സൗദി എയര്‍പോര്‍ട്ടുകളില്‍ ജാഗ്രത; നിപ്പ സംശയിക്കുന്നവരെ 14 ദിവസം നിരീക്ഷിക്കും

റിയാദ് - നിപ്പാ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്ന് സൗദി അറേബ്യയിലേക്ക് വരുന്ന യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കാന്‍ സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. രോഗമുണ്ടെന്ന് സംശയിക്കുന്നവരെ അതാത് പ്രവിശ്യകളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് 14 ദിവസം നിരീക്ഷിക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. 

കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ ഭക്ഷ്യവസ്തുക്കള്‍ കൂടെ കൊണ്ടുവരരുതെന്ന് സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. 
ലോകാരോഗ്യസംഘടനയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണെന്നും സംശയാസ്പദ രീതിയില്‍ സൗദിയില്‍ എത്തുന്നവരെ അതത് പ്രവിശ്യകളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് 14 ദിവസം നിരീക്ഷിക്കണമെന്നുമാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.

നിപ്പാ വൈറസ് അതിവേഗം പടരുന്നതായതിനാല്‍ സംശയകരമായ സാഹചര്യങ്ങളെ ആരോഗ്യവകുപ്പിന്റെ ഓണ്‍ലൈന്‍ നെറ്റ്‌വര്‍ക്ക് വഴി അറിയിക്കണം. രാജ്യത്തിന്റെ പ്രവേശന കവാടങ്ങളിലെത്തുന്ന കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ നിരീക്ഷിച്ച് രോഗ ബാധ സംശയിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ അതത് പ്രവിശ്യകളിലെ ആരോഗ്യമന്ത്രാല ഉദ്യോഗസ്ഥരെ അറിയിച്ച് സത്വര നടപടികള്‍ സ്വീകരിക്കണം.

തൊഴിലാളികളെയും ഹജ്ജ് ഉംറ സംഘത്തെയും വഹിച്ച് കേരളത്തില്‍ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസുകളുണ്ടെങ്കിലും യാത്രക്കാര്‍ക്ക് ഇതുവരെ നിപ്പ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൗദി അറേബ്യയില്‍ നിപ്പ പകരാനുള്ള സാധ്യത കുറവാണ്. കേരളത്തിലേക്ക് ടൂറിസ്റ്റ് വിസയിലോ ബിസിനസ് വിസയിലോ പോകുന്നവര്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട്, മലപ്പുറം ഭാഗത്തേക്ക് പോകുമ്പോള്‍ കരുതല്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. എന്നാല്‍ ടൂറിസ്റ്റുകള്‍ നേരിട്ട് ഇടപെടുന്ന മേഖലകളില്‍ നിപ്പ പടരാനുള്ള സാധ്യത കുറവാണ്.

1998 ലും 99ലും സിംഗപ്പൂരിലും മലേഷ്യയിലും നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. 2001 ലും 2007 ലും ഇന്ത്യയിലെ പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പഴം തീനികളായ വലിയ വവ്വാലുകളില്‍ നിന്നും പന്നികളില്‍ നിന്നുമാണ് രോഗം മനുഷ്യരിലേക്ക് പകരുന്നതെന്നാണ് ഗവേഷകര്‍ പറയുന്നതെങ്കിലും ഇതുവരെ ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ല.

സൗദി വിമാനത്താവളങ്ങളിലോ അതിര്‍ത്തി കവാടങ്ങളിലോ യാത്രക്കാരില്‍ രോഗം ബാധിച്ചതായി സംശയമുണ്ടാകുന്ന സാഹചര്യത്തില്‍ ആശുപത്രിയിലെത്തിച്ച് അവരുടെ രക്ത, സ്രവ സാമ്പിളുകള്‍ റിയാദിലെ നാഷണല്‍ ഹെല്‍ത്ത് ലബോറട്ടറിയില്‍ കൊണ്ടുപോയി പരിശോധന നടത്തേണ്ടതുണ്ട്-മന്ത്രാലയം അറിയിച്ചു.
നിപ്പ ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെയും കൃഷി മന്ത്രാലയത്തിന്റെയും നിര്‍ദേശ പ്രകാരം കേരളത്തില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത് കഴിഞ്ഞ ആഴ്ച മുതല്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

 

Latest News