Sorry, you need to enable JavaScript to visit this website.

രാഹുലിന് എതിരായ പോലീസ് നടപടിയിൽ പ്രതിഷേധം; സ്വയം കാറോടിച്ച് രാഹുൽ

ന്യൂദൽഹി-ഭാരത് ജോഡോ യാത്രയിലെ പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ദൽഹി പോലീസ് കാത്തിരുന്നത് മണിക്കൂറുകളോളം. ദൽഹി തുഗ്ലക്ക് ലെയിനിലെ രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിലാണ് പോലീസ് കാത്തിരുന്നത്. പോലീസ് തിരിച്ചുപോയതിന് പിന്നാലെ കാർ സ്വയം ഓടിച്ച് രാഹുൽ ഗാന്ധി വീട്ടിൽനിന്ന് പുറത്തുപോയി. ഒന്നര മാസം മുമ്പ് കശ്മീരിൽ ഭാരത് ജോഡോ യാത്ര അവസാനിച്ചപ്പോൾ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ദൽഹി പോലീസ് രാഹുലിന് നോട്ടീസ് നൽകിയത്. ലൈംഗികാതിക്രമം നേരിട്ടുവെന്ന പരാതിയുമായി സ്ത്രീകൾ തന്നെ സമീപിച്ചിരുന്നുവെന്ന് രാഹുൽ ഗാന്ധി പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. ഈ സ്ത്രീകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് മാർച്ച് 16ന് രാഹുലിന് പോലീസ് നോട്ടീസ് നൽകിയിരുന്നു. സ്‌പെഷ്യൽ പോലീസ് കമ്മീഷണർ (ക്രമസമാധാനം) സാഗർ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രാഹുലിനെ ചോദ്യം ചെയ്യാൻ എത്തിയത്. ഇവർ ഒരു മണിക്കൂറിലേറെ വീടിന് പുറത്തുകാത്തുനിന്നു. രാഹുലിന് വീണ്ടും നോട്ടീസ് നൽകുമെന്നാണ് പോലീസ് പറയുന്നത്. 
അതേസമയം, പോലീസ് നടപടിക്ക് എതിരെ രൂക്ഷമായ വിമർശനമാണ് കോൺഗ്രസ് ഉയർത്തിയത്. ഇത് ലജ്ജാകരമായ പ്രവൃത്തിയെന്ന് വിശേഷിപ്പിച്ച കോൺഗ്രസ്, അദാനി വിഷയത്തിൽ തങ്ങളുടെ ചോദ്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പരിഭ്രാന്തനാണെന്നാണ് കാണിക്കുന്നതെന്നും കോൺഗ്രസ് വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയും രാഹുൽ ഗാന്ധിയും സ്ത്രീകൾക്ക് അവരുടെ പ്രശ്‌നങ്ങളും വേദനകളും പങ്കിടാൻ സുരക്ഷിതമായ വേദി നൽകി.


പോലീസിന്റെ കോമാളിത്തരങ്ങൾ ഞങ്ങളുടെ ധൈര്യത്തെ ശക്തിപ്പെടുത്തിയെന്നും ഞങ്ങൾ ഉത്തരം ആവശ്യപ്പെടുന്നത് തുടരുമെന്നും പാർട്ടി ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചതിന് നിയമപരമായ ഒരു മാതൃകയും ഇല്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ദൽഹി പോലീസ് നടത്തുന്ന പീഡനത്തിന്റെ മറ്റൊരു ഉപകരണമായാണ് പാർട്ടി ഇതിനെ കാണുന്നത്. ഇരകളുടെ പേരുകൾ വെളിപ്പെടുത്താൻ അവർക്ക് അദ്ദേഹത്തെ നിർബന്ധിക്കാനാവില്ല. നടപടി ദുരുദ്ദേശപരവും വ്യാജവുമാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. യാത്ര അവസാനിപ്പിച്ച് 45 ദിവസം കഴിഞ്ഞിട്ടും എന്തിനാണ് പോലീസ് ഈ ചോദ്യം ചോദിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ചോദിച്ചു. സർക്കാർ പരിഭ്രാന്തിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പോലീസ് നടപടികളോട് ഞങ്ങൾ നിയമാനുസൃതം പ്രതികരിക്കും. ഭാരത് ജോഡോ യാത്ര അവസാനിച്ചിട്ട് 45 ദിവസമായി. ഇപ്പോഴാണ് അവർ ചോദ്യവുമായി എത്തിയത്. സർക്കാറിന്റെ പരിഭ്രാന്തിയാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. 
രാഹുൽ ഗാന്ധിക്കെതിരെ അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് ആം ആദ്മി പാർട്ടി നേതാവും ദൽഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. കേന്ദ്ര സർക്കാർ അതിന്റെ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ഞങ്ങൾ എപ്പോഴും പറയാറുണ്ട്. രാഹുൽ ഗാന്ധിയെ വേട്ടയാടുന്നതിന് കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് പറയുന്നതിൽ ആം ആദ്മിക്ക് മടിയില്ലെന്നും ഭരദ്വാജ് പറഞ്ഞു.
 

Tags

Latest News