനസ്സിലാക്കുന്നത്. അധ്യാപകരെ 10 മണിക്കൂർ ബന്ദികളാക്കി പ്രതിഷേധിച്ച കണ്ടാൽ അറിയാവുന്ന 60 എസ്.എഫ്.ഐ പ്രവർത്തകർകെതിരെയും പുറത്ത് നിന്നെത്തിയ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയുമാണ് കേസ്. അതിക്രമത്തിന് ഇരയായ അസിസ്റ്റന്റ് പ്രൊഫസർ വി.കെ. സഞ്ജുവിന്റെ പരാതിയിലാണ് കേസ്.
ലോ കോളേജിലെ എസ്.എഫ്.ഐ സമരത്തെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ രംഗത്തെത്തിയത് കാര്യങ്ങൾ കൈവിട്ടുപോയി എന്ന് ബോധ്യമായതിനാലാകാം. ലോകോളേജിലെ സമര രീതിയോട് യോജിപ്പില്ല. ജനാധിപത്യപരമായി സമരം ചെയ്യണം എന്നാണ് മാസ്റ്റർ  പറഞ്ഞത്. നടന്നത് എന്താണെന്ന് എസ്.എഫ്.ഐ ക്കാരോട് ചോദിച്ചിട്ട് പറയാമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. എസ്.എഫ്.ഐക്കാർ കൈയും കെട്ടി നിന്ന് നടന്നതെല്ലാം ഞങ്ങളുടെ പിഴ, ഞങ്ങളുടെ പിഴ എന്ന് പറയുമെന്നായിരിക്കും ഇതു കേൾക്കുന്നവർ കരുതുക.  ഒന്നും സംഭവിക്കാൻ പോകുന്നില്ല.  പൊതുജന മധ്യത്തിൽ ഉരുത്തിരിഞ്ഞ പ്രതിസന്ധിയിൽ നിന്ന് തൽക്കാലം രക്ഷപ്പെടുക എന്നതല്ലാതെ എസ്.എഫ്.ഐയെ നന്നാക്കിയെടുക്കുമെന്നൊന്നും പാർട്ടി സെക്രട്ടറി പറഞ്ഞതിനർഥമില്ല. 
 ലോകോളേജിൽ കെ.എസ്.യു കൊടി കൂട്ടിയിട്ട് കത്തിച്ച 24 എസ്.എഫ്.ഐ പ്രവർത്തകരുടെ സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന്  തീരുമാനമായിട്ടുണ്ട്.  സംഘർഷം അവസാനിപ്പിക്കാൻ തിങ്കളാഴ്ച ഇരു വിദ്യാർഥി  സംഘടനകളുടെയും യോഗം പ്രിൻസിപ്പൽ  വിളിച്ചിട്ടുണ്ട്.   യോഗത്തിൽ പി.ടി.എ പ്രതിനിധികളും പങ്കെടുക്കും. ഇന്നലെ ചേർന്ന പി.ടി.എ യോഗത്തിലാണ് തീരുമാനം. റെഗുലർ ക്ലാസ് തുടങ്ങുന്നതിലും ഈ മാസം 24 ന് വിദ്യാർഥി  യൂനിയൻ തെരഞ്ഞെടുപ്പ് നടത്തുന്നതിലും ഇതിന് ശേഷം തീരുമാനമെടുക്കും. സസ്‌പെൻഷനിലായ വിദ്യാർഥികൾക്ക് പൊതുപരീക്ഷ എഴുതാം. എസ്.എഫ്.ഐ അതിക്രമത്തിന് ഇരയായ അസിസ്റ്റന്റ് പ്രൊഫസറുടെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.  ആക്രമിച്ചവരുടെ പേരുവിവരങ്ങൾ ശേഖരിച്ച് നടപടിയെടുക്കാനാണ് പോലീസ് തീരുമാനം.
യഥാസമയം കാമ്പസിൽ പോലീസ് വന്നിരുന്നുവെങ്കിൽ ഒഴിവാക്കാൻ കഴിയുമായിരുന്ന അനിഷ്ട സംഭവങ്ങളാണ് ഇതൊക്കെ.  പോലീസിനെ വിളിക്കുന്നതിൽ വൈമനസ്യം കാണിച്ച അധ്യാപകരെ നയിച്ച വികാരം എന്താണ് എന്ന് ഇനിയും  വ്യക്തമല്ല. പേടിയാണെങ്കിൽ നാണക്കേട് എന്നേ പറയാനുള്ളൂ. അതല്ല, പാർട്ടി വിധേയത്വമാണെങ്കിൽ നിങ്ങൾക്കിത് തന്നെ കിട്ടണം. 
ഒരു പഴയ അനുഭവം പറയാം- തിരുവനന്തപുരത്തെ ഒരു പ്രൊഫഷനൽ കോളേജിലെ വിദ്യാർഥി പറഞ്ഞറിഞ്ഞതാണ്. സി.പി.എം ഭരണം മാറിയ ഉടനെയുള്ള കാലത്തായിരുന്നു സംഭവം. എസ്.എഫ്.ഐ സമരത്തിനായി സ്ഥിരമായി കുട്ടികളെ ഇറക്കിക്കൊണ്ടു പോകുന്ന രീതിയിൽ കുട്ടികൾ മടുത്തിരിക്കേയായിരുന്നു  കേരളത്തിൽ ഭരണ മാറ്റം. ഇതോർക്കാതെ കുട്ടികളെ അഹങ്കാരത്തോടെ സമരത്തിന് വിളിക്കാൻ എത്തിയ നേതാക്കളെ പെൺകുട്ടികളടക്കം നീരസത്തോടെ പറഞ്ഞു വിട്ടു. ഭരണം മാറിയതൊന്നും അറിഞ്ഞില്ലേ എന്ന ചോദ്യം കേട്ട് സമരത്തിന് വിളിക്കാൻ വന്നവർ പരിഹാസ്യരായി പിന്മാറി. 
ഭരണമുണ്ട് എന്ന അഹങ്കാരത്തിൽ നടക്കുന്ന അതിക്രമങ്ങൾക്ക് കേരളത്തിൽ അധികകാലം ആയുസ്സുണ്ടാകില്ല.  പക്ഷേ കാമ്പസുകളുടെ ധാർമിക തകർച്ചയുടെ സ്ഥിതി അതായിരിക്കില്ല. കാലങ്ങൾ  കഴിഞ്ഞാലും ദുഷ്ഫലം സമൂഹത്തിൽ മഹാരോഗമായി പടരും.  

 

Latest News