ഇന്ത്യന്‍ ബഹിരാകാശ ടൂറിസത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഐ. എസ്. ആര്‍. ഒ ചെയര്‍മാന്‍ നിഷേധിച്ചു

ബംഗളൂരു- ഇന്ത്യയിലെ ബഹിരാകാശ ടൂറിസത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഐ. എസ്. ആര്‍. ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് നിഷേധിച്ചു. ഏതെങ്കിലും മാധ്യമങ്ങളുമായുള്ള അഭിമുഖത്തിലോ പരിപാടിയിലോ ഇന്ത്യയുടെ നിര്‍ദ്ദിഷ്ട ബഹിരാകാശ ടൂറിസം പദ്ധതിയെക്കുറിച്ചോ ഒരു സീറ്റിന് ആറു കോടി രൂപയെന്ന കാര്യമോ പറഞ്ഞിട്ടില്ലെന്നും അത്തരത്തിലുള്ള യാതൊരു വിശദാംശങ്ങളും പങ്കിട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഇപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ഇന്ത്യന്‍ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗന്‍യാനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ പരിപാടിയായ ഗഗന്‍യാനിന്റെ ലക്ഷ്യം ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്കുള്ള മനുഷ്യ ബഹിരാകാശ യാത്രാ ശേഷിയാണെന്നും ഇത് ഭാവിയിലെ ബഹിരാകാശ ടൂറിസം പദ്ധതിയുടെ മുന്‍ഗാമിയാണെന്നും അദ്ദേഹം പറഞ്ഞു. ഉപ ഭ്രമണപഥത്തിലെ ബഹിരാകാശ ടൂറിസം ദൗത്യങ്ങള്‍ക്ക് ഐ. എസ്. ആര്‍. ഒ സാധ്യതാ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. 

ഇന്ത്യന്‍ ലോഞ്ച് വെഹിക്കിളില്‍ ബഹിരാകാശ യാത്രികരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ഇന്ത്യയുടെ ആദ്യ ശ്രമമാണ് 'ഗഗന്‍യാന്‍'. സിസ്റ്റങ്ങളുടെ വിശ്വാസ്യതയും ദൃഢതയും പരീക്ഷിക്കുന്നതിനും തെളിയിക്കുന്നതിനുമായി ഐ. എസ്. ആര്‍. ഒ നിരവധി പരീക്ഷണങ്ങള്‍ നടത്തിവരികയാണ്. ലോക്സഭയില്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ അനുസരിച്ച് 'ഗഗന്‍യാന്‍'ന്റെ ആദ്യ പരീക്ഷണ വാഹന ദൗത്യം ടിവി-ഡി1 2023 മെയ് മാസത്തില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും രണ്ടാമത്തെ പരീക്ഷണ വാഹനം ടിവി-ഡി2 ദൗത്യവും 2024ന്റെ ആദ്യ പാദത്തില്‍ 'ഗഗന്‍യാന്‍' (എല്‍വിഎം3-ജി1)ന്റെ ആദ്യത്തെ അണ്‍ക്രൂഡ് മിഷനും നടക്കുക.

Tags

Latest News