Sorry, you need to enable JavaScript to visit this website.

നിറഞ്ഞ സന്തോഷമെന്ന്‌ സൂഫിയ മഅ്ദനി; നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാകുമെന്ന് അഡ്വ. സലാഹുദ്ദീൻ അയ്യൂബി

കൊച്ചി - ഉപ്പയുടെ ആരോഗ്യാവസ്ഥ നിലവിൽ വളരെ മോശമാണെങ്കിലും ഇനി താനും നിയമപോരാട്ടങ്ങളുടെ ഭാഗമാകുമെന്ന് ബെംഗ്ലൂരുവിൽ വിചാരണത്തടവിൽ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദനിയുടെ മകൻ, പുതുതായി അഭിഭാഷകനായി എൻറോൾ ചെയ്ത സ്വലാഹുദ്ദീൻ അയ്യൂബി പറഞ്ഞു. രാജ്യത്തെ നിയമത്തിലും കോടതിയിലും വിശ്വസമുണ്ടെന്നും വക്കീലായി എൻറോൾ ചെയ്ത സന്തോഷത്തിനിടെ സലാഹുദ്ദീൻ അയ്യൂബി മാധ്യമങ്ങളോട് പറഞ്ഞു.
 കോടതി മുറികൾക്ക് പുറത്ത് നിൽക്കുമ്പോൾ ഉപ്പയുടെ നിയമ പോരാട്ടങ്ങളുടെ ഭാഗമാകാൻ ഒരുപാട് ആഗ്രഹിച്ചതാണ്. ഇനി കോടതിക്കുള്ളിൽ ഉപ്പയുടെ ശബ്ദമായി നിൽക്കാൻ കഴിയും എന്നതാണ് സന്തോഷം. ഉപ്പയുടെ ആരോഗ്യാവസ്ഥ നിലവിൽ വളരെ മോശമാണ്. ജാമ്യത്തിൽ ഇളവ് ലഭിക്കാനായി സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഉപ്പയും ഉമ്മയും കേസിൽ അകപ്പെട്ടിരിക്കുന്നവരാണ്. ഉമ്മയ്ക്ക് കൊച്ചിയോ ഉപ്പയ്ക്ക് ബെംഗളൂരുവോ വിട്ടുപോകാൻ കഴിയില്ല. സുപ്രിം കോടതിയുടെ കനിവുകൊണ്ട് മാത്രമാണ് ഇപ്പോൾ രണ്ടുപേർക്കും ഒരുമിച്ച് നിൽക്കാൻ കഴിയുന്നത്. അതിനാൽ ഈ രാജ്യത്തെ നിയമത്തിന്റെ വില എന്താണെന്ന് എനിക്കറിയാമെന്നും നീതിക്കുവേണ്ടി എന്നാലാവുന്നതെല്ലാം ചെയ്യുമെന്നും അഡ്വ. സ്വലാഹുദ്ദീൻ പറഞ്ഞു. എൻറോൾമെന്റ് ചടങ്ങിന് സാക്ഷിയാകാൻ ഉമ്മ സൂഫിയ മഅ്ദനിയും എത്തിയിരുന്നു. നിറഞ്ഞ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു. തൃക്കാക്കര ഭാരത് മാത കോളേജിൽ നിന്നാണ് സലാഹുദ്ദിൻ അയ്യൂബി നിയമ ബിരുദം നേടിയത്. കേരളത്തിലെ ആദ്യ ട്രാൻസ് വനിത അഭിഭാഷക പത്മ ലക്ഷമി അടക്കം 1530 പേരാണ് ഇന്ന് അഭിഭാഷകരായി എൻറോൾ ചെയ്തത്. ബാർ കൗൺസിൽ അധ്യക്ഷൻ കെ.എൻ അനിൽ കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള ഹൈക്കോടതി ജസ്റ്റിസ് സി.എസ് ഡിയസ് സർട്ടിഫിക്കറ്റ് വിതരണം നടത്തി.

Latest News