റിയാദ്- സൗദി അറേബ്യയില്‍ സ്‌കൈ ഡൈവിംഗില്‍ ചരിത്രം കുറിച്ച് റസാന്‍ അല്‍ അജ്മി. സൗദി പതാകയും വഹിച്ചുകൊണ്ട് 15,000 അടി ഉയരത്തില്‍നിന്ന് ചാടിയാണ് അവര്‍ ചരിത്രത്തിലേക്ക് പറന്നു കയറിയത്. വിമാനത്തില്‍ സഞ്ചരിച്ച് ഇത്രയും അടി ഉയരത്തില്‍നിന്ന് ചാടിയ ആദ്യ സൗദി വനിതയായി മാറിയിരിക്കയാണ് റസാന്‍ അല്‍ അജ്മി.
ഒന്നര വര്‍ഷം മുമ്പാണ് സ്‌കൈഡൈവിംഗ് പഠിക്കാന്‍ തുടങ്ങിയതെന്നും ഈ കായികരംഗത്ത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ ആദ്യ പരിശീലകയെന്ന സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ കൈവശമുണ്ടെന്നും റസാന്‍ വെളിപ്പെടുത്തി. ദുബായിലാണ് പരിശീലനവും സ്‌കൈഡൈവിംഗ് ലൈസന്‍സും നേടിയത്.
സ്‌കൈഡൈവിങ്ങിന് പുറമേ, അഞ്ച് വര്‍ഷമായി റസാന്‍ പര്‍വതാരോഹണവും നടത്തുന്നുണ്ട്.
സ്‌കൈ ഡൈവിംഗ് പരിശീലകരുടെ എണ്ണം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സൗദിയില്‍ പാരാഗ്ലൈഡിംഗ് ക്ലബ് സ്ഥാപിക്കാന്‍ പദ്ധതിയിടുകയാണ് റസാന്‍.
സൗദി അറേബ്യയില്‍ സ്‌കൈഡൈവിംഗിന് പ്രചാരമേറുകയാണെന്നും അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരുപിടി കമ്പനികള്‍ രംഗത്തുവന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.