Sorry, you need to enable JavaScript to visit this website.

ലണ്ടനിൽ ഹൈക്കമ്മീഷനിൽ ഇന്ത്യൻ പതാക വലിച്ചെറിഞ്ഞു സിഖ് പ്രതിഷേധം

ന്യൂദൽഹി- ഖാലിസ്ഥാൻ വിഘടനവാദി അമൃതപാൽ സിങ്ങിനെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് ഇന്ത്യൻ പതാക വലിച്ചെറിഞ്ഞതിൽ പ്രതിഷേധം അറിയിക്കാൻ വിദേശകാര്യ മന്ത്രാലയം യു.കെയിലെ മുതിർന്ന നയതന്ത്രജ്ഞനെ ദൽഹിയിൽ വിളിച്ചുവരുത്തി. ഹൈക്കമ്മീഷൻ പരിസരത്ത് സുരക്ഷാ അഭാവത്തിന് വിശദീകരണം നൽകണമെന്ന് കർശനമായ പ്രസ്താവനയിൽ മന്ത്രാലയം ആവശ്യപ്പെട്ട വിദേശകാര്യമന്ത്രാലയം ഇന്ത്യൻ നയതന്ത്രജ്ഞരോടും ഉദ്യോഗസ്ഥരോടുമുള്ള യു.കെ സർക്കാരിന്റെ നിസ്സംഗത അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു.
അടിച്ചമർത്തലിനെതിരെ ഒരു വിഭാഗം സിഖുകാർ വൈകുന്നേരം മുതൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ പ്രതിഷേധത്തിലാണ്.  പ്രതിഷേധക്കാർ കെട്ടിടത്തിൽ കയറുന്നതും ഇന്ത്യൻ പതാക താഴ്ത്തുന്നതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സെൽഫോൺ വീഡിയോകളിൽ ദൃശ്യമാണ്. 

'ഹൈ കമ്മീഷൻ വളപ്പിലേക്ക് ഇത്തരം ആളുകളെ പ്രവേശിക്കാൻ അനുവദിക്കുന്ന ബ്രിട്ടീഷ് അധികാരികൾ സുരക്ഷയുടെ കാര്യത്തിൽ ഒരു ശ്രദ്ധയും കാണിക്കുന്നില്ലെന്ന് ഇന്ത്യ ആരോപിച്ചു. വിയന്ന കൺവെൻഷൻ പ്രകാരം യു.കെ ഗവൺമെന്റിന്റെ അടിസ്ഥാന ബാധ്യതകളെക്കുറിച്ച് ബ്രിട്ടൻ ഓർക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്നത്തെ സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഓരോരുത്തരെയും തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും പ്രോസിക്യൂട്ട് ചെയ്യാനും അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നടപടികൾ സ്വീകരിക്കാനും യു.കെ സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. 
അതേസമയം, ഖലിസ്ഥാനി നേതാവ് അമൃത്പാൽ സിംഗിനെ പിടികിട്ടാപ്പുള്ളിയായി പഞ്ചാബ് പോലീസ് പ്രഖ്യാപിച്ചു. അതിനാടകീയമായ രംഗങ്ങൾക്കാണ് നിലവിൽ പഞ്ചാബ് സാക്ഷ്യം വഹിക്കുന്നത്. പോലീസിനും സർക്കാരിനും ഏറെ തലവേദന സൃഷ്ടിച്ച 'വാരിസ് പഞ്ചാബ് ദേ'യുടെ നേതാവ് കൂടിയായ അമൃത്പാലിനെ അറസ്റ്റ് ചെയ്തുവെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നെങ്കിലും പോലീസ് പിന്നീടത് നിഷേധിച്ചു. അമൃത്പാലിനെ പിടികൂടാൻ സംസ്ഥാന വ്യാപകമായി തിരച്ചിൽ നടക്കുകയാണ്. ഇയാളുമായി ബന്ധമുള്ളവരെയും കൂട്ടാളികളേയും അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധങ്ങൾക്ക് തടയിടാനായി പല ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പഞ്ചാബിന് പുറമെ അതിർത്തി സംസ്ഥാനമായ ഹിമാചൽപ്രദേശിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

അമൃത്പാൽ സിംഗിന്റെ അടുത്ത അനുയായികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്ത് അസമിലെ ദിബ്രുഗഡ് ജയിലിലേക്ക് മാറ്റി. കനത്ത സുരക്ഷയിൽ വിമാനത്തിലാണ് ഇവരെ അസമിലേക്ക് കൊണ്ടുപോയത്. അമൃത്പാലിന്റെ ജന്മനാടായ ജല്ലു ഖേടയിൽ പോലീസിനെയും അർധ സൈനിക സേനയേയും വിന്യസിച്ചിരിക്കുകയാണ്. കൂടാതെ ഇന്നലെ ഉച്ച വരെ പ്രഖ്യാപിച്ചിരുന്ന ഇന്റർനെറ്റ് വിലക്ക് ഇന്ന് ഉച്ച വരെ തുടരുമെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ ദിവസം 20-25 കിലോമീറ്ററോളം അമൃത്പാലിനെ പിന്തുടർന്നെങ്കിലും രക്ഷപ്പെട്ടുവെന്നാണ് പോലീസ് വിശദീകരണം. 
അമൃത്പാൽ എവിടെയെന്നതിനെ കുറിച്ച് വിവരമില്ലെന്ന് കുടുംബം പറഞ്ഞു. 'ഞങ്ങളുടെ വീട്ടിൽ 34 മണിക്കൂർ തിരച്ചിൽ നടത്തിയെങ്കിലും നിയമവിരുദ്ധമായി ഒന്നും കണ്ടെത്താനായില്ല' അമൃത്പാലിന്റെ അച്ഛൻ വിശദീകരിച്ചു.
അമൃത്പാൽ രക്ഷപ്പെടാനുപയോഗിച്ച കാറും അതിൽ നിന്ന് ആയുധങ്ങളും പോലീസ് കണ്ടെടുത്തിരുന്നു. കേന്ദ്ര മന്ത്രി അമിത് ഷായെ ഭീഷണിപ്പെടുത്തിയ അമൃത്പാൽ, കഴിഞ്ഞ വർഷമാണ് ദുബായിൽ നിന്ന് പഞ്ചാബിലേക്ക് തിരികെ എത്തുന്നത്. കഴിഞ്ഞ മാസം അമൃത്പാൽ സിംഗിന്റെ അനുയായി തൂഫാൻ സിംഗ് എന്ന ലവ് പ്രീത് സിംഗിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അമൃത്സറിലെ അജ്‌നാല പോലീസ് സ്‌റ്റേഷൻ അനുയായികൾ അക്രമിച്ചിരുന്നു. വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടായിരത്തോളം പേരാണ് തോക്കും വാളുകളുമായി പോലീസ് സ്‌റ്റേഷൻ വളഞ്ഞത്. ഒടുവിൽ ലവ്പ്രീതിനെ മോചിപ്പിക്കാമെന്ന് സമ്മതിച്ച ശേഷമാണ് പ്രതിഷേധക്കാർ പിൻവാങ്ങിയത്. സംഘർഷത്തിൽ പോലീസ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പോലീസുകാർക്ക് പരുക്കേറ്റിരുന്നു. ഈ സംഭവം സർക്കാരിനെതിരെയുള്ള വലിയ പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ ജി20 ഉച്ചകോടിയുടെ ചർച്ചകൾ കഴിയാൻ കാത്തുനിൽക്കുകയായിരുന്നു അറസ്റ്റ് നടപടികളിലേക്ക് കടക്കാനെന്ന് എ.എ.പി സർക്കാർ പ്രതികരിച്ചു.

Latest News