ഇടുക്കി-മൂന്നാർ പെരിയവര എസ്റ്റേറ്റിൽ കടുവയുടെ ആക്രമണത്തിൽ ആറുമാസം ഗർഭിണിയായ പശു ചത്തു. ആനമുടി ഡിവിഷനിൽ മാരിച്ചാമിയുടെ പശുവാണ് ചത്തത്. വെള്ളിയാഴ്ച മേയാൻ വിട്ട പശുവിനെ കാണാതായതിനെ തുടർന്ന് തൊഴിലാളികൾ നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച രാവിലെ പശുവിനെ ഇരുപത്തൊന്നാം നമ്പർ ഫീൽഡിൽ ചത്ത നിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് പ്രദേശത്ത് കടുവയുടെ ആക്രമണമുണ്ടാകുന്നത്. സെവൻമല, പെരിയവര എസ്റ്റേറ്റുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കടുവ പശുക്കളെ ആക്രമിച്ചു കൊന്നത്.