Sorry, you need to enable JavaScript to visit this website.

അന്നൊരിക്കൽ ജയിൽ ഉദ്യോഗസ്ഥൻ വലിച്ചെറിഞ്ഞു ചോരയൊലിച്ചു; ഇന്ന് അഭിഭാഷകനായി മഅ്ദനിയുടെ മകൻ

ന്ത്യയിൽ ഏറ്റവുമധികം നീതിനിഷേധം നേരിടേണ്ടി വന്ന പൊതുപ്രവർത്തകരിൽ ഒരാളാണ് അബ്ദുൽ നാസർ മഅ്ദനി. രണ്ടു തവണ കള്ളക്കേസുകളിൽ കുടുക്കിയ മഅ്ദനി വർഷങ്ങളായി ജയിൽ വാസത്തിലോ ജയിലിന് സമാനമായ ജീവിതത്തിലോ ആണ് കഴിഞ്ഞുവരുന്നത്. ഒരു തവണ തമിഴ്‌നാട് പോലീസാണ് മഅ്ദനിയെ കുടുക്കിയതെങ്കിൽ നിരപരാധിത്വം തെളിയിച്ച് ജയിലിൽനിന്നിറങ്ങിയ മഅ്ദനിയെ പിന്നീട് കർണാടക പോലീസ് പിടികൂടി. ഈ കേസിൽ ഇപ്പോഴും ബംഗളൂരുവിൽ ജാമ്യത്തിൽ കഴിയുകയാണ് മഅ്ദനി. 
നീതിന്യായ രംഗം പലപ്പോഴും മഅ്ദനിക്ക് നേരെ കുറ്റകരമായ മൗനമാണ് കാണിച്ചത്. ആ മൗനത്തിലേക്കാണ് ഇന്ന് മഅ്ദനിയുടെ മകൻ സലാഹുദ്ദീൻ അയ്യൂബി കറുത്ത ഗൗൺ അണിഞ്ഞു കയറിച്ചെല്ലുന്നത്. നീതിക്ക് വേണ്ടി രാജ്യത്തെ വിവിധ കോടതികൾക്ക് മുന്നിൽ കയറിയ മഅ്ദനിയുടെ മകൻ നീതിനിഷേധം നേരിടുന്ന നൂറു കണക്കിനാളുകൾക്ക് വേണ്ടി കൈ ചൂണ്ടും. 
സലാഹുദ്ദീൻ അയ്യൂബിക്ക് പത്തു വയസു പ്രായമുള്ള സമയത്താണ് മഅ്ദനിയെ ആദ്യമായി ജയിലിലാക്കുന്നത്. കോഴിക്കോട് നിന്നെത്തിയ പോലീസ് സംഘം കൊച്ചിയിൽ മഅ്ദനിയുടെ വീട്ടിൽനിന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കോടതി മുറികളിലും അഭിഭാഷകരുടെ അടുത്തും സൂഫിയ മഅ്ദനിയുടെ തോളിലേറി സലാഹുദ്ദീൻ അയ്യൂബിയും ഉണ്ടാകും. ഒരിക്കൽ കോയമ്പത്തൂർ ജയിൽ പരിസരത്തുവെച്ച് സൂഫിയയെ ജയിൽ ഉദ്യോഗസ്ഥൻ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചപ്പോൾ സലാഹുദ്ദീൻ അയ്യൂബി തടയാൻ ശ്രമിച്ചു. ആ ഉദ്യോഗസ്ഥൻ അയ്യൂബിയെ ജയിൽ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. അയ്യൂബിയുടെ മുഖം ചോരയാൽ നിറഞ്ഞു. ഈ രംഗം ഇപ്പോഴും മനസിലുണ്ടെന്നാണ് മഅ്ദനി പറയുന്നത്. 
കനത്ത പീഡനം അനുഭവിക്കുന്ന സമയത്ത് സലാഹുദ്ദീൻ അയ്യൂബിക്ക് രക്ഷയായത് നിലമ്പൂരിൽ മുസ്ലിം ലീഗ് നേതാവ് പി.വി അബ്ദുൽ വഹാബിന്റെ ഉടമസ്ഥതയിലുള്ള പീവീസ് സ്‌കൂളായിരുന്നു. യു.കെ.ജി പഠനം പീവീസ് സ്‌കൂളിലായിരുന്നു. പിന്നീട് ഒൻപത്, പത്ത് ക്ലാസുകളിലും പീവീസിൽ തന്നെ പഠിച്ചു. എറണാകുളം തേവള്ളി വിദ്യോദയ സ്‌കൂളിലായിരുന്നു എൽ.കെ.ജി വിദ്യാഭ്യാസം. 
ഇന്ന് ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്യുന്നതിലൂടെ സ്വന്തം പിതാവ് അനുഭവിച്ച നീതിനിഷേധം നേരിട്ടറിഞ്ഞ ഒരാൾ നീതിന്യായ സംവിധാനത്തിന്റെ ഉള്ളറയിലേക്ക് എത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. 

മകന്റെ നേട്ടം ലോകത്തെ അറിയിച്ച് മഅ്ദനി പങ്കുവെച്ച കുറിപ്പ് കൂടി വായിക്കാം:

സ്തുതികൾ അഖിലവും ജഗന്നിയന്താവിന് എന്നു പറഞ്ഞാണ് മകന്റെ നേട്ടം മഅ്ദനി ലോകത്തോട് പങ്കുവെക്കുന്നത്. 
എന്റെ പ്രിയ മകൻ സലാഹുദ്ദീൻ അയ്യൂബി ഇന്ന് കുറച്ച് മുൻപ് 10.26 മണിക്ക് അഡ്വക്കേറ്റായി എൻറോൾ ചെയ്തു. 
എറണാകുളം കളമശ്ശേരി ആഷിസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ  കെ.എൻ.അനിൽ കുമാർ (ചെയർമാൻ,ഗോപാലകൃഷ്ണ കുറുപ്പ് (അഡ്വക്കേറ്റ് ജനറൽ), കെ.പി ജയചന്ദ്രൻ (അഡീ. അഡ്വക്കേറ്റ് ജനറൽ), നസീർ കെ.കെ, എസ്.കെ പ്രമോദ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. ഡയസ് ആണ് എൻറോൾമെന്റ് സർട്ടിഫിക്കറ്റ് നൽകിയതതെന്നും മഅ്ദനി പറഞ്ഞു. 
നിരന്തര നീതി നിഷേധത്തിന്റെ ഒട്ടധികം എപ്പിസോഡുകളുടെ നടുവിലൂടെ എന്റെ മകൻ ന്യായാന്യായങ്ങളെ വേർതിരിക്കുവാനുള്ള കറുത്ത ഗൗൺ ഇന്ന് അണിഞ്ഞു. അയ്യൂബിക്ക് പത്ത് മാസം പ്രായമുള്ളപ്പോഴാണ് കള്ളക്കേസിൽ കുടുക്കി എന്നെ കോയമ്പത്തൂർ ജയിലിൽ അടയ്ക്കുന്നത്. പിന്നീട് അവന്റെ ലോകം പ്രധാനമായി കോയമ്പത്തൂർ സേലം ജയിലുകളിലെ സന്ദർശക മുറികളും അവിടുത്തെ വ്യത്യസ്ത സ്വഭാവക്കാരായ ജയിൽ ഉദ്യോഗസ്ഥരുമൊക്കെയായിരുന്നു. 
പലതരത്തിലുള്ള ശാരീരിക മാനസിക പീഡനങ്ങളുടെ നടുവിലൂടെ വളരേണ്ടി വന്ന ബാല്യമായിരുന്നു അവന്റേത്. 
ഒരിക്കൽ ഭാര്യ സൂഫിയായെ ഉപദ്രവിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ കുഞ്ഞുകൈകൾ കൊണ്ട് തടുക്കാൻ ശ്രമിച്ചപ്പോൾ ജയിൽ മുറ്റത്ത് വലിച്ചെറിയപ്പെട്ടു. ചോരയൊഴുകുന്ന അന്നത്തെ അവന്റെ മുഖം ഇപ്പോഴും മറക്കാനാവാത്ത എന്റെ ഓർമ്മയാണ്. 
ഇന്ന്,നല്ല മാർക്കോടെ എൽ.എൽ.ബി പാസ്സ് ആയതിന്റെ സന്തോഷം രേഖപ്പെടുത്തുമ്പോൾ അവിടെ എത്തിപ്പെടാൻ ഒട്ടനവധി വിഷമങ്ങൾ അവന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ജീവിതത്തിൽ വല്ലാത്ത അരക്ഷിതാവസ്ഥ അനുഭവിച്ചു.
എറണാകുളം തേവള്ളി വിദ്യോദയ സ്‌കൂളിലെ LKG പഠനവും നിലമ്പൂർ Peeveesse UKG,1  പഠനവും പിന്നീട് ഒൻപതാം ക്ലാസ്സിലും പത്താം ക്ലാസ്സിലും Peeveesൽ കിട്ടിയ ക്ലാസ്സുകളും മാത്രമാണ് എൽ.എൽ.ബിക്ക് മുൻപ് അവന് സുരക്ഷിതമായി ലഭ്യമായിട്ടുള്ള ക്ലാസ്സുകൾ.
പിന്നീടൊക്കെ ദിനേന എന്നവണ്ണമുള്ള എന്റെ ആശുപത്രി വാസത്തിനും സംഘർഷഭരിതമായ ദിനരാത്രങ്ങൾക്കുമിടയിൽ വളരെ കഷ്ടപ്പെട്ട് അവൻ നേടിയെടുത്ത നേട്ടങ്ങളാണ്. വല്ലാത്ത വാത്സല്യം നൽകി അവനെ പഠനരംഗത്ത് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്ന അവന്റെ പ്രിയപ്പെട്ട അധ്യാപകർ. തളർന്ന് വീണുപോകാതെ താങ്ങി നിർത്തിയ ഒട്ടധികം സുമനസ്സുകൾ. എല്ലാവർക്കും എല്ലാവർക്കും കാരുണ്യവാൻ അനുഗ്രഹം ചെയ്യുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അവകാശ നിഷേധം അനുഭവിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ നിസ്സഹായർക്കും കൈത്താങ്ങായി മാറാൻ അയ്യൂബിയുടെ നിയമ ബിരുദം അവന് കരുത്തേകട്ടെ... ജഗന്നിയന്താവിന്റെ ഭാഗത്ത് നിന്നുള്ള അനുഗ്രഹം അവന് എപ്പോഴും ലഭ്യമാകുവാൻ എന്നും എല്ലാവരും പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 
അബ്ദുന്നാസിർ മഅ്ദനി ബാംഗ്ലൂർ

Latest News