അങ്കാറ- നാറ്റോയില്‍ അംഗമാകാനുള്ള ഫിന്‍ലാന്‍ഡിന്റെ അപേക്ഷ വീറ്റോ ചെയ്ത തുര്‍ക്കി തീരുമാനം മാറ്റുന്നു. ഫിന്‍ലാന്‍ഡിന് അനുകൂലമായ സമീപനം സ്വീകരിക്കാന്‍ പാര്‍ലമെന്റിനോട് ശിപാര്‍ശ ചെയ്യുമെന്ന് റജബ് തയ്യിപ് ഉര്‍ദുഗാന്‍ ഫിന്നിഷ് പ്രസിഡന്റ് സൗലി നിനിസ്റ്റോയിയെ അറിയിച്ചു. ഉര്‍ദുഗാനും നിനിസ്‌റ്റോയിയും അങ്കാറയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനത്തില്‍ മാറ്റമുണ്ടായത്.
റഷ്യയുമായി 832 മൈല്‍ അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലന്‍ഡ് റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തോടെയാണ് നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചത്. ഫിന്‍ലാന്‍ഡിനോടൊപ്പം സ്വീഡനും അപേക്ഷിച്ചിരുന്നെങ്കിലും സ്വീഡന്റെ കാര്യത്തില്‍ നിലവില്‍ തുര്‍ക്കി നിലപാട് മാറ്റിയിട്ടില്ല. ഫിന്‍ലാന്‍ഡിന് അംഗത്വം ലഭിച്ചാല്‍ നാറ്റോ സഖ്യത്തിലെ 31-ാമത്തെ അംഗമാകും.
ഫിന്‍ലന്‍ഡിലെ കുര്‍ദിഷ് ഭീകര പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള തുര്‍ക്കിയുടെ ആശങ്കകള്‍ പരിഹരിക്കപ്പെട്ടതായി സംയുക്ത പത്രസമ്മേളനത്തില്‍ ഉര്‍ഗുഗാന്‍ അറിയിച്ചു. തങ്ങളുടെ നടപടികള്‍ക്ക് പിന്തുണ നല്കിയതിന് ഉര്‍ദുഗാനോട് നന്ദി രേഖപ്പെടുത്തിയ നിനിസ്റ്റോ സ്വീഡനില്ലാതെ ഫിന്നിഷ് നാറ്റോ അംഗത്വം പൂര്‍ണ്ണമല്ലെന്നും കൂട്ടിച്ചേര്‍ത്തു. ജൂലൈയില്‍ വില്‍നിയസില്‍ നടക്കുന്ന ഉച്ചകോടിയില്‍ നാറ്റോയില്‍ ചേരാന്‍ ഇരു രാജ്യങ്ങള്‍ക്കും അനുമതി ലഭിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കുര്‍ദിഷ് പ്രവര്‍ത്തകരെ തടയാന്‍ ഫിന്‍ലന്‍ഡും സ്വീഡനും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് ഉര്‍ദുഗന്‍ ആവശ്യപ്പെടുന്നുണ്ട്. അരലക്ഷത്തോളം പേര്‍ മരിച്ച ഫെബ്രുവരി ആറിലെ ഭൂകമ്പത്തിന്റെ കേന്ദ്രമായ കഹ്റമന്‍മാരാഷ് പ്രവിശ്യ നിനിസ്റ്റോ സന്ദര്‍ശിച്ചു. ഭൂകമ്പക്കാഴ്ചകള്‍ തന്നെ ഞെട്ടിച്ചതായി അദ്ദേഹം പറഞ്ഞു.
വടക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് 2019-ല്‍ തുര്‍ക്കിയിലേക്കുള്ള ആയുധ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന കര്‍ശനമായ ഉപരോധം ഡിസംബറില്‍ ഫിന്‍ലാന്‍ഡ് ഒഴിവാക്കിയിരുന്നു.