പ്രതിരോധ ജാഥ സമാപനത്തില്‍ മുഖ്യമന്ത്രിയുടെ അസാന്നിധ്യം ശ്രദ്ധേയമായി

തിരുവനന്തപുരം- സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധജാഥയുടെ സമാപന ചടങ്ങിലെ ശ്രദ്ധേയമായ അസാന്നിധ്യമായി മുഖ്യമന്ത്രി പിണറായി വിജയന്‍.  ഇന്നലെ തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്തു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണു ജാഥയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തത്. കാസര്‍ഗോട്ട് ജാഥയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തതിനാലാണു പിണറായി സമാപനച്ചടങ്ങിന് എത്താതിരുന്നതെന്നാണു സി.പി.എം. വിശദീകരണം.
പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചുരി പങ്കെടുത്ത ചടങ്ങിലെ മുഖ്യമന്ത്രിയുടെ അഭാവം പാര്‍ട്ടിപ്രവര്‍ത്തകരിലും ചര്‍ച്ചയായിട്ടുണ്ട്. മുഖ്യമന്ത്രി തലസ്ഥാനത്തുണ്ടായിരിക്കെ, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു രാഷ്ട്രീയ ജാഥയില്‍ അദ്ദേഹം വരാതിരുന്നത് യാദൃച്ഛികമല്ലെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇന്ന് അദ്ദേഹം ജാഥയെ പ്രകീര്‍ത്തിച്ച് ട്വിറ്ററില്‍ എഴുതി.

ഇന്നലെ ജാഥാ സമാപനത്തിന് എത്താത്ത മുഖ്യമന്ത്രി മഹാരാഷ്ട്രയിലെ കിസാന്‍ ലോംഗ് മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. നവലിബറല്‍ നയങ്ങള്‍ക്കെതിരെ ഉയരുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ വിജയം കാണുമെന്ന കാര്യം അടിവരയിടുന്നതാണ് കിസാന്‍ ലോംഗ് മാര്‍ച്ചിന്റെ വിജയമെന്നാണ് അദ്ദേഹം പറഞ്ഞത്. വര്‍ഗീയതയും വിഭാഗീയതയും പറഞ്ഞു ഇത്തരം മുന്നേറ്റങ്ങളെ വിഘടിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികള്‍ക്കും വലിയൊരു താക്കീതാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുകയാണ്. ഇതിനെതിരെ രാജ്യമെങ്ങും പ്രക്ഷോഭങ്ങളുയരുന്നു. ഈ ജനകീയ സമരങ്ങളിലുണ്ടാകുന്ന വര്‍ധിച്ച ജനപങ്കാളിത്തം മുതലാളിത്ത ഭരണകൂടത്തെ ഭയപ്പെടുത്തുന്നുണ്ട്. ഒരുവര്‍ഷം നീണ്ട ഐതിഹാസികമായ കര്‍ഷകസമരത്തിന്റെ വിജയവും കഴിഞ്ഞ നാളുകളിലുണ്ടായ 21 ഓളം ദേശീയ പണിമുടക്കുകളിലെ പങ്കാളിത്തവും വളര്‍ന്നുവരുന്ന കര്‍ഷകതൊഴിലാളി വര്‍ഗ ഐക്യത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നു.

ഈ പ്രക്ഷോഭ മുന്നണിയുടെ ശക്തി തുറന്നുകാണിക്കുന്നതാണ് മഹാരാഷ്ട്രയില്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന കിസാന്‍ ലോംഗ് മാര്‍ച്ചിന്റെ വിജയം. വിളകള്‍ക്ക് ന്യായമായ വില നിശ്ചയിക്കുക, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, ഉള്ളിയടക്കമുള്ള വിളകള്‍ക്ക് സബ്‌സിഡി ഏര്‍പ്പെടുത്തുക തുടങ്ങി 17 ഓളം ആവശ്യങ്ങളുയര്‍ത്തി ഇക്കഴിഞ്ഞ മാര്‍ച്ച് 13 ന് നാസിക്കില്‍ നിന്നാരംഭിച്ച ലോംഗ് മാര്‍ച്ച് വലിയ പങ്കാളിത്തത്തോടെ മുംബൈ നഗരം ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. 15000ത്തോളം കര്‍ഷകര്‍ അണിനിരന്ന ഈ മുന്നേറ്റത്തിന് ലഭിച്ച പിന്തുണ കണ്ട മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതരായി.

കര്‍ഷകതൊഴിലാളി വര്‍ഗമുന്നണി വിജയം നേടുക തന്നെ ചെയ്യും. കിസാന്‍ ലോങ്ങ് മാര്‍ച്ച് വിജയമാകാന്‍ പ്രയത്‌നിച്ച കിസാന്‍ സഭയ്ക്കും, കര്‍ഷകര്‍ക്കും, എല്ലാ സഖാക്കള്‍ക്കും വിപ്ലവാഭിവാദ്യങ്ങള്‍ എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി കുറിപ്പ് അവസാനിപ്പിക്കുന്നത്.

 

Latest News