ജയരാജന്‍ തകര്‍ത്ത നിയമസഭയിലെ കസേര പാലായിലെ ഗോഡൗണിലുണ്ട്, പരിഹസിച്ച് സതീശന്‍

തിരുവനന്തപുരം- നിയമസഭയിലെ പ്രതിഷേധങ്ങളെ കുറിച്ച് ഇ.പി ജയരാജന്റെ സ്റ്റഡി ക്ലാസ് അത്ഭുതമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇ.പി ജയരാജന്‍ തല്ലിതകര്‍ത്ത നിയമസഭയിലെ കസേര പാലായിലെ ഗോഡൗണിലാണ്.
നിയമസഭയില്‍ എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് ഇപിയെ പോലെയുള്ള ഒരാള്‍ പ്രതിപക്ഷത്തിന് ക്ലാസെടുക്കുന്ന വിചിത്രമായ കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് ഓര്‍ത്തിട്ട് തനിക്ക് അത്ഭുതം തോന്നുന്നു. പക്ഷേ, കാര്യങ്ങള്‍ കൗശലത്തോടെ കാണുന്ന പുതിയ ജയരാജനാണോ ഇതെന്ന് സംശയിക്കുന്നുണ്ടെന്നും സതീശന്‍ പരിഹസിച്ചു.
'എം.എല്‍.എ ആയിരിക്കുമ്പോള്‍ അദ്ദേഹം തല്ലിത്തകര്‍ത്ത സ്പീക്കറുടെ കസേര എവിടെയെന്ന് ഞാന്‍ അന്വേഷിച്ചു. പാലായിലെ ഒരു ഗോഡൗണില്‍ കിടക്കുന്നുണ്ടെന്നാണ് വിവരം. ഇക്കാര്യം വിനയപൂര്‍വം ഇ.പിയെ ഓര്‍മിപ്പിക്കുകയാണ്.'
ശരിക്കും മുഖ്യമന്ത്രിയെ വരികള്‍ക്കിടയില്‍ പരിഹസിക്കുകയാണ് അദ്ദേഹം. പ്രതിപക്ഷ നേതാക്കളുടെ വാക്കൗട്ട് പ്രസംഗങ്ങളാണ് ഭരണകക്ഷിയെ പ്രകോപിപ്പിക്കുന്നതെന്നാണ് അദ്ദേഹം പറയാതെ പറയുന്നതെന്നും സതീശന്‍ പറഞ്ഞു.

 

Latest News