രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ പോലീസെത്തി, ലൈംഗികമായി പീഡിപ്പിക്കപ്പെട്ടവരുടെ വിവരങ്ങള്‍ കൈമാറണം

ന്യൂദല്‍ഹി :  ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ഇരകളുടെ വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ പോലീസെത്തി. ഭാരത് ജോഡോ യാത്രയ്ക്കിടെ പെണ്‍കുട്ടികള്‍ തന്നെക്കണ്ട് ലൈംഗിക പീഡനത്തിനിരയായ കാര്യം പറഞ്ഞിരുന്നുവെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇവരുടെ വിവരങ്ങള്‍ കൈമാറണമെന്ന് രാഹുല്‍ ഗാന്ധിയോട് നേരത്തെ തന്നെ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് പോലീസ് വീട്ടിലെത്തിയത്. 
 മാര്‍ച്ച് 15ന് നല്‍കിയ നോട്ടീസിന് രാഹുല്‍ മറുപടി നല്‍കിയിരുന്നില്ല. വീണ്ടും  അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നുവെന്ന് ദല്‍ഹി പോലീസ് അറിയിച്ചു. ഭാരത് ജോഡോ യാത്ര കശ്മീരിലെത്തിയപ്പോഴാണ് പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. എന്നാല്‍ തങ്ങളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും രാഹുല്‍ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയെ ഭയപ്പെടുത്തി വിവരങ്ങള്‍ തേടാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ഇതിന് പിന്നില്‍  കേന്ദ്ര സര്‍ക്കാറാണെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര കുറ്റപ്പെടുത്തി.

 

Latest News