Sorry, you need to enable JavaScript to visit this website.
Sunday , June   04, 2023
Sunday , June   04, 2023

പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച; നാലു പേര്‍ അറസ്റ്റില്‍

പാലക്കാട്- പകല്‍സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ നാല് പേര്‍ അറസ്റ്റില്‍. പാലക്കാട് നഗരത്തോട് ചേര്‍ന്ന് കല്‍മണ്ഡപം പ്രതിഭാ നഗറില്‍ അന്‍സാരിയുടെ ഭാര്യ ഷെഫീനയെ ആക്രമിച്ച് 57 പവന്‍ ആഭരണവും ഒന്നര ലക്ഷം രൂപയും കവര്‍ന്ന കേസില്‍ വടവന്നൂര്‍ സ്വദേശികളായ സുരേഷ്(34), വിജയകുമാര്‍(42), നന്ദിയോട് സ്വദേശി റോബിന്‍(31), വണ്ടിത്താവളം സ്വദേശി പ്രദീപ്(38) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 13ന് രാവിലെ പതിനൊന്നു മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. മുന്‍വശത്ത് പൂട്ടിയിട്ട വാതില്‍ തകര്‍ത്ത് അകത്ത് കയറിയ അക്രമിസംഘം ഷെഫീനയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് കയറു കൊണ്ട് ബന്ധിച്ചത്. ബഹളം വെക്കാതിരിക്കാന്‍ വായില്‍ തുണിയും തിരുകിയിരുന്നു. മുറിക്കുള്ളിലെ അലമാര തകര്‍ത്ത് അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളുമായി സംഘം രക്ഷപ്പെട്ടു. വീട്ടിലുണ്ടായിരുന്ന ബൈക്കുമെടുത്താണ് അക്രമികള്‍ പോയത്. ബൈക്ക് സമീപത്ത് ഉപേക്ഷിച്ച ശേഷം സംഘം ഓട്ടോയില്‍ കയറി സ്ഥലം വിട്ടു. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിയാനായത്. സ്വര്‍ണ്ണം 18.55 ലക്ഷം രൂപക്ക് കോയമ്പത്തൂരിലെ ഒരു വ്യാപാരിക്ക് വിറ്റതായി പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും കസബ സി.ഐ എന്‍.എസ്.രാജീവ് അറിയിച്ചു.

 

Latest News