Sorry, you need to enable JavaScript to visit this website.

പോലീസ് സ്റ്റേഷനിൽ മധ്യവയസ്‌കന്റെ പരാക്രമം; ഉദ്യോഗസ്ഥർക്ക് പരിക്ക്

തൊടുപുഴ- ബസ് ജീവനക്കാരൻ പോലീസ് സ്റ്റേഷനിലും പി.എച്ച്.സിയിലും അക്രമം അഴിച്ചു വിട്ടു. രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. എരുമേലി സ്വദേശി ഷാജി തോമസ്(അച്ചായി- 47) ആണ് കരിങ്കുന്നം സ്റ്റേഷനിൽ ആക്രമണം അഴിച്ചുവിട്ടത്. എസ്.ഐ ബൈജു .പി. ബാബു, ഉദ്യോഗസ്ഥനായ അനീഷ് ആന്റണി എന്നിവർക്കാണ് പരിക്കേറ്റത്. സ്റ്റേഷനിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകളും പോലീസ് ജീപ്പിന്റെ ഗ്ലാസും തകർത്തു.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്വകാര്യ ബസിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിന് അസഭ്യവർഷം നടത്തിയതിനാണ് ഇയാളെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പിടികൂടി പോലീസിന് കൈമാറിയത്.തൊടുപുഴ - പാലാ റോഡിൽ ഓടുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് പ്രതി. ഈ ബസിന് മുമ്പ് സർവീസ് നടത്തുന്ന ബസിൽ കയറി യാത്ര ചെയ്യുന്നതിനിടെയാണ് പ്രശ്‌നം. വിവരമറിഞ്ഞ് ബസ് കരിങ്കുന്നം ടൗണിലെത്തിയപ്പോൾ പോലീസുകാരെത്തി ഇയാളെ പിടിച്ചുകൊണ്ടു പോയി.
എന്നാൽ സ്റ്റേഷനുള്ളിലേക്ക് കയറിയതോടെ യുവാവ് അസഭ്യ വർഷവും അക്രമവും നടത്തുകയായിരുന്നു. പിന്നീട് കരിങ്കുന്നത്തെ പിഎച്ച്‌സിയിൽ എത്തിച്ചപ്പോൾ ഇവിടെയും പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും കസേരകൾ തകർക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. ഇയാൾ മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ വ്യക്തമായി. തിരിച്ചുവരുന്ന വഴി ജീപ്പിൽ വച്ച് പോലീസ് ഉദ്യോഗസ്ഥനായ അനീഷ് ആന്റണിയുടെ പുറത്ത് ഷാജി കടിച്ച് പരുക്കൽപ്പിച്ചു. ജീപ്പിന്റെ പിൻവശത്തെ ഗ്ലാസ് ചവിട്ടി താഴെയിട്ടു.
തുടർന്ന് സി.സി.ടിവി ക്യാമറകളും ഘടിപ്പിച്ചിരുന്ന പൈപ്പുകളും തകർത്തു. ഇയാളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ എസ്.ഐക്ക് കൈക്ക് പരിക്കേറ്റു. മറ്റ് പോലീസ് ഉദ്യോഗസ്ഥർ ഓടിയെത്തിയാണ് യുവാവിനെ കീഴടക്കിയത്. സെല്ലിലടക്കാൻ ശ്രമിച്ചെങ്കിലും യുവാവ് തല ഗ്രില്ലിലും ഭിത്തിയിലും ഇടിച്ച് സ്വയം പരിക്കേൽപ്പിക്കാൻ ശ്രമിച്ചതായും പോലീസുകാർ പറഞ്ഞു.
ഇയാളുടെ സുഹൃത്തുക്കളെ പോലീസ് വിളിച്ച് വരുത്തി. ഏതാനും വർഷങ്ങളായി പ്രതി മാനസിക വിഭ്രാന്തിക്ക് ചികിത്സ തേടിയിരുന്നതായും ഇതിന് മുമ്പും വിവിധയിടങ്ങളിലും ഷാജി ഇത്തരം അതിക്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇവർ പോലീസിനോട് പറഞ്ഞു.കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ മജിസ്ട്രേറ്റിനെ അക്രമിച്ചതടക്കം ഇയാൾക്കെതിരെ ചിറ്റാർ പോലീസ് സ്റ്റേഷനിൽ എട്ടും തലയോലപ്പറമ്പ് സ്റ്റേഷനിൽ ഒന്നും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
 

Latest News