അക്കൗണ്ടില്‍ പണമില്ല; അസം സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാക്കള്‍ക്ക് നല്‍കിയ ചെക്ക് മടങ്ങി

ഗുവഹത്തി- സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാക്കള്‍ക്ക് അസം സര്‍ക്കാര്‍ നല്‍കിയ ചെക്കുകള്‍ മടങ്ങി. എട്ടുപേര്‍ക്ക് നല്‍കിയ ഒന്‍പത് ചെക്കുകളാണ് മടങ്ങിയത്. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് അസം സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിതരണം നടന്നത്. വെള്ളിയാഴ്ചയാണ് ജേതാക്കള്‍ ചെക്ക് ബാങ്കില്‍ നല്‍കിയത്. അതോടെയാണ് സര്‍ക്കാര്‍ അക്കൗണ്ടില്‍ പണമില്ലെന്ന് കാണിച്ച് ചെക്ക് മടങ്ങിയത്. 

ചെക്ക് മടങ്ങിയ വിവരം സംഘാടകരെ അറിയിച്ചപ്പോള്‍ അക്കൗണ്ടില്‍ മതിയായ തുകയില്ലെന്ന വിവരമാണ് അവര്‍ നല്‍കിയതെന്ന് പുരസ്‌ക്കാരം ലഭിച്ച അപരാജിത പൂജാരിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി. ടി. ഐ റിപ്പോര്‍ട്ട് ചെയ്തു. 2018ലെ മികച്ച രചനയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയത് അപരാജിത പൂജാരിയായിരുന്നു. 

സൗണ്ട് ഡിസൈന് അമൃത് പ്രീതം, സൗണ്ട് മിക്‌സിംഗിന് ദേബജിത് ചാങ്മൈ, സംവിധാനത്തിന് പ്രഞ്ജല്‍ ദേക, സൗണ്ട് ഡിസൈനും മിക്‌സിങിനുമായി ദേബജിത് ഗയാന്‍, അഭിനയത്തിന് ബെഞ്ചമിന്‍ ഡൈമറി എന്നിവര്‍ക്കെല്ലാം നല്‍കിയ ചെക്കുകളും മടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. അസം സ്റ്റേറ്റ് ഫിലിം ഫിനാന്‍സ് ആന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍  (എ. എസ്. എഫ്. എഫ്. ഡി. സി) സംഘടിപ്പിക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ കള്‍ച്ചറല്‍ അഫയേഴ്‌സ് ഡയറക്ടറാണ് ചെക്കുകളില്‍ ഒപ്പുവെക്കുന്നത്. 

ബി. ജെ. പി ഭരിക്കുന്ന അസമില്‍ സര്‍ക്കാറിന് വന്‍ നാണക്കേടാണ് സംഭവം ഉണ്ടാക്കിയത്. സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്താന്‍ സാംസ്‌കാരിക മന്ത്രി ബിമല്‍ ബോറ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സാങ്കേതിക കാരണത്താലാണ് ചെക്കുകള്‍ മടങ്ങിയതെന്നും ആദ്യ ദിവസം 18 ലക്ഷം രൂപയുടെ ചെക്കുകള്‍ ക്ലിയര്‍ ചെയ്‌തെങ്കിലും രണ്ടാം ദിവസം എട്ട് പേരുടെ ഒമ്പത് ചെക്കുകള്‍ മടങ്ങിയെന്നും എ. എസ്. എഫ്. എഫ്. ഡി. സി ഔദ്യോഗികമായി അറിയിച്ചു. തകരാര്‍ പരിഹരിച്ചതായും ചെക്ക് മടങ്ങിയവരോട് അവ ബാങ്കില്‍ വീണ്ടും നിക്ഷേപിക്കാന്‍ അറിയിച്ചതായും എ. എസ്. എഫ്. എഫ്. ഡി. സി പറഞ്ഞു.

Latest News