Sorry, you need to enable JavaScript to visit this website.

പ്രാര്‍ഥന തേടി സാദിഖലി തങ്ങള്‍, കരുത്തുപകരുമെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്- മുസ്‌ലിം ലീഗ് സംസ്ഥാന സമിതിക്ക് എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ഥനകളും വേണമെന്ന് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
പുതിയകമ്മിറ്റി പാര്‍ട്ടിക്ക് കരുത്ത് പകരുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും ഫേസ്ബുക്കില്‍ കുറിച്ചു.
'പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ മഹനീയ നേതൃത്വത്തില്‍ പുതിയതായി നിലവില്‍ വന്ന മുസ്‌ലിം ലീഗ് കേരള സ്‌റ്റേറ്റ് കമ്മിറ്റിക്ക് അഭിവാദ്യങ്ങള്‍. ഏഴര പതിറ്റാണ്ടിന്റെ അഭിമാനകരമായ നിറവില്‍ നില്‍ക്കുന്ന മുസ്‌ലിം ലീഗ് പാര്‍ട്ടി പുതു ചുവടുകള്‍ക്ക് തയാറെടുക്കുന്ന കാലത്ത് സാദിഖലി തങ്ങളുടെയും പി.എം.എ സലാമിന്റെയും സി.ടി. അഹമ്മദലിയുടെയും നേതൃത്വത്തിലുള്ള കമ്മിറ്റി കരുത്ത് പകരും.
മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ തലയെടുപ്പിലെ നക്ഷത്രചിഹ്നങ്ങളിലൊന്ന് പാണക്കാട് കുടുംബത്തിന്റെ ധന്യ നേതൃത്വം തന്നെയാണ്. മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ പ്രസിഡന്റ് പദവിയില്‍ പാണക്കാട്ടെ തങ്ങന്‍മാരുടെ നേതൃതുടര്‍ച്ചക്ക് അന്‍പത് വര്‍ഷം പിന്നിട്ടു എന്നത് അഭിമാനമാണ്.
ആ മഹാപൈതൃകപാരമ്പര്യത്തിന്റെ നേതൃ മഹിമ പ്രിയപ്പെട്ട സാദിഖലി തങ്ങളിലൂടെ കണ്ണി ചേര്‍ക്കപ്പെടുന്ന സന്തോഷ നിമിഷം കൂടിയാണിത്. ഒരു പുതു വസന്തത്തിലേക്ക് ഈ മഹാ പ്രസ്ഥാനത്തെ വഴിനടത്താന്‍ തങ്ങളുടെ നേതൃത്വത്തിന് സാധിക്കും എന്നത് തീര്‍ച്ചയാണ്.
തിരഞ്ഞെടുക്കപ്പെട്ട എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും അഭിവാദ്യങ്ങള്‍- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Latest News