Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ കലക്ടറേറ്റിന്ന് മുന്നില്‍ ബാങ്ക് വിളിച്ച് പ്രതിഷേധം; സമരക്കാരുടെ പശ്ചാത്തലം അന്വേഷിക്കുന്നു

ശിവമോഗ- ബാങ്ക് വിളിയുടെ പേരില്‍ അധിക്ഷേപ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവ് ഈശ്വരപ്പക്കെതിരെ പ്രതിഷേധം. അല്ലാഹുവിനു ചെവി കേള്‍ക്കില്ലേ എന്നു ചോദിച്ച ബി.ജെ.പി നേതാവിനെതിരെ ശിവമോഗ ജില്ലാ കലക്ടറുടെ ഓഫീസിനു മുന്നില്‍ ബാങ്ക് വിളിച്ച് യുവാക്കള്‍ പ്രതിഷേധിച്ചു. ഈശ്വരപ്പ വിവാദ പ്രസ്താവന തുടര്‍ന്നാല്‍ വിധാന്‍ സഭക്കുമുന്നിലും ബാങ്ക് വിളിക്കുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
അതേസമയം, സംഭവത്തെത്തുടര്‍ന്ന് ശിവമോഗ പോലീസ് 107 വകുപ്പ് പ്രകാരം കേസെടുത്തു. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി പ്രതിഷേധക്കാരെ വിട്ടയച്ചതായി പോലീസ് അറിയിച്ചു.  ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും സമരക്കാരുടെ പശ്ചാത്തലം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും ശിവമോഗ പോലീസ് സൂപ്രണ്ട് പറഞ്ഞു.
അതിനിടെ, ബാങ്ക് വിളിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് ഈശ്വരപ്പയെ ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി എച്ച് ഡി കുമാരസ്വാമി രൂക്ഷമായി വിമര്‍ശിച്ചു.
ജനങ്ങളെ വൈകാരികമായി ബാധിക്കുന്ന വിഷയങ്ങളാണിത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ കാരണം ബിജെപിയാണ്. ഈശ്വരപ്പയും മറ്റു ബി.ജെ.പി നേതാക്കളും പരിധി വിടരുത്. നമ്മുടെ രാജ്യത്ത്  സമാധാനം നിലനില്‍ക്കാന്‍ ഐക്യം തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം- എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച ശാന്തിനഗറില്‍ ബിജെപിയുടെ വിജയ് സങ്കല്‍പ് യാത്രക്കിടെയാണ് പള്ളികളിലെ ബാങ്ക് വിളിക്കെതിരെ ഈശ്വരപ്പ വിവാദ പരാമര്‍ശം നടത്തിയത്. അല്ലാഹു ബധിരനാണോ എന്ന അദ്ദേഹത്തിന്റെ പ്രസ്താവന  സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്നവര്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളെയും ആശുപത്രികളിലെ രോഗികളെയും ശല്യപ്പെടുത്തുകയാണെന്നാണ് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ ഈശ്വരപ്പ പറഞ്ഞിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News