നെഞ്ചത്താണ് ആദ്യം ആക്രമിച്ചത്, തല ഭിത്തിയില്‍ ഇടിച്ച് വലിച്ചിഴച്ചു ; തിരുവനന്തപുരത്ത് വീണ്ടും ലൈംഗികാതിക്രമം

തിരുവനന്തപുരം :  ' ആദ്യം എന്റെ നെഞ്ചത്താണ് ആക്രമിക്കുന്നത്, വേദനിച്ച ഉടന്‍ അയാളുടെ കൈ തട്ടിമാറ്റിയപ്പോള്‍ മുടിയില്‍ കുത്തിപ്പിടിച്ച് തല ഭിത്തിയില്‍ ഇടിച്ച് വലിച്ചിഴച്ചു. എങ്ങനെയോ കൈയ്യില്‍ കിട്ടിയ ഒരു കല്ലെടുത്ത് തിരിച്ച് ആക്രമിച്ച ശേഷം വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു ' തിരുവനന്തപുരം വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍  ഏതാനും ദിവസം മുന്‍പുണ്ടായ ക്രൂരമായ ലൈംഗികാക്രമണത്തിന് ഇരയായ സ്ത്രീയുടെ വാക്കുകളാണിത്. സംഭവം നടന്നയുടന്‍ തന്നെ പോലീസില്‍ അറിയിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. 
തന്നെ ആക്രമിക്കുന്നത് അടുത്ത വീട്ടിലെ രണ്ടു സ്ത്രീകളും ഒരു സ്ഥാപനത്തിലെ സെക്യൂരിറ്റിയും കണ്ടിട്ടും അവരാരും സഹായിക്കാന്‍ വന്നില്ലെന്ന് പീഡനത്തിനിരയായ സ്ത്രീ പറയുന്നു. ഉടന്‍ പോലീസില്‍ വിളിച്ചു പറഞ്ഞപ്പോള്‍ സ്‌റ്റേഷനിലെത്തി മൊഴി എഴുതിക്കൊടുക്കാന്‍ പറയുകയാണ് ഉണ്ടായതത്രേ. സംഭവത്തെക്കുറിച്ച് പീഡനത്തിനിരയായ സ്ത്രീ പറയുന്നത് ഇങ്ങനെയാണ്- ' 
'തിങ്കളാഴ്ച രാത്രി മരുന്ന് വാങ്ങാനായി ഇറങ്ങിയതായിരുന്നു ഞാന്‍. എന്റെ വീട്ടില്‍ നിന്ന് അയ്യങ്കാളി റോഡിലൂടെ കയറി മെയിന്‍ റോഡിലേക്ക് പോകാമെന്ന് വിചാരിച്ചു. അപ്പോഴാണ് കൈയില്‍ പണമില്ലെന്ന് അറിയുന്നത്. പണം എടുക്കാനായി  തിരിച്ച് വീട്ടിലേക്ക് മൂലവിള ജംഗ്ഷനിലൂടെ പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വീട്ടിലേക്ക് കയറാനായി വണ്ടി ഒതുക്കിയപ്പോഴാണ് അജ്ഞാതന്‍ നെഞ്ചത്ത് ആക്രമിക്കുന്നത്. വേദനിച്ച ഉടന്‍ അയാളുടെ കൈ തട്ടിമാറ്റിയപ്പോള്‍ ആക്രമിച്ചാല്‍ നീ എന്ത് ചെയ്യുമെടീ എന്ന് ചോദിച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ചുമരില്‍ കൊണ്ടുപോയി ഉരച്ച് വലിച്ചിഴച്ചു. അപ്പോഴേക്കും ഉറക്കെ നിലവിളിച്ചു. പക്ഷേ ആരും വന്നില്ല. തൊട്ടടുത്ത ഫെബ കമ്പ്യൂട്ടേഴ്സിലെ സെക്യൂരിറ്റിയും തൊട്ടടുത്തെ വീട്ടിലെ രണ്ട് സ്ത്രീകളും ജനല്‍ വഴി നോക്കി നില്‍ക്കുകയല്ലാതെ സഹായിക്കാന്‍ വന്നില്ല. ഒരു കല്ലെടുത്ത് തിരിച്ച്  ആക്രമിച്ച് വേഗം വീടിനുള്ളിലേക്ക് കയറി കതകടച്ച് മകളോട് കാര്യം പറഞ്ഞു. ഉടന്‍ ഗൂഗിള്‍ ചെയ്ത് പേട്ട സ്റ്റേഷനില്‍ വിവരമറിയിച്ചു. എന്നാല്‍ പൊലീസുകാരന്‍ പലതവണ എവിടെയാണ് താമസം, ആരാണ് എന്ന് മാത്രം ചോദിച്ചുകൊണ്ടിരുന്നു. അപ്പോള്‍ എന്നെ പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടുപോകണം, എന്റെ ബോധം പോയാല്‍ എന്നെ തൂക്കിയെടുത്തുകൊണ്ടു പോകാന്‍ ബുദ്ധിമുട്ടാകും എന്ന് ഞാന്‍ മകളോട് പറഞ്ഞു. ആരുടേയും സഹായമില്ലാതെ തന്നെ മകള്‍ എന്നെയും ഇരുത്തി സ്‌കൂട്ടറില്‍ ആശുപത്രിയില്‍ കൊണ്ടുപോയി. വീണ്ടും പേട്ട സ്റ്റേഷനില്‍ നിന്ന് ഫോണ്‍ വന്നു. മകളോട് സ്റ്റേഷനിലെത്തി സ്റ്റേറ്റ്മെന്റ് എഴുതി തരാന്‍ പറഞ്ഞു. അമ്മ സുഖമില്ലാതെ ഇരിക്കുന്ന അവസ്ഥയില്‍ അമ്മയെ ആശുപത്രിയില്‍ ഒറ്റയ്ക്കാക്കി വരില്ലെന്ന് മകള്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ വീണ്ടും പരാതിയുമായി സമീപിക്കില്ലെന്ന് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ നാളെ മറ്റൊരാള്‍ക്കോ എന്റെ മകള്‍ക്കോ ഈ ഗതി വരരുതെന്ന് വിചാരിച്ച് കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പേട്ട സ്റ്റേഷനില്‍ നിന്ന് ഒരു വനിതാ ഓഫിസറെത്തി മൊഴി എടുത്തു' അതേസമയം സംഭവത്തെക്കുറിച്ച് കേസ് എടുത്ത് അന്വേഷണം നടത്തി വരികയാണെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ചു കഴിഞ്ഞതായും പോലീസ് അറിയിച്ചു. അടുത്തിടെ തിരുവനന്തപുരം നഗരത്തില്‍ തുടര്‍ച്ചയായി രണ്ട് ലൈംഗികാതിക്രമങ്ങള്‍ നടന്നിരുന്നു.

 

Latest News