ഇടുക്കിയിൽ കടന്നൽ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക് 

ഇടുക്കി- മാങ്കുളം ആറാംമൈലിൽ നാല് പേർക്ക് കടന്നൽ കുത്തേറ്റു. ആറാം മൈൽ സ്വദേശി  ജോൺസൻ കണ്ണോത്തുകുഴിയിൽ, ഭാര്യ വത്സമ്മ ജോൺസൻ, വത്സമ്മയുടെ മാതാവ് ഏലിക്കുട്ടി മാനുവൽ, വിജയൻ ഇടയാടിക്കുഴിയിൽ  എന്നിവർക്കാണ്  പരിക്കേറ്റത്. ശനിയാഴ്ച്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം.  പഴയ ആലുവ- മൂന്നാർ റോഡിലായിരുന്നു തൊഴിലുറപ്പ് ജോലികൾ നടന്നു വന്നിരുന്നത്. ഉച്ചയൂണിന് ശേഷം ജോലി പുനരാരംഭിക്കാൻ എത്തിയ തൊഴിലാളികളെ ഇളകി വന്ന കടന്നൽ ആക്രമിക്കുകയായിരുന്നു. വഴിയാത്രികനായ പ്രദേശവാസി ജോൺസനും കുത്തേറ്റു.  ഏറെ ദൂരം ഓടിയാണ് ജോൺസൻ  ആക്രമണത്തിൽ നിന്ന് രക്ഷനേടിയത്. വലിയ തോതിൽ കടന്നലിന്റെ കുത്തേറ്റ ജോൺസനെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് മൂവരും ആശുപത്രിയിൽ ചികിത്സ തേടി. കടന്നൽ ആക്രമണമുണ്ടായതോടെ തൊഴിലാളികൾ ചിതറിയോടി. പതിനൊന്നോളം ആളുകളായിരുന്നു തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്നത്.  പരിക്കേറ്റ വിജയനും ഏറെ ദൂരം ഓടിയാണ് രക്ഷപ്പെട്ടത്.
 

Latest News