Sorry, you need to enable JavaScript to visit this website.

ജി-20 ഉദ്യോഗസ്ഥതല ഉച്ചകോടി: ഒരുക്കങ്ങൾ തകൃതി

ജി-20 ഉദ്യോഗസ്ഥ തല ഉച്ചകോടിയുടെ മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നു.


കോട്ടയം- ഈ മാസാവസാനം കുമരകത്ത് നടക്കുന്ന ജി-20 ഉദ്യോഗസ്ഥതല ഉച്ചകോടിയ്ക്കായുള്ള ഒരുക്കങ്ങൾ തകൃതി.
കെ.ടി.ഡി.സി വാട്ടർ സ്‌കേപിൽ പണിത കൺവെൻഷൻ സെന്ററിലാണ് പ്രധാന ചടങ്ങുകൾ. കുമരകത്തേക്ക് ചേർത്തലയിൽ നിന്നുള്ള റോഡ് നവീകരിച്ചു കഴിഞ്ഞു. പ്രദേശത്ത് വൈദ്യുതി-ഫോൺ ശൃംഖല മുടങ്ങാതെ ലഭിക്കാനുള്ള ക്രമീകരണങ്ങളും പൂർത്തിയായി വരുന്നു.  കുമരകത്ത് വൈദ്യുതി മുടങ്ങാതിരിക്കാൻ തീവ്രയജ്ഞവുമായി കെ.എസ്.ഇ.ബി. രംഗത്തു വന്നു. 
നിലവിൽ ചെങ്ങളം സബ്സ്റ്റേഷനിൽനിന്നാണ് കുമരകത്ത് വൈദ്യുതി വിതരണം. സമ്മേളനവേദി ഉൾപ്പെടുന്ന സ്ഥലത്തേക്ക് ഇവിടെ നിന്നുള്ള വൈദ്യുതി വിതരണത്തിൽ തടസ്സം നേരിട്ടാൽ കല്ലറ, കോടിമത സബ് സ്റ്റേഷനുകളിൽനിന്ന് വൈദ്യുതിയെത്തിക്കാനുള്ള നടപടി പൂർത്തിയായിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ ആലപ്പുഴ എസ്.എൽ.പുരം സബ്സ്റ്റേഷനിൽനിന്ന് വൈദ്യുതിയെത്തിക്കും. ഇതിനായി തണ്ണീർമുക്കം ബണ്ടിൽകൂടി ഒന്നരക്കിലോമീറ്റർ ദൂരം 11 കെ.വി. ഭൂഗർഭകേബിൾ വലിക്കുന്ന ജോലി അന്തിമഘട്ടത്തിലാണ്. കേബിൾ സ്ഥാപിക്കൽ തിങ്കളാഴ്ച പൂർത്തിയാകും.
കണ്ണാടിച്ചാലിൽനിന്ന് ഹൈസ്‌കൂൾ ഭാഗം വരെ 830 മീറ്റർ 11 കെ.വി. ലൈൻ പുതുതായി വലിച്ചു. കെ.ടി.ഡി.സി. മുതൽ കോക്കനട്ട് ലഗൂൺവരെയുള്ള ഭാഗത്ത് പാടത്തുകൂടി പോകുന്ന 11 കെ.വി. ലൈൻ മാറ്റി 1.2 കിലോമീറ്റർ ദൂരം എ.ബി.സി. കേബിൾ സ്ഥാപിച്ചു. വൈദ്യുതി ലൈനുകളുടെ അറ്റകുറ്റപ്പണികളെല്ലാം പൂർത്തിയായി. വഴിവിളക്കുകളും നന്നാക്കി. കഴിഞ്ഞ നാല് ആഴ്ചകളായി തുടരുന്ന ജോലികൾക്കായി ഇതുവരെ ഒരു കോടിയോളം രൂപ ചെലവായിട്ടുണ്ട്. 


അതിനിടെ ജി ട്വന്റി ഉച്ചകോടിയോടനുബന്ധിച്ചുഉള്ള സുരക്ഷാ മുൻകരുതലുകൾ വിലയിരുത്തി. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ഭാവന സക്‌സേന ഐ.പി.എസ്. ജി-20 ഡെപ്യൂട്ടി സെക്രട്ടറി ഇമ്‌ലി വബാങ്ങ്, വിദേശകാര്യമന്ത്രാലയ സെക്രട്ടറി ഉപാസന മൊഹപത്ര, അണ്ടർ സെക്രട്ടറി ചിത്ര അഹലാവത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ജി-20 ഉച്ചകോടി നടക്കുന്ന കൺവെൻഷൻ സെന്ററും 200 ഓളം പ്രതിനിധികൾ തങ്ങുന്ന  റിസോർട്ടുകളിലുമായാണ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി സന്ദർശനം നടത്തിയത്.
ഉദ്യോഗസ്ഥർ താമസിക്കുന്ന ഹോട്ടലുകളിലും റിസോർട്ടുകളിലും സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസം ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു. പോലീസിന്റെ പരിശോധന തുടരും. ഉദ്യോഗസ്ഥർക്കായി കോക്കനട്ട് ലഗൂണിൽ നാടൻ കലാരൂപങ്ങളുടെ അവതരണം നടത്തും. 30 ന് ലേക് റിസോർട്ടിൽ വിരുന്ന് ഒരുക്കും. കവണാറ്റിൻകരയിൽ 15 ആനകളെ അണിനിരത്തി പൂരം, കവണാർ ആറ്റിൽ വള്ളംകളി എന്നിവയെക്കുറിച്ചു ആലോചന നടക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. തണ്ണീർമുക്കത്ത് നിന്നു കുമരകം കവണാറ്റിൻകര വരെ റോഡ് നവീകരണം നടക്കുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 


ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്ന ഉദ്യോഗസ്ഥർ വേമ്പനാട്ട് കായലിലൂടെ സഞ്ചരിക്കുന്ന ജലവാഹനങ്ങൾക്കു സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുത്ത മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ പോലീസ് എത്തി വിവരങ്ങൾ ശേഖരിച്ചു. 28ന് കവണാറ്റിൻകര കെ.ടി.ഡി.സിയിൽ എത്താനും ഇവർക്കു നിർദേശം നൽകി. വേമ്പനാട്ട് കായലിൽ മീൻ പിടിക്കാൻ പോകുന്ന 14 പേരെയാണു അഗ്‌നിരക്ഷാസേന സുരക്ഷയുടെ ഭാഗമായി തെരഞ്ഞെടുത്തിരിക്കുന്നത്. ആഴത്തിൽ മുങ്ങാനുള്ള വൈദഗ്ധ്യമാണ് ഈ തൊഴിലാളികളുടെ പ്രത്യേകത. ജി-20 സമ്മേളനത്തിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർ താമസിക്കുന്ന, കായൽത്തീരത്തെ ഹോട്ടൽ, റിസോർട്ട് എന്നിവിടങ്ങളിൽ നിന്നു ജലവാഹനങ്ങളിലാണു കവണാറ്റിൻകര കെ.ടി.ഡി.സിയിലെ കൺവൻഷൻ സെന്ററിൽ എത്തുന്നത്.

Latest News