Sorry, you need to enable JavaScript to visit this website.

കാമുകന്‍ ലഹരിക്കടിമയാണെന്ന് തിരിച്ചറിഞ്ഞ് പിന്മാറിയത് കൊലപാതകത്തിന് കാരണമായി 

ചെന്നൈ- പ്രണയത്തില്‍ നിന്ന് പിന്മാറിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. രാധാപുരം സ്വദേശിനി ധരണിയെയാണ് മുന്‍ കാമുകന്‍ മധുരപ്പാക്കം സ്വദേശിയായ ഗണേഷ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ചെന്നൈ കെ കെ റോഡിലുള്ള സ്വകാര്യ നഴ്‌സിംഗ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ധരണി. യുവതിയും ഗണേഷും കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. കാമുകന്‍ ലഹരിക്കടിമയാണെന്ന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് യുവതി തിരിച്ചറിഞ്ഞത്. ഇതോടെ ബന്ധത്തില്‍ വിള്ളല്‍ വീണു. യുവതി തന്നില്‍ നിന്ന് അകന്നതിലുള്ള പ്രതികാരമാണ് അരുംകൊലയിലേക്ക് നയിച്ചത്.
കഴിഞ്ഞ മാസമാണ് ധരണി ലീവിന് നാട്ടിലെത്തിയത്. യുവതിയെ കാണാന്‍ ഗണേഷ് ശ്രമിച്ചെങ്കിലും നടന്നില്ല. വ്യാഴാഴ്ച രാത്രി വിളിച്ചപ്പോള്‍ താന്‍ കോളേജിലേക്ക് മടങ്ങിയതായി യുവതി അറിയിച്ചിരുന്നു. എന്നാല്‍ ഇത് കള്ളമാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രകോപിതനായ പ്രതി യുവതിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. വാക്കത്തി കൊണ്ടാണ് വെട്ടിയത്. നിലവിളികേട്ട് വീട്ടുകാരും അയല്‍ക്കാരും ഉടനെ ഓടിയെത്തിയെങ്കിലും ഗുരുതരമായി പരിക്കേറ്റ യുവതി സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു.

Latest News