Sorry, you need to enable JavaScript to visit this website.
Wednesday , March   22, 2023
Wednesday , March   22, 2023

പത്തു ബിരിയാണിക്ക് ഓർഡർ; പുളിച്ചതെന്ന് യുവതികളുടെ പരാതി, ഉദ്യോഗസ്ഥർ പരിശോധന നടത്തി

കാസർകോട്- കാസർകോട് കെ.എസ്.ആർ.ടി.സി ബസ്റ്റാന്റ് റോഡിലെ ഹോട്ടലിൽ കയറിയ രണ്ട് യുവതികൾ 10 ബിരിയാണിക്ക് ഓർഡർ നൽകിയ സംഭവത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. ശനിയാഴ്ച വൈകിട്ടാണ് സംഭവം. പത്ത് ബിരിയാണിയിൽ രണ്ടെണ്ണം എണ്ണം കഴിക്കാനും ബാക്കി എട്ട് എണ്ണം പാർസലും നൽകാനാണ് ആവശ്യപ്പെട്ടത്. ഇതിനിടയിൽ പാതികഴിച്ച ബിരിയാണി പുളിച്ചതാണെന്ന്  പറഞ്ഞ് പാർസൽ വേണ്ടെന്നും കഴിച്ച രണ്ട് ബിരിയാണിയുടെ  മാത്രം പണം നൽകാൻ തയ്യാറായെങ്കിലും 10 ബിരിയാണിയുടെയും പണം നൽകണമെന്ന് ഹോട്ടൽ ഉടമ പറഞ്ഞതോടെ തർക്കമായി. ഹോട്ടൽ ഉടമ പോലീസിനെ വിളിച്ചു വരുത്തിയതോടെ യുവതികൾ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരെയും നഗരസഭ ആരോഗ്യ വിഭാഗത്തെയും വിളിച്ചു വരുത്തി.

ഭക്ഷണം കഴിച്ചവരിൽ ഒരു യുവതി നഗരസഭ ജീവനക്കാരിയും  കൂടെയുണ്ടായിരുന്നത് ബന്ധുവുമായിരുന്നു. ഹോട്ടലിലെത്തിയ പൊലീസ് ഉദ്യോഗസ്ഥനും ഭക്ഷണം കൊള്ളില്ലെന്ന് പറഞ്ഞതോടെ ഹോട്ടൽ ഉടമ വെട്ടിലായി. ഫുഡ് സേഫ്റ്റി ജില്ലാ നോഡൽ ഓഫീസർ വിഷ്ണു ഷാ, സർക്കിൾ ഓഫീസർ പി.എസ്.ആദിത്യൻ, നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് സൂപ്പർവൈസർ എ.പി.രഞ്ജിത്ത് കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എസ്. പ്രമോദ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ. മധു ,ആശാ മേരി, ടി.പി.രൂപേഷ്, റവന്യു ഇൻസ്‌പെക്ടർ നാരായണ നായിക്ക് എന്നിവരാണ് പരിശോധനയ്ക്ക് എത്തിയത്. ഭക്ഷണത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
 

Latest News