തലശ്ശേരി- പിണറായി കൂട്ടക്കൊല കേസിന്റെ അന്വേഷണം അവസാന ഘട്ടത്തില്‍. അച്ഛനും അമ്മയും മകളുമുള്‍പ്പെടെ സ്വന്തം വീട്ടിലെ മൂന്ന് പേരെ എലി വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ങ്കണ്ടി സൗമ്യ (28) ക്കെതിരായ കുറ്റപത്രം പോലീസ് തയാറാക്കുകയാണ്. തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം സൗമ്യയെ ജൂണ്‍ 13 വരെ റിമാന്‍ഡ് ചെയ്തിരുന്നു.
ഇതിനിടെ സൗമ്യക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്ന് പോലീസ് ഇക്കാര്യവും അന്വേഷിക്കുകയാണ്. സൗമ്യയുടെ അഞ്ച് മൊബൈല്‍ ഫോണില്‍ നിന്നുള്ള സന്ദേശങ്ങള്‍ പരിശോധിക്കാനുള്ള നീക്കത്തിലാണ് പോലീസ്. ഇത് കൂടി ലഭിച്ചാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ കെ.ഇ പ്രേമചന്ദ്രന്‍.
സൗമ്യയുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് പോയതും വന്നതുമായ സന്ദേശങ്ങളുടെ പൂര്‍ണവിവരങ്ങള്‍ ലഭിച്ചു കഴിഞ്ഞാല്‍ മാത്രമേ കൊലപാതകത്തില്‍ മറ്റു പ്രതികളുണ്ടോയെന്ന് കണ്ടെത്താനാകൂ എന്നാണ് പോലീസിന്റെ വിലയിരുത്തല്‍. അറസ്റ്റിലാകുന്നതിന് ഒരു മാസക്കാലം സൗമ്യ മൊബൈല്‍ ഫോണില്‍ നിന്ന് കോളുകളൊന്നും ചെയ്യാതെ സന്ദേശങ്ങള്‍ അയക്കുക മാത്രമാണ് ചെയ്തത്. സൗമ്യയുമായി നിട്ടൂര്‍, തലശ്ശേരി, ഇരിട്ടി, പറശ്ശിനിക്കടവ്, പിണറായി എന്നിവിടങ്ങളിലെ നിരവധി യുവാക്കള്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇവരുടെ പങ്ക് സംബന്ധിച്ച് സ്ഥിരീകരിക്കാന്‍ മൊബൈല്‍ ഫോണിലെ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ സാധിക്കുകയുള്ളൂവെന്നാണ് അന്വേഷണ സംഘം പറയുന്നത.്
സൗമ്യയുടെ കാമുകന്മാരെന്നു പറയുന്ന നാല് പേരെ പോലീസ് സംഘം ദിവസങ്ങളോളം വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. സൗമ്യയെ സെക്്‌സ് റാക്കറ്റുമായി ബന്ധപ്പെടുത്തിയ ഇരിട്ടി സ്വദേശിനിയെ കുറിച്ചും പോലീസ് വിശദമായ അന്വേഷണത്തിലാണ്. കേസില്‍ ഇതു വരെ 50 സാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. തലശ്ശേരി, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിലെ ആശുപത്രികളില്‍ നിന്നുള്ള ചികിത്സാ രേഖകളും 25 തൊണ്ടി മുതലുകളും അന്വേഷണ സംഘം ശേഖരിച്ചു. അവിഹിത ബന്ധത്തിന് സൗകര്യമൊരുക്കാനായി മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയെന്നാണ് സൗമ്യ പോലീസിന് നല്‍കിയ കുറ്റസമ്മത മൊഴി.
മാതാപിതാക്കളെ ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസിലാണ് ഏപ്രില്‍ 24 ന് രാത്രി സൗമ്യയെ അറസ്റ്റ് ചെയ്തിരുന്നത്. പിറ്റേന്നാള്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തുവെങ്കിലും കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പോലീസ് അപേക്ഷിച്ചതിനെ തുടര്‍ന്ന് നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു.
സൗമ്യയുടെ പിതാവ് പടന്നക്കര കല്ലട്ടി വണ്ണത്താന്‍കണ്ടി വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (78), മാതാവ് കമല (65), മകള്‍ ഐശ്വര്യ (8) എന്നിവരെയാണ് കൊലപ്പെടുത്തിയിരുന്നത.് 2018 ജനുവരി 13 നാണ് ഐശ്വര്യ മരണപ്പെടുന്നത.് മാര്‍ച്ച് എട്ടിന് കമലവും വയറ് വേദനയും മറ്റുമായി ആശുപത്രിയിലെത്തിച്ചയുടനെ മരിക്കുകയായിരുന്നു.
ഏപ്രില്‍ 13 നാണ് കുഞ്ഞിക്കണ്ണന്‍ ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മരിച്ചത്. നാട്ടുകാരുടെ സംശയത്തെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത.്
രണ്ടു തവണ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴും എല്ലാ കൊലപാതകങ്ങളും താന്‍ തനിച്ചാണ് ചെയ്തതെന്ന് സൗമ്യ വെളിപ്പെടുത്തിയിരുന്നു. എട്ട് സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്ന സൗമ്യക്ക് അഞ്ച് മൊബൈല്‍ ഫോണുകളും ഉണ്ടായിരുന്നു. ഓരോ കാമുകന്‍മാരെ വിളിക്കാന്‍ ഓരോ നമ്പറാണ് ഉപയോഗിച്ചിരുന്നത.്
2012 സെപ്റ്റംബര്‍ ഒമ്പതിന് സൗമ്യയുടെ ഇളയ മകള്‍ കീര്‍ത്തന (ഒന്നര) മരിച്ചിരുന്നു. ഈ കുട്ടിയെയും സൗമ്യ കൊലപ്പെടുത്തിയതാണെന്ന് പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ കീര്‍ത്തന അസുഖത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.
കണ്ണൂര്‍ സ്‌പെഷല്‍ വനിതാ ജയിലില്‍ റിമാന്റില്‍ കഴിയുന്ന സൗമ്യ കുട നിര്‍മാണ ജോലിയാണ് അവിടെ ചെയ്യുന്നത.് ദിവസം 63 രൂപ ജയിലില്‍ സൗമ്യക്ക് കൂലിയായി ലഭിക്കുന്നുണ്ട.് ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ സൗമ്യ കുട നിര്‍മാണം വശമാക്കിയെന്ന് ജയില്‍ വാര്‍ഡന്‍മാര്‍ പറഞ്ഞു.